ബ്രൂവറിയിൽ അന്വേഷണം നടത്തേണ്ട സാഹചര്യമില്ല; ചെന്നിത്തലയുടെ ആവശ്യം തള്ളി ഗവർണർ

ബ്രൂവറിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം തള്ളി ഗവർണർ ജസ്റ്റിസ് പി.സദാശിവം. വിഷയത്തിൽ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് ഗവർണർ വ്യക്തമാക്കി. അന്വേഷണം ആവശ്യപ്പെട്ട് 3 തവണയാണ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകിയത്.

മുഖ്യമന്ത്രിയുടെ ഒാഫീസ് നൽകിയ റിപ്പോർട്ടിന്‍റെയും ഹൈക്കോടതി വിധിയും പരിഗണിച്ചാണ് ഗവർണറുടെ തീരുമാനം. സംസ്ഥാനത്ത് മൂന്ന് ബ്രൂവറിയും രണ്ട് ബ്ലെന്‍റിംഗ് യൂണിറ്റും അനുവദിച്ച തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തിയത്.

തുടർന്നാണ് ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന് മൂന്ന് കത്തുകൾ നൽകിയത്. ഇൗ ആവശ്യമാണ് ഗവർണർ നിരാകരിച്ചത്.

വിഷയത്തിൽ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് ഗവർണർ പ്രതിപക്ഷ നേതാവിന് നൽകിയ മറുപടിയിലാണ് വ്യക്തമാക്കിയത്. നേരത്തെ ചെന്നിത്തലയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിരുന്നു.

കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് അനുമതി നൽകിയതെന്നും എന്നാൽ കേരള പുനർനിർമ്മാണ ഘട്ടത്തിൽ അനാവശ്യ വിവാദങ്ങൾ ഒ‍ഴിവാക്കുന്നതിന്‍റെ ഭാഗമായി അനുമതി റദ്ദാക്കിയതും ഉൾപ്പെടെ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കിയിരുന്നു.

ഇൗ റിപ്പോർട്ടിനെ കൂടാതെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഗവർണർ പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം തള്ളിയത്. ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് സി.എഫ് തോമസാണ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ക‍ഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ഇൗ ഹർജി കോടതി തള്ളിയിരുന്നു. ഗവർണറുടെ തീരുമാനത്തോടെ ഒരു അടിസ്ഥാനവുമില്ലാതെ അനാവശ്യമായി പ്രതിപക്ഷം ഉയർത്തിയ വിവാദമായിരുന്നു ബ്രൂവറി വിവാദം എന്നതാണ് തെളിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News