ശബരിമലയിൽ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

ശബരിമലയിൽ  ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ. ചിത്തിര ആട്ട വിശേഷ പുജയ്ക്കായി ശബരിമല നട തിങ്കളാഴ്ച വൈകുന്നേരം തുറക്കാനിരിക്കെയാണ് ഇന്ന് അർദ്ധ രാത്രി മുതൽ ചൊവ്വാഴ്ച അർദ്ധ രാത്രി വരെ ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജില്ലാ പോലീസ് മേധാവിയുടെയും റാന്നി തഹസീൽദാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ല കലക്ടർ പി ബി നൂഹാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ഇലവുങ്കൽ നിലയ്ക്കൽ, പമ്പ , സന്നിധാനം തുടങ്ങിയ എല്ലാ പ്രദേശങ്ങളിലും നിരോധനാജ്ഞ ബാധകമായിരിക്കുമെന്നതിനാൽ പ്രാർഥനാ യജ്ഞം, പ്രകടനം, പൊതുയോഗം, എന്നിവയൊന്നും അനുവദിക്കില്ല.

നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ദക്ഷിണ മേഖല എഡി ജി പി യുടെ നേതൃത്വത്തിൽ ഐജിയും അഞ്ച് എസ്പി മാരും അടങ്ങുന്ന ആയിരത്തി ഇരുന്നൂറ് പൊലീസുകാരെയാണ് സുരക്ഷാ ചുമതലയ്ക്കായി ശനിയാഴ്ച മുതൽ ശബരിമലയും പരിസര പ്രദേശങ്ങളിലുമായി വിന്യസിക്കുന്നത്.

തീർത്ഥാടകരെയും മാധ്യമ പ്രവർത്തകരെയും സുരക്ഷാ പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് ശേഷമായിരിക്കും കടത്തി വിടുന്നത്.

ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് സമാധാനപരമായി ദർശനം നടത്തുന്നതിനുള്ള എല്ലാ വിധ ക്രമീകരണങ്ങളും പൂർത്തിയായതായും തീർത്ഥാടകരല്ലാത്ത മറ്റാരെയും പമ്പയിലോ സന്നിധാനത്തോ കടത്തിവിടുകയോ തങ്ങുവാനോ അനുവദിക്കില്ലെന്നും ജില്ല പൊലീസ് മേധാവിയും വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here