ബിജെപിയുടെ ശബരിമല സമരം വിശ്വാസത്തിനു വേണ്ടിയല്ല; വോട്ടിനു വേണ്ടി: കോടിയേരി

ശബരിമലയെ മറ്റൊരു അയോധ്യയാക്കാനുള്ള മാസ്റ്റർ പ്ലാനാണ് ബിജെപിയും ആർഎസ്എസും ആവിഷ്കരിച്ചിരുന്നത്. തുലാമാസപൂജകൾക്കായി ശബരിമല ക്ഷേത്രം തുറക്കുന്ന വേളയിൽ വിശ്വാസത്തിന്റെ പേരിൽ സംസ്ഥാനത്ത് വർഗീയലഹളയുണ്ടാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

അതിനുവേണ്ടി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി മൂവായിരത്തോളം ക്രിമിനലുകളെ ഉൾപ്പെടെ ശബരിമല കാട്ടിനകത്തും പുറത്തുമായി തമ്പടിപ്പിച്ചു. അവർ കാട്ടിക്കൂട്ടിയ അക്രമങ്ങൾക്കും വിക്രിയകൾക്കും സമാനതകളില്ല. മലകയറാൻ വന്ന 50 കഴിഞ്ഞ സത്രീകളെപ്പോലും ഉപദ്രവിച്ചു.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിനുവേണ്ടി യുവതികൾക്ക് സംരക്ഷണം നൽകാനുള്ള നിയമബാധ്യത നടപ്പാക്കാൻ പരിശ്രമിച്ച പൊലീസിനെയും മാധ്യമപ്രവർത്തകരെയും നിഷ്‌ഠൂരമായി ആക്രമിച്ചു. ഏഴ് വനിതാ മാധ്യമപ്രവർത്തകരെ ശാരീരികമായി കൈയേറ്റംചെയ്തു. ചാനലുകളുടെ ക്യാമറകളും മൈക്കുകളും വിവിധ മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും തല്ലിത്തകർത്തു.

സംഘപരിവാർ അക്രമികളുടെ കൊലക്കത്തിയുടെ മുനയിൽനിന്ന‌് രക്ഷനേടാൻ ശബരിമല ക്ഷേത്രം അടയ്ക്കുന്ന ദിവസം മാധ്യമങ്ങൾ മണിക്കൂറുകൾക്കുമുമ്പേ അവിടെനിന്ന‌് കൂട്ടത്തോടെ മാറിപ്പോയി. ശബരിമലയിൽ കുരുതിക്കളം തീർക്കാനും നാട്ടിൽ വർഗീയലഹളയുണ്ടാക്കാനും നോക്കിയത് വിശ്വാസം സംരക്ഷിക്കാനല്ല.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റും വോട്ടും നേടാനുള്ള നീച രാഷ്ട്രീയതന്ത്രമാണ് സംഘപരിവാർ പയറ്റിയത്. പ്രബുദ്ധരായ വിശ്വാസികളുടെയും മതനിരപേക്ഷശക്തികളുടെയും ഇടപെടലും പൊലീസിന്റെയും സർക്കാരിന്റെയും ജാഗ്രതാപൂർണമായ നടപടികളുംകാരണം മാസ്റ്റർപ്ലാൻ നടപ്പാക്കാൻ സംഘപരിവാറിന് കഴിയാതെവന്നു.

പക്ഷേ, ഇക്കൂട്ടർക്ക് പ്രത്യക്ഷമായും പരോക്ഷമായും ശക്തിപകരുന്നതായി കോൺഗ്രസിന്റെയും യുഡിഎഫ് കക്ഷികളുടെയും നിലപാടുകൾ. ഇത് തിരിച്ചറിയാൻ നവോത്ഥാനചരിത്രത്തിൽ പങ്കുവഹിച്ചിട്ടുള്ള ചില സമുദായ സംഘടനകൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

വിധി നടപ്പാക്കണമെന്ന‌് കേന്ദ്രം
ശബരിമല സ്ത്രീപ്രവേശന വിധി തിടുക്കപ്പെട്ട് നടപ്പാക്കാൻ ശ്രമിച്ചെന്ന ആക്ഷേപമാണ് സംസ്ഥാന സർക്കാരിനും സിപിഐ എമ്മിനുമെതിരെ ബിജെപിയും കേരളത്തിലെ കോൺഗ്രസും ഉന്നയിക്കുന്നത്. വിധി നടപ്പാക്കരുതെന്ന് ബിജെപിയുടെ കേന്ദ്രഭരണത്തെ നയിക്കുന്ന പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഉപദേശിച്ചോ ? വിധി നടപ്പാക്കണമെന്നല്ലേ കേന്ദ്രമന്ത്രി മേനകാ ഗാന്ധി പറഞ്ഞത്.

പട്ടാളത്തെ ഇറക്കിയിട്ടാണെങ്കിലും സ്ത്രീകൾക്ക് ദർശനസൗകര്യം ഉറപ്പാക്കണമെന്നാണല്ലോ ബിജെപി എംപി സുബ്രഹ്മണ്യൻസ്വാമി ആവശ്യപ്പെട്ടത്. വിധിക്കെതിരെ ഒരുവിഭാഗം പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ടെന്നും ഈ സാഹചര്യം മനസ്സിലാക്കി സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾക്ക് സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കണമെന്നുമാണ് സംസ്ഥാന സർക്കാരിനോട് കേന്ദ്രസർക്കാർ രേഖാമൂലം നിർദേശിച്ചത്.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പൊടുന്നനവെ പൊട്ടിവീണതല്ല. ക്ഷേത്രാചാരത്തെയടക്കം തലനാരിഴകീറി പരിശോധിച്ച് പന്ത്രണ്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിധിയുണ്ടായത്. ഇതിൽ വിശ്വാസികളിൽ ഒരുവിഭാഗം തെറ്റിദ്ധാരണകൊണ്ടോ അല്ലാതെയോ വിയോജിപ്പിലാണെന്നത് യാഥാർഥ്യമാണ്.

എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ പുനഃപരിശോധനാ ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് 13ന് കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. കോടതി എന്ത് വിധിച്ചാലും അത് നടപ്പാക്കുകയെന്നതാകും എൽഡിഎഫ് സർക്കാരിന്റെ നയം.

ബിജെപിയുടെ ഉച്ചഭാഷിണിയായി കോൺഗ്രസ‌്
ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാൻ പാടില്ലെന്ന് എഐസിസിയോ കോൺഗ്രസ‌് അധ്യക്ഷനോ ഇതുവരെ പറഞ്ഞിട്ടില്ല. വിധി വന്നവേളയിൽ കെപിസിസി നേതൃത്വവും പ്രതിപക്ഷനേതാവും അതിനെ സ്വാഗതം ചെയ്തു. അവരിപ്പോൾ തകിടം മറിഞ്ഞു.

നിലപാട് മാറ്റത്തിനപ്പുറം കേരളത്തിലെ സംഘപരിവാർ ശക്തികൾ നയിക്കുന്ന പന്ഥാവിലൂടെ പായുകയും ബിജെപിയുടെ ഉച്ചഭാഷിണിയായി കേരളത്തിലെ കോൺഗ്രസ‌് നേതാക്കൾ തരംതാഴുകയും ചെയ്തിരിക്കുന്നു. ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാൻ ഓർഡിനൻസ് ഇറക്കാൻ കേന്ദ്രസർക്കാരിനോട‌് ആവശ്യപ്പെടാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിള്ളയുടെ ആവശ്യം.

പ്രളയത്തിൽ മുങ്ങിയ കേരളത്തെ പുതുക്കിപ്പണിയാൻ വിദേശസഹായം സ്വീകരിക്കാൻ അനുവദിക്കണമെന്ന് നിയമസഭ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അത് തള്ളി. സംസ്ഥാന മന്ത്രിമാർ വിദേശത്തേക്ക് പോകാനും മലയാളി സഹോദരന്മാരോട‌് സഹായം അഭ്യർഥിക്കാനുമുള്ള അവസരംപോലും കേന്ദ്രം മനുഷ്യത്വരഹിതമായി നിഷേധിച്ചു.

അതിനാൽ കേന്ദ്രത്തിന് ഓർഡിനൻസ് ഇറക്കാൻ നിയമസഭയുടെ ശുപാർശ വേണ്ട. ശ്രീധരൻപിള്ളയുടെ ആവശ്യത്തെ ചെന്നിത്തല തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ, കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേർന്ന് ചെന്നിത്തലയുടെ നിലപാട് തള്ളി ശ്രീധരൻപിള്ളയുടെ ആവശ്യത്തിന് അംഗീകാരം നൽകുന്ന കൗതുകകരമായ സംഭവവുമുണ്ടായി. സഭാസമ്മേളനം വിളിക്കാനുള്ള ബിജെപിയുടെ ആവശ്യം മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു.

സംഘപരിവാറിന്റെ രാഷ്‌ട്രീയ ആയുധം

കേരളത്തിൽ ഇതഃപര്യന്തം പാർലമെന്റ് സീറ്റ് നേടാൻ കഴിയാത്ത സംഘപരിവാർ, പടിവാതിലിൽ എത്തിയിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റും വോട്ടും ലാക്കാക്കി ശബരിമലയെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. ഹിന്ദു സമുദായങ്ങളിൽ ഭീതിയും അരക്ഷിത ബോധവും വിയോജന മനോഭാവവും വളർത്തുക, ഒപ്പം അഹിന്ദുക്കളോട് വിദ്വേഷം സൃഷ്ടിക്കുക ‐ ഇതിലൂടെ വർഗീയലഹളയ്ക്ക് കളമൊരുക്കുക ഇതാണ് ബിജെപി ‐ ആർഎസ‌്എസ‌് ശക്തികൾ ചെയ്യുന്നത്.

ഇതിന് കൂട്ടുനിൽക്കുന്ന കോൺഗ്രസും യുഡിഎഫ‌് കക്ഷികളും മാപ്പ് അർഹിക്കാത്ത കുറ്റമാണ് നാടിനോട് കാട്ടുന്നത്. കൊടിയില്ലാതെ സമരത്തിൽ പങ്കെടുക്കുകയെന്ന നയം തിരുത്തി, കൊടി പിടിച്ച് സമരത്തിൽ പങ്കാളിയാകാനാണ് പുതിയ തീരുമാനം. ശബരിമല വിഷയത്തെ ശരിയായ മതനിരപേക്ഷ പരിപ്രേക്ഷ്യത്തിൽ നോക്കിക്കാണാൻ കഴിയുന്നില്ലെങ്കിൽ സംസ്ഥാനത്തെ കോൺഗ്രസിനെ കാത്തിരിക്കുന്നത് ഗുജറാത്തിൽ കോൺഗ്രസിന് നേരിട്ട തകർച്ചയായിരിക്കും.

പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും സാമൂഹ്യനീതിയും തുല്യതയും ഉറപ്പുവരുത്താൻ കഴിയുന്ന ഒരു മതനിരപേക്ഷ ഇന്ത്യയാണ് വേണ്ടത്. അതിലേക്കുള്ള നല്ലൊരു ചുവടുവയ്പാണ് ശബരിമല സ്ത്രീപ്രവേശനത്തിനുള്ള സുപ്രീംകോടതി വിധിയെന്ന സിപിഐ എം നിലപാടിന് ഒരു മാറ്റവുമില്ല. ശബരിമലയിലെ വനത്തിലും പുറത്തും നിലയ്ക്കലിലുമൊക്കെ അണിനിരത്തിയ സംഘപരിവാറിന്റെ മൂവായിരം ക്രിമിനലുകളല്ല കേരളത്തിലെ വിശ്വാസിസമൂഹം.

വിശ്വാസത്തിന് പോറലേൽക്കാതെതന്നെ നടപ്പാക്കാൻ കഴിയുന്ന ഒന്നാണ് സുപ്രീംകോടതി വിധി. സ്ത്രീയുടെ ആരാധനാ സ്വാതന്ത്ര്യത്തിനോടൊപ്പം സാമൂഹ്യനീതിയുടെ ഘടകവും ഈ വിധിയിലുണ്ടെന്നത് കോൺഗ്രസ‌് നേതാക്കൾ ഉൾപ്പെടെ മനസ്സിലാക്കണം. നവോത്ഥാനമൂല്യങ്ങൾ ഞങ്ങളെ പഠിപ്പിക്കാൻ പിണറായി വിജയനും കോടിയേരിയും വരേണ്ടെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും പറയുന്നത് കേട്ടു.

അവർണർക്ക് വഴിനടക്കാനും അമ്പലത്തിൽ കയറാനും അയിത്തം അവസാനിപ്പിക്കാനുമുള്ള പ്രക്ഷോഭത്തിൽ പങ്കുവഹിച്ചവരാണ് ടി കെ മാധവൻ, കെ പി കേശവമേനോൻ, സി കേശവൻ ഉൾപ്പെടെയുള്ള നേതാക്കൾ. ആ പാരമ്പര്യം കളഞ്ഞുകുളിച്ച് നവോത്ഥാനത്തിന്റെ ചരിത്രരഥം പിന്നോട്ടടിക്കാൻ ശ്രമിച്ച ജീർണരൂപങ്ങളാണ് ഇന്നത്തെ കോൺഗ്രസ‌് നേതാക്കളെന്ന് പുതുതലമുറ വിളിച്ചുപറയുമെന്നുറപ്പ്.

സ്ത്രീയെ തുല്യശക്തിയായി അംഗീകരിക്കാത്ത രാഷ്ട്രീയപ്രമാണമാണ് കെപിസിസിക്കുള്ളതെന്ന് നിങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് കോടതിവിധിക്കെതിരെ, സ്ത്രീപ്രവേശന വിരുദ്ധമായ വാദങ്ങൾ സുപ്രീംകോടതിയിൽ അവതരിപ്പിക്കാൻ മനു അഭിഷേക് സിങ‌്വിയെയും കപിൽ സിബലിനെയും കെപിസിസി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്ത്രീക്ക് നിലവിലുള്ള അമ്പലവിലക്ക് നീക്കംചെയ്യുകയെന്നത് സ്ത്രീ പദവി മെച്ചപ്പെടുത്താനുള്ള ഉപാധിയാണ്.

മന്നത്ത‌് പത്മനാഭനും സവർണജാഥയും
ഈ വേളയിൽ ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നായകരും മന്നത്ത് പത്മനാഭൻ ഉൾപ്പെടെയുള്ള സാമൂഹ്യപരിഷ്കർത്താക്കളും നമുക്ക് വഴികാട്ടികളാണ്. അയിത്തോച്ചാടന പ്രക്ഷോഭചരിത്രത്തിലെ ഐതിഹാസിക സമരമായിരുന്നു വൈക്കത്തേത്. അതിനെ പിന്തുണച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചത് ചരിത്രമാണ്.

വൈക്കം സത്യഗ്രഹത്തെ പിന്തുണച്ച് വൈക്കത്തുനിന്ന‌് തിരുവനന്തപുരത്തേക്ക് നടത്തിയ സവർണ പദയാത്ര നയിച്ചത് മന്നത്ത് പത്മനാഭനാണ്. ഈ പാരമ്പര്യം ഇന്നത്തെക്കാലത്ത് ഉയർത്തിപ്പിടിക്കേണ്ടവർ അത് മുറുകെപ്പിടിക്കതന്നെ വേണം.

ശബരിമല സ്ത്രീ പ്രവേശനം ക്രമസമാധാന പ്രശ്നമാക്കിമാറ്റാൻ ഇവിടെ സംഘപരിവാർ ഇറങ്ങിയിരിക്കുമ്പോൾ ഇതേ വിഷയത്തിൽ നേരത്തെ കോടതിവിധി വന്ന മഹാരാഷ്ട്രയിലെ ഷിങ്ക്നാപുർ ശനി ക്ഷേത്രത്തിൽ അവിടത്തെ ബിജെപി സർക്കാർ വിധി നടപ്പാക്കുകയാണ് ചെയ്തത്. പുറമേനിന്ന് വരുന്ന ആർക്കും മത‐ജാതി‐ലിംഗഭേദമില്ലാതെ ശനി ദേവന്റെ അനുഗ്രഹം വാങ്ങി തിരിച്ചു പോകാം.

ശബരിമലയിലും വിശ്വാസികളായ ഇഷ്ടമുള്ള സ്ത്രീകൾക്ക് അയ്യപ്പദർശനം നടത്താനും ഇഷ്ടമില്ലാത്തവർക്ക് പോകാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് നിലനിർത്തേണ്ടത്.

പരികർമികളുടെ സത്യഗ്രഹം അനുചിതം
സംഘപരിവാർ ശബരിമലയിൽ കുഴപ്പം സൃഷ്ടിക്കുന്നതിനുമധ്യേ സ്ത്രീകൾ കയറിയാൽ ക്ഷേത്രം പൂട്ടുമെന്ന് തന്ത്രി പ്രഖ്യാപിച്ചു. തുടർന്ന് പതിനെട്ടാംപടിക്കുതാഴെ പരികർമികൾ സത്യഗ്രഹം നടത്തി. സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും അതീതരാണ് തന്ത്രിയും പരികർമികളുമെന്ന ചിന്ത ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാവുന്നതല്ല. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പന്തളം കൊട്ടാരത്തിനല്ല.

ദർശനത്തിനായി ക്ഷേത്രം തുറക്കാനും അത് കഴിഞ്ഞാൽ അടയ്ക്കാനുമുള്ള നിയമപരമായ അവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്. യുവതികൾ ദർശനം നടത്തിയാൽ ക്ഷേത്രം അടച്ച് താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപ്പിക്കണമെന്ന് കൊട്ടാരം പ്രതിനിധികൾ തന്ത്രിയോട് നിർദേശിച്ചതും തന്ത്രി അത് സമ്മതിച്ചതും നിയമത്തെയും ജനാധിപത്യവ്യവസ്ഥിതിയെയും ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാസ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കലാണ്.

1947ൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽവന്നതും അതോടെ നാട്ടുരാജ്യങ്ങൾ ഇല്ലാതായതും 1950 ൽ ഭരണഘടന നിലവിൽവന്നതോടെ അതുവരെ നാട്ടുരാജാക്കന്മാർ ഇന്ത്യാ ഗവൺമെന്റുമായി ഉണ്ടാക്കിയ കരാറുകളും കവനന്റുകളും സ്വമേധയാ റദ്ദാക്കപ്പെട്ടെന്ന് അറിയാത്തവരാണ് ഇത്തരം സാഹസകൃത്യം ചെയ്യുമെന്ന് ഭീഷണിമുഴക്കിയത്. മേൽശാന്തിക്ക് സഹായമേകാൻ നിയോഗിക്കുന്ന താൽക്കാലിക പരികർമികൾ ക്ഷേത്രത്തിന്റെ പടിക്കുതാഴെ സത്യഗ്രഹം നടത്തിയത് തികച്ചും അനുചിതമായ നടപടിയാണ്.

ശബരിമലയിൽ സമരനിരോധനത്തിന് ഹൈക്കോടതി വിധിയുണ്ട്. സത്യഗ്രഹം നടത്തിയ പരികർമികൾ ദേവസ്വം ജീവനക്കാർ പോലുമല്ല. ഒരു നിശ്ചിതസമയത്ത് മേൽശാന്തിയെ സഹായിക്കാൻ നിയോഗിച്ചുള്ള കരാറുകാരാണ്. സംഘപരിവാറിന്റെ കുഴലൂത്തുകാരായി, ശബരിമലയെ പ്രക്ഷോഭകേന്ദ്രമാക്കാൻ ഇറങ്ങിയ പരികർമികളുടെ തെറ്റായ നടപടിയെപ്പറ്റി ദേവസ്വം ബോർഡ് ഉചിതമായ പരിശോധനകൾ നടത്തുമെന്ന് കരുതുന്നു.

വർഗീയ ചേരിതിരിവിനുള്ള നികൃഷ്ടനീക്കം
ശബരിമലയിൽ പൊലീസ‌് ഡ്യൂട്ടി എത്രയോ കാലമായി ഉള്ളതാണ്. അവിടെ വരുന്ന പൊലീസുകാരും ഉദ്യോഗസ്ഥരുമെല്ലാം ഹിന്ദുക്കളായിരിക്കണമെന്ന് ശഠിക്കുന്നത് എത്രമാത്രം ഹീനമാണ്. ജാതിയും മതവും വേർതിരിച്ച് പൊലീസ് ഉദ്യോഗസ്ഥരെ സംഘപരിവാറിന്റെ ‘സാമൂഹ്യമാധ്യമ ക്രിമിനലുകൾ’ മാത്രമല്ല, ശ്രീധരൻപിള്ളവരെ ആക്രമിക്കാൻ ശ്രമിച്ചത് അപമാനകരമാണ്.

മതനിരപേക്ഷ കേരളത്തിന്റെ യശസ്സിന് ഇത് കളങ്കമാണ്. അയ്യപ്പന്റെ പൂങ്കാവനമായ ശബരിമലയിൽ അയ്യപ്പൻതന്നെ കൂട്ടിയ വാവര് സ്വാമിയുണ്ട്. അതുപോലെ മാളികപ്പുറത്തമ്മയുണ്ട്. ഇവിടെ ഹിന്ദു ആചാരങ്ങൾ നിലനിൽക്കുന്ന കേന്ദ്രമാണെന്നതിനൊപ്പം എല്ലാ ജാതിമത വിഭാഗങ്ങൾക്കും ദർശനത്തിന് അനുമതിയുള്ള ഇടവുമാണ്. ഇവിടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് മറ്റ് ഉദ്യോഗസ്ഥരോടൊപ്പം പൊലീസ‌് ഐജി മനോജ് എബ്രഹാം വന്നത് സംഘപരിവാറുകാരുടെ കണ്ണിൽ കൊടിയ പാതകമായി.

മുൻകാലങ്ങളിലും ഈ ഉദ്യോഗസ്ഥൻ ശബരിമലയിൽ എത്തിയിട്ടുണ്ട്. ഇവിടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് വരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജാതിയും മതവും തിരയുന്നവർ നാളെ ശബരമലയിൽ ധർമശാസ്താവിനെ പാടിയുറക്കുന്ന ‘ഹരിവരാസനം’ ആലപിച്ച ഗായകന്റെ ജാതിയും മതവും ചികയില്ലെന്ന് ആര് കണ്ടു.

ഈ പോക്ക് അംഗീകരിക്കാൻ പ്രബുദ്ധകേരളത്തിനാകില്ല. പൊലീസിലും സമൂഹത്തിലും ശബരിമലയുടെപേരിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള നികൃഷ്ടനീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ശബരിമലയെ മറ്റൊരു അയോധ്യയാക്കാൻ ഉൽകൃഷ്ടകേരളം അനുവദിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here