അടുത്ത വര്‍ഷം മുതല്‍ കൊച്ചി-കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളാക്കാന്‍ തീരുമാനം

മലപ്പുറം: അടുത്ത വര്‍ഷം മുതല്‍ കൊച്ചിയും കരിപ്പൂരും വിമാനത്താവളങ്ങള്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളാക്കാന്‍ തീരുമാനം. ഏത് വിമാനത്താവളം വഴി യാത്രചെയ്യാമെന്ന് തീര്‍ത്ഥാടകര്‍ക്ക് തീരുമാനിക്കാന്‍ അവസരമുണ്ടാകും.

നാലുവര്‍ഷംമുമ്പ് കൊച്ചിയിലേക്ക് മാറ്റിയ ഹജ്ജ് എമ്പാര്‍കേഷന്‍ അടുത്തവര്‍ഷം മുതല്‍ കരിപ്പൂരില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് രണ്ട് കേന്ദ്രങ്ങളും നിലനിര്‍ത്തും.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കോഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍ എന്നിവര്‍ കഴിഞ്ഞദിവസം മുബൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡോ. മഖ്‌സൂദ് അഹമ്മദ്ഖാന്‍ ഡപ്യൂട്ടി സി ഇ ഒ സഈദ് എന്നിവര്‍ ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ യാത്ര ഇത്തവണ ആദ്യസെഷനില്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ആദ്യം മദീനയിലെത്തി മക്കയില്‍നിന്നായിരിക്കും ഇത്തവണത്തെ മടക്കയാത്ര. ഇത്തവണമുതല്‍ ഒരുകവറില്‍ അഞ്ചുപേര്‍ക്ക് അപേക്ഷിക്കാം.

കഴിഞ്ഞ വര്‍ഷം ഇത് നാലാക്കിക്കുറച്ചിരുന്നു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സിവില്‍ സര്‍വീസ് എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രം ആരംഭിക്കാനും ഹജ്ജ് പരിശീലന കേന്ദ്രം കൂടുതല്‍ സൗകര്യങ്ങളോടെ ആരംഭിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here