ദുരന്തബാധിതര്‍ക്ക് കൈതാങ്ങായി കുടുംബശ്രീ; റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം അയല്‍ക്കൂട്ടങ്ങളില്‍ നടപ്പാക്കി കുടുംബശ്രീ

താമരശേരി: സര്‍ക്കാര്‍ പ്രഖ്യാപിച്ച തിരിച്ചടവ് ഉറപ്പാക്കികൊണ്ടുള്ള വായ്പ പദ്ധതിയായ റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം അയല്‍ക്കൂട്ടങ്ങളില്‍ നടപ്പാക്കി കുടുംബശ്രീ അംഗങ്ങള്‍ക്ക് കൈതാങ്ങ് ആകുകയാണ് പുതുപ്പാടി കുടുംബശ്രീ സിഡിഎസ്.

പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 10,000 രൂപ ലഭിച്ച കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ഈ വായ്പ ലഭിക്കുക.

അഫിലിയേഷനുള്ള 9 അയല്‍ക്കൂട്ടങ്ങളിലെ 17 അംഗങ്ങളാണ് ഈ വായ്പക്ക് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ ലഭിച്ചു സിഡിഎസ് പരിശോധിച്ച് ബാങ്കില്‍ സമര്‍പ്പിച്ചതിന്റെ ഭാഗമായി അടിവാരം കനറ ബാങ്കാണ് ആദ്യം വായ്പ അനുവദിച്ചത്.

ഇപ്പോള്‍ 2 അയല്‍ക്കൂട്ടങ്ങളിലെ 4 അംഗങ്ങള്‍ക്കാണ് 4,00,000 ലക്ഷം രൂപ അനുവദിച്ചത്. ഈ തുക 3 മുതല്‍ 4 വര്‍ഷം കൊണ്ടാണ് തിരിച്ചടക്കേണ്ടത്.

പ്രളയത്തില്‍ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍, വാങ്ങുന്നതിനൊ വീടിന്റെ ചെറിയ അറ്റകുറ്റപ്പണികള്‍ക്കായി സാധനങ്ങള്‍ വാങ്ങുന്നതിനൊ നഷ്ടമായ ഉപജീവനോപാധികള്‍ നേടുന്നതിനൊ വായ്പ തുക ഉപയോഗിക്കാവുന്നതാണ്.

പരമാവധി ഒരു ലക്ഷം രൂപയാണ് അനുവദിക്കുക. വായ്പയുടെ പലിശ 9 ശതമാനം ആണ്. പലിശ അടക്കം ആദ്യം വീഴ്ച കൂടാതെ വായ്പ അടച്ചൂതീര്‍ക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പലിശ തുക സബ്സിഡിയായി നല്‍കും.

വായ്പ തിരിച്ചടവിന് മനപൂര്‍വം വീഴ്ച വരുത്തുന്നവരെ പ്രത്യേക പട്ടികയില്‍ പെടുത്തുകയും തുടര്‍ന്നുള്ള സര്‍ക്കാരിന്റെ എല്ലാ പദ്ധതിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും.

ഇപ്പോള്‍ നിലവില്‍ കുടുംബശ്രീ അംഗമല്ലാത്തവര്‍ക്ക് കുടുംബശ്രീയില്‍ അംഗത്വം എടുത്ത് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

സിഡിഎസ് സമര്‍പ്പിച്ച അപേക്ഷ പ്രകാരം അടിവാരം മുപ്പതേക്ര വാര്‍ഡിലെ അനാമിക അയല്‍ക്കൂട്ടത്തിലെ പി.സി.തങ്കത്തിനും, സതീദേവിക്കും ചെക്ക് നല്‍കി അടിവാരം കനറബാങ്ക് മാനേജര്‍ എ എം ബാലന്‍ ചെക്ക് നല്‍കി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

സിഡിഎസ് ചെയര്‍പേഴ്സണ്‍ സീന ചന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷീബ സജി, അയല്‍ക്കൂട്ട ഭാരവാഹികളായ സുശീല, അജയഘോഷ്,സുഹറാബി എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here