“കേരളത്തെ നൂറ്റാണ്ട് പിന്നോട്ട് നടത്താനുള്ള നീക്കം നടക്കുന്നു; സ്ത്രീയെ രണ്ടാംതരക്കാരാക്കി നിലനിര്‍ത്താന്‍ സ്ത്രീയെത്തന്നെ തെരുവിലിറക്കുന്ന അപമാനകരമായ സ്ഥിതി”; എംടി

സ്ത്രീയെ രണ്ടാംതരക്കാരാക്കി നിലനിര്‍ത്താന്‍ സ്ത്രീയെത്തന്നെ തെരുവിലിറക്കുന്ന അപമാനകരമായ സ്ഥിതി കേരളത്തില്‍ സൃഷ്ടിക്കുകയാണെന്ന് മലയാളസാഹിത്യത്തിന്‍റെ കാരണവര്‍ എം ടി വാസുദേവന്‍ നായര്‍.യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധിക്കെതിരായ നീക്കങ്ങള്‍ കേരളത്തെ നൂറ്റാണ്ട് പിന്നോട്ട് നടത്താനുള്ള നീക്കമെന്നും എം.ടി നിലപാടുവ്യക്തമാക്കി

നവോത്ഥാനത്തിലൂടെ പുതിയസംസ്കാര മഹിമ ആര്‍ജിച്ച കേരളത്തിന് അപമാനകരമായ കാര്യങ്ങളാണ് ഇപ്പോള്‍ നാട്ടില്‍നടക്കുന്നതെന്ന് എംടി അഭിപ്രായപ്പെട്ടു.യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ പുരോഗമനപരമായ കാല്‍വയ്പ്പിനെ എതിര്‍ക്കാനും തടയാനുമുള്ള ശ്രമത്തെ പിന്തുണയ്ക്കാന്‍ ഈ നാടിന്‍റെ ഭാവിയാഗ്രഹിക്കുന്ന ഒരാളിനുമാകില്ലെന്നദ്ദേഹം പറഞ്ഞു.

യുവതീപ്രവേശം ആകാമെന്ന പരമോന്നത കോടതിവിധി സ്ത്രീകളെ തെരുവിലറക്കിത്തന്നെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത് മൂഢത്തരമാണെന്നദ്ദേഹം തുറന്നുപറഞ്ഞു.ഇന്നലെ ചെയ്തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാകാം നാളത്തെ ശാസ്ത്രമതാവാം അതില്‍ മൂളായ്ക സമ്മതം രാജന്‍ ആശാന്‍റെ ഈ വരികളല്ലാതെ ഇത്തരക്കാരെ ഓര്‍മ്മപ്പെടുത്താന്‍ മറ്റെന്താണുള്ളതെന്നും എം ടി ദേശാഭിമാനി പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

പ‍ഴയതെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ നാം ശ്രമിക്കുമ്പോള്‍ നമ്മളെ പിന്നോട്ടടിക്കാനുള്ള ശ്രമം അപകടകരമാണെന്ന് എം ടി ഓര്‍മ്മപ്പെടുത്തി.ഇവര്‍ ചരിത്രം മനസ്സിലാക്കാത്തവരാണെന്നും ഗുരുവായൂര്‍ ക്ഷേത്രപ്രവേശ സത്യഗ്രഹത്തെ ഒരു വിഭാഗം എതിര്‍ത്തത് ഗുരുവായൂരപ്പന്‍റെ തേജസ്സ് കുറവുവരുമെന്ന വാദമുയര്‍ത്തിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഗുരുവായൂരപ്പന്‍റെ തേജസ്സിന് ഒരു കുറവുമുണ്ടായിട്ടില്ലെന്ന് വിശ്വാസികള്‍ക്കറിയാമെന്നും എം ടി പറയുന്നു.ഇപ്പോ‍ഴുണ്ടായതുപോലുല്ള പുരോഗമനപരമായ വിധി കോടതിയില്‍ നിന്ന് വരികയെന്നത് നിയമവ്യവസ്ഥയില്‍ അപൂര്‍വമാണെന്നും അതു നടപ്പാക്കാനുള്ള പൂര്‍ണബാധ്യത സര്‍ക്കാരിനുണ്ടെന്നും എംടി പറഞ്ഞു.

സ്ത്രീയോ താ‍ഴ്ന്ന ജാതിക്കാരോ കടന്നു ചെല്ലുമ്പോള്‍ ഇല്ലാതാകുന്നതല്ല ദൈവശക്തിയെന്നും അതവിടെത്തന്നെയുണ്ടാകുമെന്നും ഇന്നത്തെ സുപ്രീംകേടതിവിധക്കെതിരായ നീക്കങ്ങള്‍ മൂഢത്തരമാണെന്ന് കാലം തെളിയിക്കുമെന്നും മലയാള പ്രിയപ്പെട്ട എംടി പറഞ്ഞുവയ്ക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here