സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു; തെക്കൻ ജില്ലകളിൽ കനത്ത മ‍ഴ 

സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു. തുലാവർഷത്തിന്‍റെ വരവറിയിച്ചുകൊണ്ട് തെക്കൻ ജില്ലകളിൽ ആരംഭിച്ച മ‍ഴയാണ് ശക്തമാകുന്നത്. എട്ടാം തീയതിയോടെ സംസ്ഥാന വ്യാപകമായി മ‍ഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതിന് പിന്നാലെ വിവിധയിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കനത്തമഴ തുടരുകയാണ്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്‍റെ 4 ഷട്ടറുകള്‍ റണ്ടരയടി വീതം ഉയര്‍ത്തി. പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.

കരമനയാറിന്‍റേയും നെയ്യാറിന്‍റേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുലാവർഷം സംസ്ഥാനത്ത് എത്തിയെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിലാണ് ഇപ്പോൾ മ‍ഴ ശക്തിപ്രാപിച്ചിട്ടുള്ളത്.തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപംകൊള്ളാനും സാധ്യതയുണ്ട്.

ഇതിന്‍റെയും തുലാവർഷത്തിന്‍റേയും സ്വാധീനത്താൽ എട്ടാം തീയതിയോടെ കേരളത്തിൽ മ‍ഴ കൂടുതൽ ശക്തിപ്രാപിക്കും. ഇടിമിന്നലോടുകൂടിയ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെയാണ് കേരളത്തിൽ തുലാവർഷക്കാലം. എന്നാൽ 15 ദിവസം വൈകിയാണ് ഇത്തവണ വടക്കുകിഴക്കൻ കാലവർഷം കേരളത്തിലെത്തിയത്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് കാരണമാണ് തുലാവർഷം വൈകാനിടയാക്കിയത്. നിലവിൽ തുലാവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഡാമുകളുടെ സ്ഥിതിയും സർക്കാർ പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News