നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ക്ക് ഇനി വിലക്കുകളില്ലാതെ നീലവസന്തം ആസ്വദിക്കാം

മറയൂര്‍- അഞ്ചുനാട് മലനിരകളില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ക്ക് ഇനി വിലക്കുകളില്ലാതെ നീലവസന്തം ആസ്വദിക്കാം. കാന്തല്ലൂര്‍ കുളച്ചിവയല്‍ തുരുപെട്ടി പാറക്ക് സമീപമുള്ള റവന്യു ഭൂമികളിലും സ്വകാര്യഭൂമികളിലുമാണ് നീലകുറിഞ്ഞി വ്യാപകമായി പൂത്ത് നില്‍ക്കുന്നത്.

മറയൂര്‍ , കാന്തല്ലൂര്‍ മലനിരകളില്‍ തീര്‍ത്ഥമല, വെള്ളിമല, പുതുക്കുടി, കമ്മാളംകുടി, അഞ്ചുനാട്ടാമ്പാറ തുടങ്ങിയ മേഖലകളില്‍ നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടിട്ടുണ്ടെങ്കിലും മിക്ക സ്ഥലങ്ങളിലും വനംവകുപ്പ് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരുന്നു.

സന്ദര്‍ശകരുടെ സുരക്ഷയും ചെടികളുടെ സംരക്ഷണവും മുന്‍നിര്‍ത്തിയായിരുന്നു നിരോധനം. ഇത് ഈ മേഖലയില്‍ നീലകുറിഞ്ഞി കാണാനെത്തിയിരുന്ന വിനോദ സഞ്ചാരികളെ നിരാശപെടുത്തുകയും പ്രതിഷേധം ഉയരുകയും ചെയ്തു.

കൂടാതെ രാജമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നീലക്കുറിഞ്ഞി കരിഞ്ഞ് തുടങ്ങുക കൂടി ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് മറയൂര്‍ , കാന്തല്ലൂര്‍ മേഖലകളിലെ വിലക്കുകളെല്ലാം നീക്കിയത്.

കുളച്ചുവയല്‍ തുരുപെട്ടി പാറയിലാണ് ഇപ്പോള്‍ കൂടുതല്‍ പുതിയ പൂക്കള്‍ വിരിഞ്ഞിരിക്കുന്നത്. വിലക്ക് നീക്കിയതോടെ നൂറ് കണക്കിന് സന്ദര്‍ശകര്‍ ഇവിടേക്കെത്തിത്തുടങ്ങി.

നീലവസന്തം ആസ്വദിക്കാം, എന്നാല്‍ ഈ പ്രദേശങ്ങളില്‍ നിന്ന് പൂവും ചെടിയും പറിക്കുന്നത് ശിക്ഷാര്‍ഹമാണ്. വനം വകുപ്പ് 2000 രൂപ പി‍ഴ ഈടാക്കും.
കഴിഞ്ഞ ദിവസം കാന്തല്ലൂര്‍ സന്ദര്‍ശനത്തിനിടെ ചെടി പറിച്ച് സൂക്ഷിച്ച എറണാകുളം, തൃശ്ശൂര്‍ സ്വദേശികള്‍ പയസ്നഗര്‍ ചെക്ക്പോസ്റ്റില്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് പി‍ഴ ഈടാക്കിയാണ് വിട്ടയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News