അയോധ്യ കേസ്: ജനുവരിയിലേക്ക് മാറ്റിയ സുപ്രീംകോടതി വിധി ബിജെപിയ്ക്കും ആര്‍എസ്എസിനും തിരിച്ചടി

അയോധ്യ കേസ് ജനുവരിയിലേയ്ക്ക് മാറ്റിയ സുപ്രീംകോടതി വിധി ബിജെപിയ്ക്കും ആര്‍.എസ്.എസിനും തിരിച്ചടിയായി. രാമക്ഷേത്രം പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ സമര്‍ദം മൂലമാണ് കേസ് ജനുവരിയിലേയ്ക്ക് മാറ്റിയതെന്ന് ബിജെപി ആരോപിച്ചു.കേസ് കേള്‍ക്കേണ്ട തിയതി തീരുമാനിക്കേണ്ടത് സുപ്രീംകോടതിയാണന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.മോദി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നീക്കം നടത്തരുതെന്ന് സിപിഐ ആവശ്യപ്പെട്ടു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ കേസിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ക്ഷേത്രം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലായിരുന്നു കേന്ദ്ര സര്‍ക്കാരും ആര്‍.എസ്.എസും.

2014ലെ പ്രകടന പത്രിക പ്രകാരം ക്ഷേത്ര നിര്‍മ്മിതി ആരംഭിച്ചെന്ന് ചൂണ്ടികാട്ടി തിരഞ്ഞെടുപ്പ് നേരിടാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. പക്ഷെ കേസ് തിയതി ജനുവരിയിലേയ്ക്ക് മാറ്റിയ സുപ്രീംകോടതി നീക്കം കേന്ദ്ര സര്‍ക്കാരിനും ആര്‍.എസ്.എസിനും അപ്രതീക്ഷിത തിരിച്ചടിയായി. ഉത്തരവിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സംഘപരിവാര്‍ ഹിന്ദു നേതാക്കള്‍ രംഗത്ത് എത്തി.

ഹിന്ദുക്കളുടെ ക്ഷമ നശിച്ചുവെന്ന് മന്ത്രി ഗിരിരാജ് സിങ്ങ് പ്രതികരിച്ചു. കോണ്ഗ്രസ് സമര്‍ദം മൂലമാണ് തിയതി മാറ്റിയതെന്ന് ബംഗരഗദള്‍ നേതാവ് വിനയ് കത്യാര്‍ വിമര്‍ശിച്ചു.എന്നാല്‍ കേസ് എപ്പോള്‍ പരിഗണിക്കണമെന്നത് സുപ്രീംകോടതിയുടെ തീരുമാനം മാത്രമാണന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

നിര്‍മ്മാണം നേരത്തെ ആരംഭിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഹിന്ദുവോട്ട് ഏകീകരണം ലക്ഷ്യമിട്ട് രാമക്ഷേത്രത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ആര്‍.എസ്.എസ് നേതാക്കളുടേയും അഭിപ്രായം.പക്ഷെ ഇതിനെ ശക്തമായി എതിര്‍ത്ത് ഇടത് പാര്‍ടികള്‍ രംഗത്ത് എത്തി കഴിഞ്ഞു.

ജനുവരിയില്‍ കേസ് കേള്‍ക്കുന്നത് ആരംഭിച്ചാലും വാദം പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കും. അന്തിമ വിധി വര്‍ഷാവസാനത്തോടെ ഉണ്ടാകു. ഇത് അയോധ്യ വിഷയത്തെ തിരഞ്ഞെടുപ്പില്‍ നിര്‍ജീവമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here