പയ്യാമ്പലത്ത് ജനതാദൾ നേതാവ് നിസാർ അഹമ്മദിന്റെ സ്മാരകം തകർത്തതിന് പിന്നിലുള്ള ഗൂഢാലോചനയിൽ ഉന്നത ബിജെപി നേതാക്കൾക്കും പങ്കെന്ന് സൂചന

കണ്ണൂർ: പയ്യാമ്പലത്ത് ജനതാദൾ എസ് നേതാവ് നിസാർ അഹമ്മദിന്റെ സ്മാരകം തകർത്തതിന് പിന്നിലുള്ള ഗൂഢാലോചനയിൽ ഉന്നത ബി ജെ പി നേതാക്കൾക്കും പങ്കെന്ന് സൂചന. പയ്യാമ്പലത്ത് അഹിന്ദുവിന്റെ സ്മാരകം പാടില്ലെന്ന് ഭീഷണി മുഴക്കി കാവിക്കൊടി നാട്ടിയ കാര്യം ബി ജെ പി നേതാക്കളും അറിഞ്ഞിരുന്നു.ഭീഷണി ഉള്ള കാര്യം ജനതാദൾ നേതാക്കൾ പി കെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളെ അറിയിച്ചിരുന്നെങ്കിലും സ്മാരകം തകർക്കുന്നത് തടഞ്ഞില്ല.

പയ്യാമ്പലം ശ്മശാനവും പരിസരവും ഹിന്ദുക്കളുടേത് മാത്രമെന്ന് വരുത്തി തീർക്കാനാണ് ഏറെ നാളായി സംഘപരിവാറിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് ജനതാദൾ നേതാവ് നിസാർ അഹമ്മദിന്റെ സ്മാരകം തകർത്തത്. പള്ളിയിൽ കബറടക്കിയ മുസ്ലിമായ നിസാർ അഹമ്മദിന്റെ സ്മാരകം പയ്യാമ്പലത്ത് അനുവദിക്കില്ല എന്ന പരസ്യ നിലപാടാണ് വി എച്ച് പി ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ സ്വീകരിച്ചത്.

സ്മാരക സ്തൂപത്തിൽ സംഘപരിവാർ കാവിക്കൊടി നാട്ടിയതിന് പിന്നാലെ ജനതാദൾ നേതാക്കൾ ഉന്നത ബി ജെ പി ആർ എസ് എസ് നേതാക്കളെ ബന്ധപ്പെട്ടിരുന്നു.പ്രശ്നം പരിഹരിക്കണം എന്ന് അഭ്യർത്ഥിച്ച് പി കെ കൃഷ്ണദാസ്,സി കെ പദ്മനാഭൻ,കെ രഞ്ജിത്ത് തുടങ്ങിയ നേതാക്കളെയാണ് സമീപിച്ചത്.

എന്നാൽ സ്തൂപം അനാച്ഛാദനം ചെയ്യുന്നത് മാറ്റി വയ്ക്കണം എന്നാണ് സംഘപരിവാർ നേതാക്കൾ ആവശ്യപ്പെട്ടത്. ജനതാദൾ എസ് നേതാക്കൾ ഇതിന് തയ്യാറായില്ല. നവംബർ 3 ന് വൈകുന്നേരം മന്ത്രി മാത്യു ടി തോമസ് സ്‌മൃതി മണ്ഡപം അനാച്ഛാദനം ചെയ്യുന്ന പരിപാടിയും നിശ്ചയിച്ചു ഇതിന് പിന്നാലെയാണ് ഇരുട്ടിന്റെ മറവിൽ സ്മാരകം തകർത്തത്.

വിഷയം അറിഞ്ഞിട്ടും സ്മാരകം തകർക്കുന്നത് തടയാതിരുന്ന ഉന്നത ബിജെപി- ആർഎസ്എസ് നേതാക്കൾക്കൾക്കും ഗൂഢാലോചനായിൽ പങ്കുണ്ട് എന്നാണ് ഇപ്പോൾ ഉയരുന്ന സംശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News