പ്രളയം നഷ്ടം വിതച്ച വിപണി തിരിച്ചു പിടിക്കാന്‍ മാധ്യമ ലോകം കൈ കോര്‍ക്കുന്നു

പ്രളയം നഷ്ടം വിതച്ച വിപണി തിരിച്ചു പിടിക്കാന്‍ മാധ്യമ ലോകം കൈ കോര്‍ക്കുന്നു.രാജ്യ ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഷോപ്പിങ്ങ് മാമാങ്കം ഒരുക്കുന്നത്.

ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിങ്ങ് ഉത്സവിന് നവംബര്‍ 15 ന് തുടക്കമാവും.ഷോപ്പിങ്ങ് ഉത്സവിന്‍റെ ലോഗൊ റിലീസ് നടന്‍ മമ്മൂട്ടി നിര്‍വ്വഹിച്ചു.

പ്രളയ ദുരന്തത്തെ തുടര്‍ന്ന് ഓണനാളുകളിലെ ഷോപ്പിങ്ങ് അനുഭവം നഷ്ടമായവര്‍ക്ക് പുതിയൊരു ഉത്സവ കാലം സമ്മാനിക്കാനുള്ള മാധ്യമ ലോകത്തിന്‍റെ കൂട്ടായ ശ്രമമാണ് ഗ്രേറ്റ് കേരള ഷോപ്പിങ്ങ് ഉത്സവം.

മെഗാ സമ്മാനമായ ഒരു കോടി രൂപയുടെ ഫ്ലാറ്റ് ഉള്‍പ്പടെ നാലു കോടിയുടെ സമ്മാനങ്ങളാണ് ഷോപ്പിങ്ങിനെത്തുന്ന ഭാഗ്യജേതാക്കള്‍ക്കായി ഒരുക്കുന്നത്.നവകേരള നിര്‍മ്മാണത്തിന് കൈത്താങ്ങ് എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന് നികുതി വരുമാനത്തില്‍ വര്‍ധനവും ഈ ഷോപ്പിങ്ങ് ഉത്സവത്തിലൂടെ പ്രതീക്ഷിക്കുന്നുണ്ട്.

എല്ലാം നഷ്ടപ്പെട്ടുവെന്ന മാനസികാവസ്ഥയില്‍ നിന്ന് മലയാളികളെ കൈപിടിച്ചുയര്‍ത്തലാണ് ഷോപ്പിങ്ങ് ഉത്സവത്തിന്‍റെ ലക്ഷ്യമെന്ന് സംഘാടകര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൈരളി ടി വി ചെയര്‍മാനും നടനുമായ മമ്മൂട്ടിയാണ് ഗ്രേറ്റ് കേരള ഷോപ്പിങ്ങ് ഉത്സവത്തിന്‍റെ ലോഗോ റിലീസ് നിര്‍വ്വഹിച്ചത്.കേരളത്തിന്‍റെ വ്യാപാര രംഗത്തെ നവീകരിക്കാനുള്ള മാധ്യമ സ്ഥാപനങ്ങളുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.

25 കോടിയുടെ പരസ്യങ്ങളുടെ ഇടമാണ് മാധ്യമ സ്ഥാപനങ്ങള്‍ ഷോപ്പിങ്ങ് ഉത്സവിനായി നല്‍കുക.ചില്ലറ വ്യാപാരികളും മൊത്ത വ്യാപാരികളും ഈ സീസണില്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here