നവകേരള നിർമ്മാണം; ആദ്യഘട്ട പദ്ധതിരേഖയായി; പൊതു ലക്ഷ്യത്തിലേക്ക്‌ ഐക്യത്തിന്റെ കരുത്തിൽ മുന്നേറാൻ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി

പ്രളയം തകർത്ത കേരളത്തിന്റെ നവനിർമ്മാണമെന്ന പൊതു ലക്ഷ്യത്തിലേക്ക്‌ ഐക്യത്തിന്റെ കരുത്തിൽ മുന്നേറാൻ നമുക്ക്‌ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കാലവർഷക്കെടുതിയിൽ സംഭവിച്ച നഷ്‌ടങ്ങൾ നികത്തുന്നതിനൊപ്പം നാടിന്റെ പൂർണമായ വികസനമാണ്‌ നവകേരള നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്‌. അതിനായുള്ള ആദ്യഘട്ട രൂപരേഖയും ഉപദേശകസമിതികളും രൂപീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചുവപ്പുനാടയിൽ കുടുങ്ങാതെയുള്ള പ്രവർത്തനമികവാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌. സമയബന്ധിതവും ശാസ്‌ത്രീയവുമായി പുനർനിർമ്മാണ പദ്ധതികൾ നടപ്പാക്കാനാകണം

നീതിപൂർവകമായ പുനരധിവാസവും അടിസ്‌ഥാന സൗകര്യവികസനവുംതന്നെയാണ്‌ പ്രധാനമായുള്ളത്‌. അവയുടെ ദീർഘകാല നിലനിൽപ്പ്‌, അതിനുള്ള മികച്ച സാങ്കേതിക വിദ്യ എന്നിവയും പ്രധാനമാണ്‌. ഇതിനുള്ള നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്‌.

ഇനിയും കൂടുതൽ നിർദ്ദേശങ്ങൾ സ്വാഗതാർഹമാണ്‌. യുവജനങ്ങൾ നൂതന ആശയങ്ങൾ പങ്കുവെക്കുന്നുണ്ട്‌. നിർദ്ദേശങ്ങളും വിവിധ മേഖലയിലെ അനുഭവ പരിചയം സമന്വയിപ്പിച്ച്‌ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകും.

പദ്‌ധതി നിർവഹണത്തിനുള്ള സംഘടനാ സംവിധാനത്തിന്റെ മുഖ്യ ചുമതല മന്ത്രിസഭക്കാണ്‌. എല്ലാ പദ്ധതിക്കും മന്ത്രിസഭയുടെ അനുമതിവേണം. ഇത്‌ കൂടാതെ മുഖ്യമന്ത്രി ചെയർമാനായി ഉപദേശക സമിതി രൂപികിരിച്ചിട്ടുണ്ട്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കേന്ദ്രമന്ത്രി അൽഫോൺസ്‌ കണ്ണന്താനം എന്നിവരും റവന്യു, ജലവിഭവ, ഗതാഗത, തുറമുഖ വകുപ്പ്‌ മന്ത്രിമാരും സമിതിയിൽ അംഗങ്ങളാണ്‌.

കൂടാതെ ചീഫ്‌ സെക്രട്ടറി, ആസൂത്രണബോർഡ്‌ വൈസ്‌ ചെയർമാൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന വികെഎ നായർ, കേന്ദ്ര സെക്രട്ടറി കെ എൻ ചന്ദ്രശേഖർ, വിവിധ മേഖലകളെ പ്രതിനിധീകരിച്ച്‌ ബൈജുസ്‌ ആപ്പ്‌ സ്‌ഥാപകൻ ബൈജു, ഹഡ്‌കോ സിഎംഡി സുരേഷ്‌ , മുരളി തുമ്മാരുകുടി, കെ പി കണ്ണൻ, എം എ യുസഫലി, ആരിസ്‌ എന്നിവരും അംഗങ്ങളാണ്‌.

ഉപദേശക സമിതിക്ക്‌ പുറമെ ഉന്നതതല അധികാര സമിതിയും മൂന്നംഗ നിർവഹണ സമിയും രൂപീകരിച്ചു. ചീഫ്‌ സെക്രട്ടറിക്ക്‌ പുറമെ വകുപ്പ്‌ സെക്രട്ടറിമാർ അധികാരസമിതിയിൽ ഉണ്ടാകും. ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ ഡോ. വി വേണുവിനാണ്‌ സമിതിയുടെ ചുമതല.

നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ സാധന സാമഗ്രികളുടെ കേന്ദ്രീകൃത ശേഖരണവും അവയുടെ ഗുണമേൻമ, കൈമാറ്റത്തിലെ സുതാര്യത എന്നിവയെല്ലാം ഉറപ്പാക്കുന്നത്‌ ഈ സമിതിയാണ്‌. പദ്ധതി നിർവ്വഹണ സമയത്തുതന്നെ സ്വതന്ത്ര തേഡ്‌ പാർടി എജൻസിയെക്കൊണ്ട്‌ ഓഡിറ്റിങും നടത്തും.

ധനശേഖരണം തന്നെയാണ്‌ എറ്റവും വലിയ വെല്ലുവിളി. പല കേന്ദ്രങ്ങളിൽ നിന്നായി നിരവധി സഹായമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌ . ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും സഹായങ്ങൾ വാഗ്‌ദാനങ്ങൾ ഇനിയുമുണ്ട്‌. എന്നാൽ നമ്മുടെ ആവശ്യവും വലുതാണ്‌.

സംസ്‌ഥാന ബജറ്റിൽ പ്രഖ്യപിച്ച പദ്ധതികളുടെ പുനക്രമീകരണം, വായ്‌പാ പരിധി ഉയർത്തൽ , ദുരന്തനിവാരണത്തിനുള്ള കേന്ദ്ര വിഹിതം , കേന്ദ്രസർക്കാർ പദ്ധതി വിഹിതം, ലോകബാങ്ക്‌, എഡിബി എന്നിവയുടെ സഹായം കൂടാതെ ക്രൗഡ് ഫണ്ടിംഗിന് , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയാണ്‌ പ്രധാനമായും ആശ്രയിക്കാനാവുന്നത്‌. ജപ്പാൻ സഹായം, നബാർഡ്‌, ഹഡ്‌കോ സഹായം എന്നിവയും പ്രതിക്ഷിക്കുന്നുണ്ട്‌.

ലോകത്തിന്റെ എത്‌ ഭാഗത്തുനിന്നും നവകേരള നിർമ്മണത്തിൽ പങ്കാളിയാകാനുള്ള അവസരമാണ്‌ ക്രൗഡ് ഫണ്ടിംഗിന് നൽകുന്നത്‌. അതിനായുള്ള പോർട്ടൽ www.rebuild.kerala.gov.in സജ്ജമായി. അതിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

തകര്‍ന്ന മേഖലകളുടെ പുനര്‍നിര്‍മ്മാണത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായുള്ള പദ്ധതികള്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള സംസ്ഥാനസര്‍ക്കാറിന്റെ വെബ് പോര്‍ട്ടല്‍ ആണിത്‌. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here