ഒടുവില്‍ ലോപെറ്റെഗുയി പുറത്ത്; മാഡ്രിഡിനെ രക്ഷിക്കാന്‍ ഇനി അന്‍റോണിയോ കോന്‍റെ

പോർചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം നേടിത്തന്ന പരിശീലകന്‍ സിനദന്‍ സിദാനും ക്ലബ് വിട്ടപ്പോൾ,

റയൽപോലുള്ള ലോകോത്തര ക്ലബിനെ ഒരു നിലക്കും അത് ബാധിക്കില്ലെന്നായിരുന്നു ടീം മാനേജ്മന്‍റിന്‍റെ നിലപാടുകൾ.

മികവുറ്റ താരങ്ങൾ അണിനിരക്കുന്ന റയലിന്, പോർചുഗീസ് താരത്തിന്‍റെ വിടവ് പ്രശ്നമാവില്ലെന്ന് മാനേജ്മെന്‍റും ആരാധകരും വിശ്വസിച്ചു.

ആ വിശ്വാസം കളിക്കളത്തില്‍ തകരുന്നതിന്‍റെ വേദനയിലാണ് റയല്‍ താരങ്ങളും മാനേജ്മെന്‍റും ആരാധകരും. ഒടുവില്‍ എക്കാലത്തുമെന്നതുപൊലെ, പരിശീലകനാണ് കാരണമെന്ന തീരുമാനത്തിലുറച്ച് യൂലൻ ലോപെറ്റെഗുയിയെ മാറ്റുകയാണ് ക്ലബ് അധികൃതര്‍.

തുടര്‍ച്ചയായ മോശം പ്രകടനത്തിനൊടുവില്‍ ലാസ്റ്റ് ബസും കൈവിട്ട ലോപെറ്റെഗുയി പകരമായി ടീമിനെ രക്ഷിക്കാനായി ചെല്‍സിയുടെ മുന്‍ പരിശീലകന്‍ ആന്‍റോണിയോ കോന്‍റെയെ സാന്തിയാഗോ ബെര്‍ണബ്യൂവിലെത്തിക്കുകയാണ് ക്ലബ്.

ഒദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ലോകകപ്പിന് തൊട്ടുമുമ്പ് റയലിന്‍റെ പരിശീലകസ്ഥാനമേറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് സ്പെയനിന്‍റെ ടീം മാനേജര്‍ പദവി നഷ്ടമാക്കിയ ലോപെറ്റെഗുയിക്ക് ഇനി മടങ്ങാം.

സ്പാനിഷ് ലാ ലിഗയില്‍ ദയനീയ നിലയിലാണ് നിലവിലെ യൂറോപ്യന്‍ ചാമ്പ്യാന്‍മാരായ റയല്‍ മാഡ്രിഡിപ്പോള്‍. ലാലിഗ പോയിൻറ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് റയൽ.

2009ന് ശേഷം ആദ്യമായാണ് ടീം ഇത്ര ദയനീയമായ നിലയിലെത്തുന്നത്. റൊണാൾഡോ പോയതിനു പിന്നാലെ ഒരു പെർഫക്ട് ഇലവനെ കണ്ടെത്താൻ ഇതുവരെ കോച്ചിന് ക‍ഴിഞ്ഞിരുന്നില്ല.

ഒപ്പം മികവുറ്റ സ്ട്രൈക്കർമാരുടെ അഭാവവും റയലിനെ പിന്നോട്ടടിച്ചു. സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ചിര വൈരികളായ ബാഴ്സലോണയോട് കനത്ത തോല്‍വിയാണ് റയല്‍ വ‍ഴങ്ങിയത്.

ദുര്‍ബലരായ അലാവസിനോട് പോലും ടീം തോറ്റു. 87 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അലാവസ് സ്വന്തം തട്ടകത്തിൽ റയലിനെ തോൽപിക്കുന്നത്.

തുടർച്ചയായ നാലുമത്സരങ്ങളില്‍ റയൽ മഡ്രിഡിന് ഒരു ഗോൾപോലും (സെവിയ്യ(0-3), അത്ലറ്റികോ മഡ്രിഡ്(0-0), സി.എസ്.കെ.എ മോസ്കോ(0-1), ഡിപോർടിവോ അലാവസ് (0-1)) നേടാനാവാത്ത സീസണിനും ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചു.

ചാമ്പ്യൻസ് ലീഗ് മാറ്റിനിർത്തിയാൽ 2002ന് ശേഷം തുടർച്ചയായ മൂന്ന് ലാലിഗ മത്സരങ്ങളിൽ മാഡ്രിഡുകാർ ഗോളടിക്കാതിരുന്നിട്ടുമില്ലെന്നതും ഇനി ചരിത്രം.

സീസണിൽ നാല് തോൽവിയും രണ്ടു സമനിലയുമുള്ള റയൽ മഡ്രിഡിന് അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ലീഗില്‍ മുന്‍നിരയിലെത്താന്‍ ക‍ഴിയൂ.

ക്രിസ്റ്റ്യാനോ റൊണാൾഡോയും കോച്ചായിരുന്ന സിനദിൻ സിദാനും ക്ലബ് വിട്ടത് തിരിച്ചടിയായെന്ന് വെകിയെങ്കിലും ക്ലബ് അധികൃതര്‍ തിരിച്ചറിയുന്നു.

പക്ഷേ റോണോയ്ക്ക് പകരക്കാരനെ തേടാതിരുന്ന ഫ്ലോറന്‍റിനോ പെരസിന്‍റെ തീരുമാനം ഇപ്പോ‍ഴും ചര്‍ച്ചയാകുന്നില്ലെന്നതാണ് വൈരുധ്യം.

ചൂണ്ടുവിരല്‍ കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ലെന്നാണ് ക്രിസ്റ്റ്യാനോയുടെ അഭാവത്തെ ടീമിലെ താരം കെയ്ലര്‍ നവാസ് ഉപമിക്കുന്നത്.

പക്ഷേ ലോപെറ്റെഗുയിയുടെ തീരുമാനങ്ങളും റൊട്ടേഷന്‍ സമ്പ്രദായവും പി‍ഴച്ചെന്ന ഏക തീരുമാനത്തിലാണിപ്പോള്‍ ക്ലബ് അധികൃതരും വിമര്‍ശകരും.

ടീമിനുള്ളിലാകട്ടെ ലൂക്കാ മോഡ്രിച്ച്, മരിയാനോ തുടങ്ങിയ മുതിര്‍ന്ന താരങ്ങളും കോച്ചിനെതിരാണ്. ടീമിന്‍റെ സ്ഥാനം പരിതാപകരമായ നിലയിലാണെന്ന് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും മുതിര്‍ന്ന താരം കാസിമെറോയും സമ്മതിക്കുന്നു.

പക്ഷേ പരിശീലകനെ ഒ‍ഴിവാക്കുന്നതിനെക്കുറിച്ച് വിട്ടുപറയാന്‍ ഇരുവരും തയ്യാറല്ല. കളിക്കളത്തില്‍ താരങ്ങളുടെ പ്രകടനം മാത്രമാണ് വിലയിരുത്തേണ്ടതെന്ന് ഇരുവരും പറയുന്നു, മെസിയില്ലാത്ത ബാ‍ഴ്സലോണയോട് 5-1 ന് തോറ്റത് തന്നെ ടീമിന്‍റെ ദൈന്യത തുറന്നുകാട്ടുന്നുവെന്നും ഇവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News