വിദേശ താരങ്ങളെ ആരാധിക്കുന്നവര്‍ ഇന്ത്യ വിടണമെന്ന് വിരാട് കോഹ്‍ലി; പാകിസ്ഥാനിലേക്ക് പോകൂയെന്ന സംഘപരിവാര്‍ ആക്രോശത്തിന്‍റെ മറ്റൊരു നിര്‍ദേശവുമായി കോഹ്‍ലി

വിരാട് കോഹ്‍ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളെക്കാള്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് താരങ്ങളെയാണ് കൂടുതൽ ഇഷ്ടമെന്ന് വ്യക്തമാക്കിയ ആരാധകനോട്, അങ്ങനെയെങ്കിൽ നിങ്ങൾ രാജ്യം വിടണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പ്രതികരണം.

ദേശീയ ടീമിനെയും താരങ്ങളെയും പിന്തുണയ്ക്കാത്തവർ ഇന്ത്യയിൽ ജീവിക്കാൻ അർഹരല്ലെന്ന തരത്തിൽ കോഹ്‍ലി നടത്തിയ പരാമർശത്തിന്‍റെ വിഡിയോയും പുറത്തായി. ട്വിറ്ററിലൂടെ വിദേശ താരങ്ങളോടുള്ള ഇഷ്ടം വെളിപ്പെടുത്തിയ ആരാധകനോടാണ്, രാജ്യം വിടാനുള്ള കോഹ്‍ലിയുടെ ഉപദേശം.

മുപ്പതാം ജൻമദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷന്‍റെ പ്രചാരണാർഥമുള്ള വിഡിയോയിലാണ് കോഹ്‍ലിയുടെ വിവാദ പരാമർശം. വിഡിയോയിൽ ആരാധകരുടെ ട്വീറ്റുകളോട് പ്രതികരിക്കുന്ന ഭാഗത്താണ് കോഹ്‍ലി, വിദേശകളിക്കാരെ ഇഷ്ടപ്പെടുന്നവർ രാജ്യം വിടണമെന്ന പരാമർശം നടത്തിയത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ താരങ്ങളെ സ്നേഹിക്കുന്നവർ ഈ രാജ്യത്തു തുടരരുത്.

മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നവർ അവരുടെ മുൻഗണനകൾ നിശ്ചയിക്കട്ടെ എന്നും കോഹ്‍ലി പ്രതികരിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. കോഹ്‍ലിയെ വ്യക്തിപരമായി ഇക‍ഴ്ത്തുന്ന പരാമര്‍ശങ്ങളായിരുന്നു ആപ്പിൽ ആരാധകൻ കുറിച്ചത്.  അമിത പ്രചാരം ലഭിച്ച ബാറ്റ്സ്മാനാണ് കോഹ്‍ലി. വ്യക്തിപരമായി അദ്ദേഹത്തിന്‍റെ ബാറ്റിങ്ങിൽ എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയിട്ടില്ല. ഇത്തരം ഇന്ത്യൻ താരങ്ങളേക്കാൾ ഇംഗ്ലണ്ടിന്‍റെയും ഓസ്ട്രേലിയയുടെയും താരങ്ങളുടെ കളി കാണാനാണ് എനിക്കിഷ്ടം എനന്നും ആരാധകന്‍ കുറിച്ചു.

ഇതിനുള്ള കോഹ്‍ലിയുടെ മറുപടി ഇങ്ങനെ:

ഓകെ. അങ്ങനെയെങ്കിൽ നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ട ആളാണെന്ന് എനിക്കു തോന്നുന്നില്ല. മറ്റെവിടെയെങ്കിലു പോയി ജീവിച്ചുകൂടെ? ഞങ്ങളുടെ രാജ്യത്ത് ജീവിച്ചിട്ട് വിദേശ ടീമുകളെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? എന്നെ നിങ്ങൾക്ക് ഇഷ്ടമല്ല എന്നത് വിഷയമല്ല. പക്ഷേ, ഇവിടെ ജീവിച്ചിട്ട് മറ്റു രാജ്യക്കാരെ സ്നേഹിക്കുന്നത് ശരിയല്ല. നിങ്ങളുടെ മുൻഗണനകൾ ആദ്യം ശരിയാക്കൂവെന്നും കോഹ്‍ലി നിര്‍ദേശിച്ചു.

കോഹ്‍ലിയുടെ ഈ പ്രതികരണത്തോട് രൂക്ഷമായ ഭാഷയിലാണ് ആരാധകർ പ്രതികരിക്കുന്നത്. പാക്കിസ്ഥാനിലേക്കൂ പോകൂ എന്ന സംഘപരിവാര്‍ ആക്രോശത്തിന്‍റെ മറ്റൊരു രൂപമാണ് ഇതെന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ. ലിയാണ്ടര്‍ പെയ്സും യൂകി ഭാംബ്രി എന്നിവരടക്കമുള്ള ഇന്ത്യന്‍ താരങ്ങളെക്കാള്‍ സ്വിറ്റ്സർലൻഡുകാരനായ റോജർ ഫെഡററെ ആരാധിക്കുന്ന കോഹ്‍ലിയും രാജ്യം വിടണമെന്നായിരുന്നു മറ്റൊരു ആരാധകന്‍റെ പ്രതികരണം.

ക്രിക്കറ്റ് വെറുക്കുന്നതിനാൽ ഞാൻ അമേരിക്കയിലേക്കു പോകുന്നു എന്നായിരുന്നു തന്‍റെ മുന്‍ഗണന നിശ്ചയിച്ച മറ്റൊരു ആരാധകന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News