ശബരിമല സ്ത്രീപ്രവേശനം; വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി; ചിലരുടെ കോപ്രായങ്ങള്‍ കൊണ്ടൊന്നും ചൂളിപ്പോകുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളത്; ശബരിമലയെ കലാപഭൂമിയാക്കാനായിരുന്നു സംഘപരിവാര്‍ ലക്ഷ്യം

കേരളത്തിലെ മതനിരപേക്ഷത തകര്‍ക്കാന്‍ ഒരു ശക്തികളെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച് ചേരിതിരിവുണ്ടാക്കുക എന്ന ആര്‍എസ്എസ് നിലപാടു തന്നെയാണ് ശബരില വിഷയത്തിലും ഉണ്ടായിരിക്കുന്നത്.

ബിജെപിയിലേക്ക് ആളുകളെ എത്തിച്ചുകൊടുക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ ബിജെപിയെ ഇടത്താവളമായി കാണുകയാണ്. പ്രഖ്യാപനങ്ങള്‍ കണ്ട് വിളറിപ്പോകുന്ന സര്‍ക്കാരല്ല, സംസ്ഥാനം ഭരിക്കുന്നതെന്നും പിണറായി കോട്ടയത്ത് പറഞ്ഞു.

കോട്ടയത്ത് നടന്ന എല്‍ഡിഎഫ് മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യപരിഷ്‌കരണങ്ങള്‍ക്കെതിരെ എല്ലാക്കാലത്തും യാഥാസ്ഥിതിക വാദികള്‍ പ്രക്ഷോഭം ഉയര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞ പിണറായി വിജയന്‍ പ്രതിഷേധം കണ്ട് നിലപാടുകള്‍ തിരുത്തിയിരുന്നെങ്കില്‍ ഇന്നത്തെ കേരളം ഉണ്ടാവുമായിരുന്നോ എന്നും ചോദിച്ചു.

ആര്‍എസ്എസും ബിജെപിയും കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി ആളുകളെ ഒപ്പം ചേര്‍ക്കാനാണ് ആര്‍എസ്എസ് എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്.

ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശത്തേക്കാള്‍ വലുത് വിശ്വാസമാണെന്നാണ് ആര്‍എസ്എസ് പറയുന്നത്. എന്നാല്‍ മതനിരപേക്ഷത എന്നും സംരക്ഷിച്ചു പോകുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ മതനിരപേക്ഷത തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതിയില്‍ കേസ് നടക്കുമ്പോള്‍ കോടതിക്ക് പുറത്ത് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചവരാണ് ബിജെപിയും കോണ്‍ഗ്രസ്. വിധിയെ ചരിത്ര വിധിയെന്ന് ഇവരുടെ നേതാക്കള്‍ പലരും വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവര്‍ നിലപാട് മാറ്റി.

ബിജെപിയിലേക്ക് ആളുകളെ തള്ളി വിടുകയാണ് കോണ്‍ഗ്രസ്. കേരളത്തില്‍ ബിജെപിയെ ഇടത്താവളമായാണ് കോണ്‍ഗ്രസ് കാണുന്നത്. ഇത് ആത്മഹത്യാപരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

പമ്പയിലേതുപോലെ ഇത്രക്രൂരമായി സംസ്ഥാനത്ത് മുമ്പൊരിക്കലും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടില്ല. പരിശീലനം ലഭിച്ച ഒരു സംഘം ക്രിമിനലുകളാണ് ആക്രമണം നടത്തിയതും സന്നിധാനത്ത് തമ്പടിച്ചതും.

ചോരവീഴ്ത്തിയും നടയടപ്പിക്കാന്‍ തയ്യാറായി സംഘം സന്നിധാനത്തുണ്ടായിരുന്നുവെന്ന് സമരനേതാവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടുണ്ട്. എന്തിന് ആര്‍ക്കെതിരെയാണ് സമരമെന്നും പിണറായി ചോദിച്ചു.

പ്രതിഷേധിക്കാനുള്ള ആരുടെയും സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല. എന്നാല്‍ വിശ്വാസികളെ തടഞ്ഞപ്പോഴാണ് പൊലീസ് ഇടപെട്ടത്. ഭരണഘടനയ്ക്ക് മുകളിലാണെന്ന വാദത്തെ അനുകൂലിക്കുന്ന ചില ന്യൂനപക്ഷങ്ങള്‍ ബാബറി മസ്ജിദ് വിഷയത്തില്‍ എന്ത് സംഭവിക്കും എന്ന് ചിന്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ശബരിമലയെ സംരക്ഷിക്കാനും കൂടുതല്‍ ഔന്നിത്യത്തിലേക്കുയര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമം. ചിലയിടത്ത് കേന്ദ്രീകരിച്ച് ചില സംഭവങ്ങള്‍ നടത്താമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം കോപ്രായങ്ങള്‍ കൊണ്ടൊന്നും ചൂളിപ്പോകുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളത്. ആര്‍എസ്എസിന്റെ ഉദേശങ്ങള്‍ അറിയുന്ന ചില വിഭാഗങ്ങള്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെജെ തോമസ്, ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News