കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍ മുങ്ങി രാജ്യതലസ്ഥാനം; നിരവധിപേര്‍ ആശുപത്രിയില്‍

കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍ മുങ്ങി രാജ്യതലസ്ഥാനം. മലിനമായ പുക ദില്ലിയെ മറയ്ക്കുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.

വായു ഗുണനിലവാര സൂചിക 397 എന്ന ഗുരുതര നിലയിലെത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. അനുവദനിയമായതിനെക്കാള്‍ എട്ട് മടങ്ങ് കൂടുതലാണിത്.

ഒരു ദില്ലി നിവാസി ഇപ്പോള്‍ ശ്വസിക്കുന്നത് പത്തിലേറെ സിഗരറ്റുകള്‍ വമിക്കുന്ന വിഷാംശമുള്ള പുകയ്ക്ക് സമാനമായ വായു. ഇന്ത്യാ ഗേറ്റും രാഷ്ട്രപതി ഭവനും പാര്‍ലമെന്റും മലിനീകരണ പുകയില്‍ മൂടി.

ഇരുപത്തി നാല് മണിക്കൂറിനിടെ ദില്ലിയിലെ അന്തരീക്ഷം അപകടകരമായ രീതിയില്‍ ഉയര്‍ന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. അന്തരീക്ഷ വായു നിലവാര സൂചിക അനുസരിച്ച് അപകടകരമായ 397 എന്ന് നിലയിലാണ് ദില്ലി.അനുവദനിയമായ അളവ് 1 മുതല്‍ 50 വരെ മാത്രമാണ്.

വായു മലിനീകരണം മൂലം കണ്ണ് ചുവന്ന് ചൊറിച്ചില്‍ ഉണ്ടാകുമെന്നും, ശ്വസസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുമെന്നും അരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ജനങ്ങള്‍ക്ക് അന്തരീക്ഷത്തെ പ്രശ്‌നത്തെക്കുറിച്ച് പരാതി പറയാന്‍ സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ട് തുറക്കാന്‍ പോല്യൂഷന്‍ കണ്‍ഡ്രോള്‍ ബോര്‍ഡിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കുറ്റപ്പെടുത്തി.

ദില്ലിയിലെ വെല്‍ഡിങ്ങ്,പെയിന്റിങ്ങ് സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here