“ശബരിമലയിൽ പത്ത് വയസ്സുള്ള പെൺകുട്ടിയെ കയറ്റരുതെന്നു പറയുന്ന നെറികേടിനെ ചോദ്യം ചെയ്താൽ അവൾ അവിശ്വാസിയാകുന്നില്ല”; ഡോ സന്ധ്യ റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വെെറലാകുന്നു

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ കൊടുമ്പിരിക്കൊള്ളുകയാണ് കേരളത്തില്‍. കോടതി വിധിയെ മാനിച്ച് സ്ത്രീ പ്രവേശനം സാധ്യമാക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമ്പോ‍ഴുെം ഒരു വിഭാഗം രാഷ്ട്രീയ മുതലെടുപ്പിനായി, ശബരിമല സ്ത്രീപ്രവേശനത്തെ ദുരുപയോഗം ചെയ്യുകയാണ്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കണമെന്ന ഉറച്ച നിലപാടുമായി നിരവധി സ്ത്രീകളാണ് രംഗത്തെത്തിയിട്ടുള്ളത്.  ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലപാടു വ്യക്തമാക്കുന്ന ഗോവ സാല്‍ഗോക്കര്‍ കോളേജ് ഓഫ് ലോയിലെ പ്രൊഫസര്‍ ഡോ സന്ധ്യ റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വെെറലാകുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

കമ്മ്യൂണിസ്റ്റുകാരനായ ഒരച്ഛന്റേയും ഭക്തയായ ഒരമ്മയുടേയും മകളായി ജനിച്ചതു കൊണ്ടു തന്നെ ഇതു രണ്ടും രണ്ട് ധ്രുവങ്ങളല്ലെന്നും നന്മയുടെയും മനുഷ്യ സ്നേഹത്തിന്റെയും രണ്ട് മാർഗ്ഗങ്ങളാണെന്നും, അക്ഷരങ്ങൾക്കും മുമ്പേ മനസ്സിൽ പതിഞ്ഞ പാഠങ്ങളാണ്.

വീട്ടിൽ ജോലിക്കു വരുന്നവർക്ക് പ്രത്യേകം പാത്രമോ ഇരിക്കാനിടമോ ഉണ്ടായിരുന്നില്ല അച്ഛന്റെ വീട്ടിൽ. അവരൊക്കെയും വീട്ടുകാരെപോലെ തന്നെ അടുക്കള ബെഞ്ചിൽ ഇരുന്ന് മേശപ്പുറത്ത് വെച്ച പാത്രത്തിൽ നിന്നു തന്നെയാണ് ഭക്ഷണം കഴിച്ചിരുന്നത്. അച്ഛമ്മ തീവ്രഭക്തയായിരുന്നു, കമ്മ്യൂണിസം മനുഷ്യ സ്നേഹമാണെന്നറിഞ്ഞ കൃഷ്ണഭക്ത. അപ്പാപ്പൻ കമ്മ്യൂണിസ്റ്റായ സ്വാതന്ത്രസമരസേനാനിയും.

എന്റെ അമ്മയാകട്ടേ ഭക്തിയിൽ സാഹിത്യാസ്വാദനം അലിയിച്ചു ചേർത്തവർ .. ശ്രീ ശങ്കരന്റെ സൗന്ദര്യലഹരി മനപാഠമാക്കി ചൊല്ലി ഭക്തിയിൽ ലയിക്കുന്നവർ. ഇന്നും അമ്മൻകോവിലിൽ ദീപാരാധനയ്ക്ക് പോകും മുമ്പ് ധൃതി പിടിച്ച് ചൂട് ഇഡ്ലിയും സാമ്പാറും ഒരു പൊതി കെട്ടി ആർക്കോ കൊണ്ടു പോകുന്നവർ, സ്വതന്ത്രചിന്തയിൽ വിരാജിക്കുന്നവർ, തന്റെ ഭക്തിയുടെ അതിരും വരമ്പും ഒരു മതവാദത്തിനും തീറെഴുതി കൊടുക്കാത്തവർ.

ആരും വരച്ചിടുന്ന കളത്തിൽ ഇരിയ്ക്കില്ലെങ്കിലും ഞാനും ഒരു ഈശ്വരവിശ്വാസിയാണ്. എന്നാൽ ഒരു ഹ്യൂമാനിസ്റ്റുമാണ് .. ( ഇത് രണ്ടും എങ്ങനെ ഒത്തു പോകും എന്ന സംശയം ന്യായം. ആ ഫിലോസഫി പിന്നീടെഴുതാം.. ചിലതെഴുതാൻ മലയാളം വഴങ്ങില്ലാന്നൊരു തോന്നൽ)

അതു കൊണ്ട് തന്നെ ഇടതുപക്ഷ ചിന്തകളോടാണ് യോജിപ്പ്. ഞാൻ മാത്രമല്ല എത്രയോ എത്രയോ പേർ, പ്രത്യേകിച്ചും സ്ത്രീകൾ എന്നെ പോലെയാണ്, ഇടതുപക്ഷവുമാണ് , ഈശ്വരവിശ്വാസികളുമാണ്.
അതിലിത്ര നെറ്റി ചുളിക്കാനൊന്നുമില്ല. മതാതിഷ്ഠിതമായ സ്ഥാപനങ്ങളുടെ അധികാര വാഴ്ചയെയാണ്, പൗരോഹിത്യ മേൽക്കോയ്മയെയാണ്, ദൈവത്തെ കവചമാക്കിയുള്ള ബൗദ്ധിക അടിമത്തത്തെയാണ്, ചൂഷണത്തെയാണ് എക്കാലത്തും സാമൂഹ്യനീതിക്കു വേണ്ടി നിലനിന്നിട്ടുള്ള എല്ലാ ഇസങ്ങളും എതിർത്തിട്ടുള്ളത് , അല്ലാതെ മനുഷ്യന് ദൈവത്തിൽ വിശ്വസിക്കാനോ ആരാധിക്കാനോ ഉള്ള സ്വാതന്ത്ര്യത്തെയല്ല ..

പറഞ്ഞു വന്നത് ഒരു ഇടതു പക്ഷചിന്താഗതിയുള്ള വ്യക്തി ഈശ്വരവിശ്വാസിയായാൽ ദൈവകോപമൊന്നും ഉണ്ടാവില്ല. ശബരിമലയിൽ പത്ത് വയസ്സുള്ള പെൺകുട്ടിയെ കയറ്റരുതെന്നു പറയുന്ന നെറികേടിനെ ചോദ്യം ചെയ്താൽ അവൾ ദൈവ വിശ്വാസി അല്ലാതാകുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News