കൊടിക്കുന്നിലിനോട് വിവേചനമോ ?; കൊല്ലം ഡിസിസി സ്വീകരണം ഒരുക്കിയില്ലെങ്കിലെന്ത് കൊട്ടാരകര ബ്ലോക്ക് കമ്മിറ്റി സ്വീകരണം നൽകും

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വര്‍ക്കിംഗ് പ്രസിഡന്റുമാരയ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും എം.ഐ ഷാനവാസും സ്ഥാനമേറ്റെടുത്തിട്ട് മാസം ഒന്നു തികഞ്ഞെങ്കിലും കൊടിക്കുന്നിലിന് സ്വീകരണം നല്‍കുന്നതില്‍ കൊല്ലം ഡി.സി.സിക്ക് അയിത്തമെന്ന് ആക്ഷേപം.

മുല്ലപ്പള്ളിക്ക് കോഴിക്കോടും സുധാകരന് കണ്ണൂരും അതത് ഡി.സി.സികളുടെ നേതൃത്വത്തില്‍ ഒരുക്കിയത് വമ്പിച്ച സ്വീകരണമായിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഷാനവാസ് സ്വീകരണത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ കൊല്ലം തട്ടകമായ കൊടിക്കുന്നിലിന്റെ സ്വീകരണ കാര്യത്തിലാകട്ടെ ഡി.സി.സി ഇതുവരെ മനസു തുറന്നിട്ടില്ല.

ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്കു കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടിക്കുന്നിലിന് കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കും.

എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാലാണ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുക. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം കൊട്ടാരക്കര കോണ്‍ഗ്രസ് ബ്ലോക്കുകമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള കൊടിക്കുന്നില്‍ അനുകൂലികളും പങ്കെടുത്തിരുന്നു.

കൊടിക്കുന്നിലിനോട് കാണിക്കുന്നത് വര്‍ണ വിവേചനമെന്നുവരെ ചില നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. കൊല്ലം ഡി.സി.സിയെ ഗ്രൂപ്പ് നേതാക്കള്‍ ഹൈജാക്ക് ചെയ്‌തെന്നുവരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

1989ല്‍ അടൂര്‍ സംവരണ മണ്ഡലത്തില്‍ സ്ഥാനാഥി ആയതു മുതല്‍ കൊടിക്കുന്നില്‍ കൊട്ടാരക്കര കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇതിനിടെ എം.പി,എ.ഐ.സി.സി സെക്രട്ടറി,കേന്ദ്ര സഹമന്ത്രി,സി.പി.പി തുടങ്ങിയ പദവികളില്‍വരെ എത്തിയിരുന്നെങ്കിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയായിരുന്നു കൊടിക്കുന്നിലിന്റെ പ്രവര്‍ത്തന കേന്ദ്രം.

വി സത്യശീലന്‍ രോഗഗ്രസ്ഥനായതോടെ ഇടക്കാലത്ത് കൊല്ലം ഡി.സി.സിയുടെ പ്രസിന്റായും കൊടിക്കുന്നില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഈ സമയത്താണ് ഡി.സി.സിയുടെ പഴയ ഓഫീസ് കെട്ടിടം പുതുക്കി മോടി പിടിപ്പിച്ചത്. മുല്ലപ്പള്ളി ചുമതലയേറ്റതോടെ നേരത്തേയുണ്ടായിരുന്ന ഭാരവാഹികള്‍ ഒഴിവാക്കപ്പെടുകയായിരുന്നു.

തുടര്‍ന്ന് സംഘടനാ ചുമതല കൈകാര്യം ചെയ്യുന്നത് കൊടിക്കുന്നിലാണ്. വി.എം സുധീരന്‍ പ്രസിഡന്റായിരിക്കെ എ ഗ്രൂപ്പുമായി അകന്ന് കൊല്ലത്ത് സ്വതന്ത്ര നിലപാടെടുത്തതു മുതലാണ് കൊടിക്കുന്നില്‍ എ വിഭാഗത്തിന്റെ നോട്ടപ്പുള്ളിയായതെങ്കില്‍ ഐ വിഭാഗത്തിലെ ചില നേതാക്കള്‍ക്ക് കൊടിക്കുന്നില്‍ വിരോധം നേരത്തേ പ്രകടമാണെന്നാണ് ആരോപണം.

അടുത്തിടെ നടന്ന മണ്ഡലം പ്രസിഡന്റുമാരുടെ പുനസംഘടനയില്‍ കൊടിക്കുന്നിലിന്റെ അനുകൂലികളെ ഒഴിവാക്കിയത് വിവാദമായതോടെ എ.ഐ.സി.സി ഇടപെട്ട് പഴയനില പുനസ്ഥാപിക്കുകയായിരുന്നു.

അതിനിടെയാണ്, കോണ്‍ഗ്രസിന്റെ ദേശീയതലത്തിലെ ദലിത് നേതാക്കളില്‍ പ്രമുഖനായ കൊടിക്കുന്നില്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here