രമ്യാ രാജിന്‍റെ `മിഡ് നൈറ്റ് റണ്‍’ ഇന്ത്യന്‍ പനോരമയില്‍; ചലച്ചിത്രമേള നവംബര്‍ 20 മുതല്‍ ഗോവയില്‍ – Kairalinewsonline.com
ArtCafe

രമ്യാ രാജിന്‍റെ `മിഡ് നൈറ്റ് റണ്‍’ ഇന്ത്യന്‍ പനോരമയില്‍; ചലച്ചിത്രമേള നവംബര്‍ 20 മുതല്‍ ഗോവയില്‍

`മിഡ്‌നൈറ്റ് റണ്‍’ പങ്കെടുക്കുന്ന പതിനൊന്നാമത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് ഗോവയിലേത്

രമ്യാ രാജ് സംവിധാനം ചെയ്ത `മിഡ്നൈറ്റ് റണ്‍’ ഇന്ത്യന്‍ പനോരമയിലെ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം.
.
`മിഡ്‌നൈറ്റ് റണ്‍’ പങ്കെടുക്കുന്ന പതിനൊന്നാമത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് ഗോവയിലേത്. കലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീ ബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിം ആയി മിഡ്‌നൈറ്റ് റണ്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

തിരുവനന്തപുരത്ത് ഐഡിഎസ്എഫ്എഫ്‌കെ യില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. ഏഴു വര്‍ഷത്തിലേറെയായി ചലച്ചിത്ര രംഗത്ത് സഹസംവിധായികയായ രമ്യാ രാജിന്റെ ആദ്യ ഹ്രസ്വചിത്രമാണ് മിഡ്‌നൈറ്റ് റണ്‍. ബി ടി അനില്‍ കുമാറിന്റെ കഥയ്ക്ക് രമ്യാ രാജ് തന്നെയാണ് തിരക്കഥയൊരുക്കിയത്.

14 മിനുട്ട് ദൈര്‍ഘ്യമുള്ള മിഡ്‌നൈറ്റ് റണ്‍ പൂര്‍ണമായും രാത്രിയില്‍ അരങ്ങേറുന്ന സംഭവങ്ങളെ ആധാരമാക്കിയാണ്. അര്‍ദ്ധരാത്രിയില്‍ വീട്ടിലേക്കുള്ള മടക്കത്തിന് അപരിചിതനായ ഒരാളുടെ ലോറിയില്‍ കയറേണ്ടി വന്ന ബാലനും ഡ്രൈവറും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. സംഭാഷണത്തെക്കാള്‍ രണ്ട് കഥാപാത്രങ്ങളുടെ പ്രകടനങ്ങളെ കേന്ദ്രീകരിച്ചാണ് കഥ പറച്ചില്‍.

സംവിധായകനും നടനുമായ ദിലീഷ് പോത്തനും, ചേതന്‍ ജയലാലും ആണ് ഈ ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. രംഗനാഥ് രവി സൗണ്ട് ഡിസൈനും കിരണ്‍ ദാസ് എഡിറ്റിംഗും ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു. സതീഷ് എരിയലത്താണ് നിര്‍മ്മാണം. ആഷിക് എസ് കലാസംവിധാനവും , സിജി നോബല്‍ തോമസ് വസ്ത്രാലങ്കാരവും ബെന്നി കട്ടപ്പന നിര്‍മ്മാണ നിര്‍വഹണവുമാണ്.

ഹംഗറിയിലെ സെവന്‍ ഹില്‍സ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, ബെലാറസില്‍ നടന്ന കിനോസ്‌മെന-മിന്‍സ്‌ക് ഇന്റര്‍നാഷനല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍, ബംഗളൂരില്‍ നടന്ന ബാഗ്ലൂര്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ മത്സരവിഭാഗത്തില്‍ ഫൈനലിസ്റ്റ് ആയിരുന്നു മിഡ്‌നൈറ്റ് റണ്‍.

തൃശൂരില്‍ നടക്കുന്ന സൈന്‍സ് ഫെസ്റ്റിവല്‍, ഹൈദരാബാദില്‍ നടക്കുന്ന ആള്‍ ലൈറ്റ്‌സ് ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍, പോളണ്ടിലെ അലേകിനോ യംഗ് ഓഡിയന്‍സ് ഫിലിം ഫെസ്റ്റിവല്‍, സെര്‍ബിയയില്‍ നടക്കുന്ന ഫിലിം ഫ്രണ്ട് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ മത്സരവിഭാഗത്തിലും മിഡ്‌നൈറ്റ് റണ്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

To Top