ചിണ്ടൻ നേണിക്കം ഉറഞ്ഞാടിയത് മൂന്ന് മുച്ചിലോട്ട് ഭഗവതികൾ; ഇപ്പോൾ തളർവാതത്തിന്റെ തെയ്യക്കളരിയിൽ പിച്ചവയ്ക്കുന്നു

വടക്കൻ കേരളത്തിൽ ഒരു തെയ്യാട്ടക്കാലം കൂടി വരാനിരിക്കെയാണ് ഒരു കാലഘട്ടത്തെ ഇളക്കിമറിച്ച പ്രതിഭാധനനായ ഒരു തെയ്യം കലാകാരന്റെ അരങ്ങിന് പിന്നിലേക്ക് മറഞ്ഞ ജീവിതം ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

വടക്കുള്ളവർക്ക് ചിണ്ടൻ നേണിക്കം എന്ന് കേട്ടാൽ ഒരു കാലത്ത് ഉറഞ്ഞു തുള്ളുന്ന ഉഗ്രൻ തെയ്യങ്ങളുടെ മറു പേരായിരുന്നു. ഒരായുസ്സിൽ ഒരു മുച്ചിലോട്ട് ഭഗവതി തന്നെ തെയ്യക്കാർക്ക് ലഭിക്കുന്ന സൗഭാഗ്യമാണ്. എന്നാൽ ചിണ്ടൻ നേണിക്കം കെട്ടിയാടിയത് മൂന്ന് മുച്ചിലോട്ട് ഭഗവതിയാണ്.

കളിയാട്ടക്കാലങ്ങൾ നാട്ടിൽ വന്നും പോയുമിരിക്കുമ്പോൾ അറിയാതെ അണിയറക്ക് പിന്നിലേക്ക് മറഞ്ഞ് പോകുന്ന എത്ര കലാകാരന്മാരെ നമ്മൾ ഓർക്കുന്നു?

ഇതാ ചിണ്ടൻ നേണിക്കത്തെക്കുറിച്ചുള്ള
ഡോ. ഇ ഉണ്ണികൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റ്.

“ചിണ്ടൻ നേണിക്കം ഇന്ന് വീട്ടിൽ വന്നു. മൂന്നു മുച്ചിലോട്ട് പോതി കെട്ടിയ ,ഫോക് ലോർ അക്കാദമി അവാർഡ് ,ഗുരുപൂജ അവാർഡ് നേടിയ തെയ്യം കലാകാരനാണ്., കെട്ടിമുറുക്കിയാടുന്ന എല്ലാ ദേവനർത്തകനും ലഭിക്കുന്ന ഒടുവിലെ സമ്മാനമായ തളർവാതത്തിൽ നിന്ന് പഴയ തെയ്യക്കളരിയിൽ നിന്നും നേടിയ മെയ്യുേറപ്പിന്റെ ബലത്തിൽ മാത്രം പതുക്കെ പിച്ചവെച്ചു നടക്കാൻ തുടങ്ങിയിരിക്കുന്നു ഈ കലാകാരൻ . കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ പെൻഷൻ ആറു മാസമായി കിട്ടുന്നില്ലെന്ന പരാതി അധികൃതരിലേക്കെത്തിക്കാനുളള ആവശ്യവുമായാണ് ഇന്നത്തെ വരവ്.

തെയ്യപ്പറമ്പിലെ ഒരു പാട് അനുഭവങ്ങൾ നേണിക്കം പറഞ്ഞിട്ടുണ്ട്. പല തോറ്റം പാട്ടുകളും ചാലു വഴക്കങ്ങളും പറഞ്ഞു തന്നിട്ടുണ്ട്.

പഴയൊരു മനുഷ്യ സ്നേഹത്തിന്റെ ,തൊഴിൽ സഹവർത്തിത്വത്തിന്റെ കഥ പറഞ്ഞു ഇന്ന് നേണിക്കം.
കണ്ടോത്തെ ഒരു കാവിൽ നേണിക്കത്തിന്റെ പുതിയ ഭഗവതി. മലയൻ പണിക്കരുടെ തീച്ചാമുണ്ഡി. തീച്ചാമുണ്ഡി നൂറ്റൊന്നു പ്രാവശ്യം തീയിൽ വീഴണം. എന്നാലും തൃപ്തി വരില്ല സംഘാടകർക്ക്. ആചാരമാണ്.മലയന്റെ ഉള്ളിറച്ചി കരിഞ്ഞാലും പാലിക്കപ്പെടണം’.

പനി പിടിച്ച് അവശനായ പണിക്കർക്ക് ആചാര രക്ഷക്കായി ഒറ്റക്കോലം കെട്ടേണ്ടി വന്നു. പത്തു മുപ്പതു പ്രാവശ്യം പണിക്കർ ആൾ പൊക്കമുള്ള ആഴിയിൽ വീണു ചടങ്ങൊപ്പിച്ചു. പുരുഷാരത്തിന്റെആരവം. തീച്ചാമുണ്ഡി അല്ല, ഉടയാടയ്ക്കുള്ളിലെ പച്ചമനുഷ്യൻ നോക്കിയ ആ നോട്ടം ഇന്നും നേണിക്കത്തിന്റെ മനസിലുണ്ട്. തെയ്യത്തിന്റെ കൃഷ്ണ മിഴികൾ മറഞ്ഞു പോകുന്നത് ഭഗവതിയെ കണ്ടുള്ളു. പോയി കൈ പിടിച്ചു.

ഭഗവതിക്ക് തൃപതിയായി എന്നു പറഞ്ഞു. പുരുഷാരത്തിന് തൃപ്തിയായില്ലെങ്കിലും ഭഗവതിക്ക് തൃപ്തിയായി. ആഴി പ്രവേശം നിർത്തി . അനേകം തീ നടപ്പുകളിലൂടെ പഴുത്തു ദ്രവിച്ച പണിക്കർ മുന്നാലുവർഷം മുമ്പെ തീപ്പെട്ടു പോയി. തെയ്യപ്പറമ്പുകളിൽ അന്യോന്യം കണ്ടുമുട്ടുമ്പോഴെല്ലാം ,കോലമായി അഭിമുഖപ്പെടുമ്പോഴെല്ലാം ആ നിമിഷം എന്നും ഓർമയിലുണ്ടായിരുന്നുവെന്ന് ചിണ്ടൻ നേണിക്കം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News