കോൺഗ്രസ്‌ അധ്യക്ഷനെ തള്ളിയ കെപിസിസി നേതൃത്വം അമിത്‌ ഷായുടെ വാക്കുകളെ തേൻപോലെ നുണയുകയാണ്‌: കോടിയേരി ബാലകൃഷ്ണന്‍

ജാത കർമം ചെയ്ത കൈകൊണ്ടുതന്നെ ഉദകക്രിയയും ചെയ്യേണ്ടിവരുന്ന അച്ഛനമ്മമാരുടെ ദൗർഭാഗ്യത്തെപ്പറ്റി പറയാറുണ്ടല്ലോ, അതാണ് നരേന്ദ്ര മോഡി ‐ അമിത് ഷാ നേതൃത്വം നൽകുന്ന ബിജെപിക്കും സംഭവിക്കാൻപോകുന്നത്. കേന്ദ്രത്തിൽ തുടർഭരണം എന്ന സ്വപ്നവുമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി മൂക്കുകുത്തി വീഴുകയും മണ്ണുകപ്പുകയും ചെയ്യുമെന്ന് ഉറപ്പ്. അങ്ങനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ബിജെപിയുടെ അധ്യക്ഷൻ അമിത് ഷാ കേരളത്തിൽവന്ന് ജനങ്ങൾ തെരഞ്ഞെടുത്ത എൽഡിഎഫ് സർക്കാരിനെ വലിച്ചുതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തി മടങ്ങിയിരിക്കുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിനാൽ കാവൽ സർക്കാരിന്റെ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് മോഡി സർക്കാർ. അതിന്റെ ബലത്തിൽ ജനങ്ങൾ വൻഭൂരിപക്ഷത്തിൽ അധികാരത്തിലേറ്റിയ ഒരു സംസ്ഥാന സർക്കാരിനെ വലിച്ചുതാഴെയിടും എന്ന ധാർഷ്ട്യംനിറഞ്ഞ വർത്തമാനം നടത്തുന്നത് അപഹാസ്യമാണ്. ഇത് ജനാധിപത്യത്തെ പുച്ഛിക്കലാണ്. അമിത് ഷായുടെ ഭീഷണി ദേശീയമായിത്തന്നെ ചർച്ചയാകുകയും ബിജെപി ഒറ്റപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇ എം എസ് സർക്കാരിനെ 1959 ൽ 356–ാം വകുപ്പ് ഉപയോഗിച്ച് കേന്ദ്രസർക്കാർ പിരിച്ചുവിട്ടതുപോലെ ഒരു ജനാധിപത്യക്കുരുതി അത്ര സുഗമമായി ഇനി നടപ്പാക്കാൻ പറ്റില്ല. നിയമസഭയിൽ ഭൂരിപക്ഷമുള്ള തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നതിനെ തടയുന്ന നീതിപീഠ ഇടപെടലുകളും മാർഗനിർദേശ വിധികളുമുണ്ട്. അതിനാൽ മോഡി സർക്കാർ ഉണ്ടെന്ന് കരുതി ജനങ്ങളുടെയും 91 എംഎൽഎമാരുടെയും പിന്തുണയുള്ള പിണറായി വിജയൻ സർക്കാരിനെ അട്ടിമറിക്കാൻ കഴിയില്ല.

കാവിക്കൊടി പിടിക്കുന്ന കോൺഗ്രസ്
ഭരണഘടനയെ വെല്ലുവിളിക്കുന്ന ശബരിമല സ്ത്രീപ്രവേശന വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച അമിത് ഷാ കോടതികളെയും ഭീഷണിപ്പെടുത്തി. അമിത് ഷായോട് കോൺഗ്രസ് ദേശീയവക്താവ് വിയോജിച്ചെങ്കിലും കെപിസിസി നേതൃത്വം അമിത് ഷായെ തള്ളാത്തത് കൗശലമാണ്. ആർഎസ്എസ് ‐ ബിജെപി വാലിൽ തൂങ്ങുന്ന നയം സംസ്ഥാനത്തെ കോൺഗ്രസ്ന നേതൃത്വം തുടർന്നാൽ ഇപ്പോൾ രാമൻനായരും കൂട്ടരുമാണ് ബിജെപിയിൽ ചേർന്നതെങ്കിൽ വൈകാതെ വലിയ നേതാക്കൾതന്നെ കാവിക്കൊടി പിടിക്കും. ഇതിലെ അപകടംകൂടി തിരിച്ചറിഞ്ഞാകണം ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരസ്യപ്രതികരണം നടത്തിയത്. ഇത് കേരളത്തിലെ കോൺഗ്രസിന് വീണ്ടുവിചാരത്തിനുള്ള അവസരമാണ്. എന്നാൽ, രാഹുലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കേരളത്തിലെ നേതാക്കളുടേതാണ് പാർടിയുടെ ഔദ്യോഗിക നിലപാട് എന്നുമാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. കെ സുധാകരനാദികൾ ഇതിനോട് യോജിച്ചു. എഐസിസി പ്രസിഡന്റിന്റെ അഭിപ്രായം വ്യക്തിപരവും സംസ്ഥാനനേതാക്കളുടേത് ഔദ്യോഗികവും ആകുന്നത് രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ തമാശയാണ്. ഇതിന് സമാനമായ ഒരു സംഭവം കണ്ടെത്തുക പ്രയാസം. കോൺഗ്രസ് അധ്യക്ഷനെ തള്ളിയ കെപിസിസി നേതൃത്വം അമിത് ഷായുടെ വാക്കുകളെ തേൻപോലെ നുണയുകയാണ്. രാഹുൽ ഗാന്ധി മൂർദാബാദ്, അമിത് ഷാ ജയ്ഹോ എന്നതായിരിക്കുന്നു ഇക്കൂട്ടരുടെ പുതിയ ശരണംവിളി.

കേന്ദ്രഭരണം നിയന്ത്രിക്കുന്ന കക്ഷിയുടെ അധ്യക്ഷൻ ഇവിടെ വന്നപ്പോൾ ആദ്യം വിശദീകരിക്കേണ്ടിയിരുന്നത് പ്രളയദുരന്തത്തിൽപ്പെട്ട നാടിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന മഹായജ്ഞങ്ങളെ തുരങ്കംവയ്ക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നടപടികളെ പറ്റിയായിരുന്നു. അടിയന്തര ആശ്വാസമായി 5000 കോടി രൂപ ചോദിച്ചു. നൽകിയത് 600 കോടി രൂപ മാത്രം. നാടിനെ പുതുക്കിപ്പണിയാൻ 40,000 കോടി രൂപ വേണം. അതിലൊരു പങ്ക് ലോകത്തെമ്പാടുമുള്ള മലയാളികളിൽനിന്നും അവർ കഴിയുന്ന രാജ്യങ്ങളിൽനിന്നും സംഭരിക്കുന്നതിനും വിവിധ രാജ്യങ്ങളുടെ സ്വമേധയായുള്ള വാഗ്ദാനങ്ങൾ സ്വീകരിക്കുന്നതിനും സംസ്ഥാനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. പ്രളയാനന്തര കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കായി വിദേശത്ത് പോകാൻ മുഖ്യമന്ത്രിയെ മാത്രം അനുവദിക്കുകയും മന്ത്രിമാർക്ക് യാത്രാനുമതി നിഷേധിക്കുകയും ചെയ്തു. എന്നാൽ, മോഡി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെ ഭൂകമ്പ ദുരിതാശ്വാസത്തിനായി നൂറിലധികം രാജ്യങ്ങളിൽനിന്ന്് സഹായം സ്വീകരിച്ചു. പാർലമെന്റ് പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന നിയമം പാസാക്കിയെന്ന തൊടുന്യായം മറയാക്കി വിദേശസഹായം സ്വീകരിക്കാൻ കേരളത്തെ അനുവദിച്ചില്ല. എന്നാൽ, പാർലമെന്റ് അംഗീകരിച്ച നിയമത്തിൽ ത്തന്നെ സ്വമേധയാ വാഗ്ദാനംചെയ്യുന്ന വിദേശസഹായം സ്വീകരിക്കാൻ വ്യവസ്ഥയുണ്ട്. അത് വിസ്മരിക്കരുത്. പ്രായോഗികമായ വിധികൾ കോടതികൾ പുറപ്പെടുവിച്ചാൽ മതിയെന്ന് ശഠിക്കുന്ന അമിത് ഷാ പ്രളയം കശക്കിയെറിഞ്ഞ കേരളത്തെ സഹായിക്കാൻ പ്രായോഗിക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ല. അതിന് കാരണം പുതിയ കേരളം ഉണ്ടാകരുത് എന്ന സംഘപരിവാറിന്റെ ദുഷ്ടമനസ്സാണ്.

സംഘപരിവാറിന്റെ രഥയാത്ര
പ്രളയംപോലെ നാടിനെ ബാധിച്ച ഒരു വിഷയമല്ല ശബരിമലവിഷയം. പുതിയ കേരളം പടുത്തുയർത്താൻ എല്ലാ കേരളീയരും രാജ്യത്തെ മനുഷ്യസ്നേഹികളും ഒന്നിക്കുന്ന ഈ ഘട്ടത്തിൽ ആ യോജിപ്പിനെ ഇല്ലാതാക്കി വിഘടിപ്പിക്കാനുള്ള ഹീനമാർഗത്തിലാണ് ബിജെപി ‐ ആർഎസ്എസ് ‐കോൺഗ്രസ് ‐ യുഡിഎഫ് ശക്തികൾ. ഇക്കൂട്ടർ ശബരിമലയുടെ മറവിൽ കലാപം സൃഷ്ടിക്കാൻ കരുനീക്കുകയാണ്. ആദ്യഘട്ടത്തിൽ അലസിപ്പോയ നീക്കം വിജയിപ്പിക്കാനുള്ള തറയൊരുക്കുകയായിരുന്നു അമിത് ഷായുടെ കേരളസന്ദർശനം. സാമുദായിക ധ്രൂവീകരണത്തിനുള്ള പ്രതിലോമകരമായ ചുവടുവയ്പനുള തീവ്രമാക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പന്റെ നാമത്തിലെ കലാപത്തിലൂടെ സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലാക്ക്. അതിനുള്ള മോഹമാണ് അമിത് ഷായുടെ പ്രസംഗത്തിൽ അലയടിച്ചത്. ഇതിന്റെ തുടർച്ചയാണ് കാസർകോട്ടുനിന്ന് പത്തനംതിട്ടയ്ക്കുള്ള പി എസ്ത ശ്രീധരൻപിള്ളയുടെ ‘രഥയാത്ര’. രാമജന്മഭൂമിയുടെപേരിൽ രഥയാത്ര നടത്തി ഇന്ത്യയെ കലാപ ഭൂമിയാക്കിയതുപോലെ അയ്യപ്പന്റെ നാമത്തിൽ ‘രഥയാത്ര’ നടത്തി കേരളത്തെ വർഗീയ കുരുതിക്കളമാക്കാമെന്നാണ് സംഘപരിവാർ കണക്കുകൂട്ടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടും സീറ്റും നേടാനുള്ള ഈ വർഗീയക്കളിയെ പ്രബുദ്ധകേരളം തിരിച്ചറിയും. കേരളം ഒരു ജാതി റിപ്പബ്ലിക്കല്ല. മതേതര ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായ സംസ്ഥാനമാണ്.

സാമൂഹ്യനീതി പുലരണം
ഹിന്ദു ആചാരങ്ങളെ അടിച്ചമർത്തുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെ എസ്എൻഡിപിയും ബിജെപിയും ഒന്നിച്ചു പോരാടുമെന്ന് ശിവഗിരിയിൽ ബിജെപി അധ്യക്ഷൻ പ്രഖ്യാപിച്ചു. പക്ഷേ, ഈ പ്രഖ്യാപനം ഒരു ചാപിള്ളയായിരുന്നുവെന്ന് 24 മണിക്കൂറിനുള്ളിൽ തെളിഞ്ഞു. ശബരിമല സമരത്തോട് യോജിപ്പില്ലെന്നും ബിജെപിയുമായി യോജിച്ച് പ്രവർത്തിക്കില്ലെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. സുപ്രീംകോടതി വിധി അംഗീകരിക്കുക ഒരു പൗരന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. 10 നും 50 നും മധ്യേയുള്ള സ്ത്രീകൾ ശബരിമലയിൽ പോകാതെ, പ്രവൃത്തികൊണ്ട് കോടതിവിധി മറികടക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു ആചാരങ്ങളെ അടിച്ചമർത്തുന്ന നയം എൽഡിഎഫ്് സർക്കാരിനില്ല. എന്നാൽ, കാലഹരണപ്പെട്ട ആചാരങ്ങൾ മാറ്റാൻ കാലവും ഭരണഘടനാസംവിധാനവും മുന്നോട്ടുവന്നാൽ അതിനെ തടയാൻ എൽഡിഎഫ്ു സർക്കാർ ഉണ്ടാകില്ല.

എഐസിസി പ്രസിഡന്റിന്റെ അഭിപ്രായം വ്യക്തിപരവും
സംസ്ഥാനനേതാക്കളുടേത്‌ ഔദ്യോഗികവും ആകുന്നത്‌ രാഷ്ട്രീയചരിത്രത്തിലെ
ഏറ്റവും വലിയ തമാശയാണ്‌. ഇതിന്‌ സമാനമായ ഒരു സംഭവം
കണ്ടെത്തുക പ്രയാസം. കോൺഗ്രസ്‌ അധ്യക്ഷനെ തള്ളിയ
കെപിസിസി നേതൃത്വം അമിത്‌ ഷായുടെ വാക്കുകളെ തേൻപോലെ
നുണയുകയാണ്‌. രാഹുൽ ഗാന്ധി മൂർദാബാദ്‌, അമിത്‌ ഷാ ജയ്‌ഹോ
എന്നതായിരിക്കുന്നു ഇക്കൂട്ടരുടെ പുതിയ ശരണംവിളി

നിരീശ്വരവാദം പരത്താനാണ് ശബരിമല പ്രശ്നത്തിൽ സിപിഐ എമ്മും എൽഡിഎഫ് സർക്കാരും നിലകൊള്ളുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടതായി കാണുന്നു. ഇഷ്ടമുള്ള വിശ്വാസികളായ സ്ത്രീകൾക്ക് അയ്യപ്പദർശനത്തിന് ശബരിമലയിൽ അനുമതി നൽകിയ സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നത് എങ്ങനെയാണ് നിരീശ്വരവാദമാകുന്നത്? അയ്യപ്പദർശനം സ്ത്രീകൾകൂടി നടത്തിയാൽ അത് എങ്ങനെ ദൈവനിഷേധമാകും? പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും ദർശനാനുമതി നൽകിയ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ ആഹ്ലാദപൂർവം സ്വീകരിക്കുന്ന ഒരു തലമുറയെ തള്ളാൻ ഒരു സമുദായസംഘടനയ്ക്കും കഴിയാതെവരും. കമ്യൂണിസ്റ്റുകാർ ഒരിക്കലും കേവല യുക്തിവാദികളല്ല. ഈ ഭൂമിയെ നന്നാക്കാൻ വിശ്വാസികളും അവിശ്വാസികളും കൈകോർത്ത് പോരാടണമെന്ന സിദ്ധാന്തം നടപ്പാക്കാൻ പ്രയത്നിക്കുന്നവരാണ്. വിശ്വാസിസമൂഹത്തെ ഒറ്റപ്പെടുത്തുകയോ അടിച്ചമർത്തുകയോ ചെയ്യുക എന്നത് കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ അജൻഡയല്ല. അമിത് ഷാ മുറുകെപ്പിടിക്കുന്ന ഹിന്ദു ആചാരം ഒരു വിഭാഗം ജനങ്ങളുടെ ഭക്തിയെയും വിശ്വാസത്തെയും അധമമായി ചൂഷണം ചെയ്യാനുള്ളതാണ്.

അതിനുവേണ്ടി ബിജെപി എപ്പോഴും മറുകണ്ടം ചാടുകയും രാഷ്ട്രീയക്കളി കളിക്കുകയും ചെയ്യും എന്ന് ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. രാജാറാം മോഹൻ റായിയെപ്പോലുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ ഇടപെടലിന്റെകൂടി ഫലമായാണ് 1829 ൽ വില്യം ബെന്റിക്ട പ്രഭു സതി നിരോധിച്ചത്. ബ്രിട്ടീഷുകാർ നിരോധിച്ച ‘സതി’ അനുഷ്ഠിക്കുന്നത് വിശ്വാസത്തെ സംരക്ഷിക്കലാണെന്ന് പ്രഖ്യാപിച്ച് സതിയെ പിന്തുണച്ചവരാണ് ബിജെപി നേതാക്കൾ. 1987 സെപ്തംബർ നാലിന് രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ദേവ്കരാല ഗ്രാമത്തിൽ രൂപ് കൻവാർ എന്ന പതിനെട്ടുകാരിയെ പട്ടാപ്പകൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ചുട്ടുകരിച്ചതിനെ പിന്തുണച്ചവരാണിവർ. രജപുത്ര പാരമ്പര്യവും ഭാരതീയസ്ത്രീയുടെ പാതിവ്രത്യവിശുദ്ധിയും കാത്തുസൂക്ഷിക്കാനായിരുന്നത്രെ ആ അരുംകൊല. അതിനെതിരെ എടുത്ത കൊലക്കേസിൽ 39 പ്രതികളെയും കോടതി വിട്ടയച്ചപ്പോൾ കുറ്റവാളികൾക്ക് പൂമാല ചാർത്തുകയാണ് സംഘപരിവാർ ചെയ്തത്. ഇപ്രകാരം ഹിന്ദു ആചാരം നിലനിർത്താൻ ശ്രമിക്കുന്നവർ ഇന്ന് ശബരിമലയിൽ സ്ത്രീപ്രവേശനം വിലക്കാൻ ശഠിക്കും. അത് വിജയിച്ചാൽ ഭർത്താവിന്റെ ചിതയിൽ ഭാര്യയെയും ചുട്ടുകരിക്കണമെന്ന ഏറെ പ്രാകൃതമായ ഹിന്ദു ആചാരം നടപ്പാക്കാൻ ഇവർ ഇറങ്ങില്ലെന്ന് ആര് കണ്ടു.

സംഘപരിവാർ അക്രമം

ഹിന്ദു ആചാരം എന്തെന്നും എന്ത് അല്ലെന്നും മഹാഭാരതത്തെയും പുരാണങ്ങളെയും ചരിത്രത്തെയും സാക്ഷ്യപ്പെടുത്തി വിവരിക്കുന്ന സന്യാസിമാരെയും സംഘപരിവാർ വെറുതെ വിടുന്നില്ല. അയ്യപ്പന്റെ പേര് കലാപത്തിന് ഉപയോഗിക്കുന്നതിനെ എതിർത്തതിനാണ് സ്വാമി സന്ദീപാനന്ദഗിരിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ കുണ്ടമൺകടവിലെ സാളഗ്രാമ ആശ്രമം വെണ്ണീറാക്കിയത്. അതുണ്ടായതും അമിത് ഷായുടെ വർഗീയ കലാപ പ്രയാണത്തിന് മധ്യേയാണ്. ഒരു കോടി രൂപയിലധികം നഷ്ടമുണ്ടായി. അവിടെ വച്ച റീത്ത് നൽകുന്ന മുന്നറിയിപ്പ് ചെറുതല്ല. സംഘപരിവാറിന്റെ വാക്കുകളുടെ അർഥശൂന്യത വിളിച്ചുപറയുന്ന സന്യാസിയുടെപോലും തലയറുക്കുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ചിന്മയപ്രസ്ഥാനത്തിലൂടെ ആത്മീയരംഗത്ത് എത്തി സ്വന്തം പ്രസ്ഥാനവുമായി മുന്നോട്ടുപോകുന്ന സന്യാസിയാണ് സന്ദീപാനന്ദഗിരി. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യുക്തിഭദ്രമായി വാദങ്ങൾ നിരത്തിയതിലുള്ള സംഘപരിവാറിന്റെ അസഹിഷ്ണുതയാണ്ബ കൊലപാതകശ്രമത്തിൽ തെളിയുന്നത്.

ഇത്തരം അക്രമങ്ങളെ തള്ളിപ്പറയാൻ അമിത് ഷാ തയ്യാറായിട്ടില്ല. കോടതികൾ നടപ്പാക്കാൻ പറ്റുന്ന വിധികളേ പുറപ്പെടുവിക്കാവൂയെന്ന ബിജെപി നേതാവിന്റെ തീട്ടൂരത്തിന് പിന്നിൽ, സിബിഐ ഭരണം അർധരാത്രിയിൽ പിടിച്ചെടുത്ത മോഡി ഭരണ നടപടിയിൽ സുപ്രീകോടതി ഇടപെട്ടതിലുള്ള രോഷവുമുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയിൽ ഒന്നായ റഫേൽ അഴിമതി അന്വേഷിക്കാൻ സിബിഐ ഡയറക്ടർ പുറപ്പെട്ടപ്പോഴാണ് സ്ഥാനചലനവും പാതിരാ അട്ടിമറിയുമുണ്ടായത്. രാജ്യത്തിന് പ്രകാശം പരത്തുന്ന ഇടതുപക്ഷ ബദലായ എൽഡിഎഫ് സർക്കാരിനെ, നാളുകൾ എണ്ണുന്ന മോഡി ഭരണത്തണലിൽ തൊട്ടുകളിക്കാനുള്ള അമിത് ഷായുടെ മോഹം, ഇന്ത്യയിലെ ജനാധിപത്യസമൂഹവും നീതിന്യായ വ്യവസ്ഥ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന വിഭാഗങ്ങളും അനുവദിച്ചുകൊടുക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News