എന്‍ജിനില്‍ പാമ്പ്; വിവേക് എക്സ്പ്രസ് വൈക്കം റോഡില്‍ കുടുങ്ങി

ട്രെയിനിന്‍റെ എൻജിനിൽ പാമ്പ് കയറിയതിനെ തുടർന്ന് കന്യാകുമാരിയിലേക്ക് പോയ വിവേക് എക്സ്പ്രസ് വൈക്കം റോഡിൽ രണ്ടു മണിക്കൂറോളം കുടുങ്ങി. രാവിലെ ഏഴിന് എറണാകുളത്തിനും കോട്ടയത്തിനുമിടെ വൈക്കം റോഡ് സ്റ്റേഷനിലാണ് ട്രെയിനിന്‍റെ എൻജിൻ നിലച്ചത്. പരിശോധനയ്ക്കിടെയാണ് എൻജിൻ ഫാനിൽ പാമ്പ് കുടുങ്ങി കിടക്കുന്നത് കണ്ടെത്തിയത്.

തുടര്‍ന്ന് മെക്കാനിക്കൽ വിഭാഗം ജീവനക്കാർ എത്തി എൻജിന്‍റെ ചില ഭാഗങ്ങൾ അഴിച്ചുമാറ്റിയാണ് പാമ്പിനെ എടുത്തു മാറ്റി. രാവിലെ ഏഴിന് നിർത്തിയിട്ട ട്രെയിൻ ഒൻപതിന് ശേഷമാണ് വൈക്കം റോഡിൽ നിന്ന് പുറപ്പെട്ടത്. ആറിലേറെ മണിക്കൂര്‍ വൈകിയാണ് ട്രെയിൻ ഇന്ന് ഓടുന്നത്.

ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ദൂരം സർവീസ് നടത്തുന്ന ട്രെയിനാണ് വിവേക് എക്സ്പ്രസ്. ആസാമിലെ ദിബ്രുഗഡില്‍ നിന്ന് തെക്കേയറ്റമായ കന്യാകുമാരി വരെ 4273 കിലോമീറ്ററാണ് ഈ ട്രെയിൻ താണ്ടുന്നത്. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഈ ട്രെയിന്‍ സർവീസ്.

വ്യാ‍ഴാ‍ഴ്ച രാത്രി 11ന് കന്യാകുമാരിയില്‍ നിന്ന് ദിബ്രുഗഢിലേക്ക് യാത്രയാരംഭിക്കുന്ന ട്രെയിന്‍ അഞ്ചാം ദിവസമാണ് യാത്ര പൂര്‍ത്തിയാക്കുക. ഞായറാ‍ഴ്ച രാത്രി 11 ദിബ്രുഗഢില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ബുധനാ‍ഴ്ച രാവിലെ കന്യാകുമാരിയില്‍ എത്തിച്ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News