കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പ് വിജയം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളേയും സ്വാധീനിക്കുമെന്ന പ്രതീക്ഷയില്‍ പ്രതിപക്ഷം

ദില്ലി: കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പ് വിജയം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളേയും സ്വാധീനിക്കുമെന്ന് പ്രതീക്ഷയില്‍ പ്രതിപക്ഷം. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി-സമാജവാദി സഖ്യം നേടിയ വിജയത്തിന് സമാനമാണ് കര്‍ണ്ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം നേടിയതെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന തെലങ്കാന തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് കോണ്‍ഗ്രസ്-ടിഡിപി സഖ്യം.

മധ്യപ്രദേശ്,രാജസ്ഥാന്‍,ചത്തീസ്ഗഡ്,മിസോറാം തിരഞ്ഞെടുപ്പുകളോടൊപ്പമാണ് കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. അതില്‍ ആദ്യം പൂര്‍ത്തിയായ ഉപതിരഞ്ഞെടുപ്പില്‍ തന്നെ കാലിടറിയത് എന്‍ഡിഎ നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നു. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ആദ്യമായി സഖ്യം വന്ന ഉത്തര്‍പ്രദേശില്‍, യോഗി ആദിത്യനാഥിന്റെ മണ്ഡലവും ഉപമുഖ്യമന്ത്രിയുടെ മണ്ഡലവും ബിജെപിയെ കൈവിട്ടു.

ബദ്ധ ശത്രുക്കളായ സമാജവാദിയും-ബി.എസ്.പിയും രൂപപ്പെടുത്തിയ സഖ്യം വോട്ടര്‍മാര്‍ക്കിടയില്‍ ചലനമുണ്ടാക്കില്ലെന്നായിരുന്നു നാഗ്പൂരിലേയും ദില്ലിയിലേയും ആര്‍.എസ്.എസ്-ബിജെപി ബുദ്ധികേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചത്.കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം ആദ്യമായാണ് തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിട്ടത്. ഒരു സിറ്റിങ്ങ് സീറ്റ് കൂടി എന്‍ഡിഎയ്ക്ക് കുറഞ്ഞു. ബിജെപി വന്‍ പരാജയം നേരിട്ട ബല്ലാരി ലോക്‌സഭാ മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്.

ഭരണകക്ഷിയായ ചന്ദ്രശേഖര റാവുന്റെ തെലങ്കാന രാഷ്ട്രിയ സമിതിക്കെതിരെ കോണ്‍ഗ്രസ്-ടിഡിപി -സി.പി.ഐ-തെലങ്കാന ജന സമിതി സഖ്യമായാണ് മത്സരം. കര്‍ണ്ണാടക വിജയം തെലങ്കാനയില്‍ വന്‍ പ്രചാരണമാകുന്നത് ടി.ആര്‍എസ് ഭയപ്പെടുന്നു. സഖ്യ വിജയത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. അതേ സമയം ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍,മധ്യപ്രദേശ്,ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ സഖ്യമില്ലാതെ നേരിട്ടാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

എന്നാല്‍ ചത്തീസ്ഗഡില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും പുറമെ അജിത്‌ജോഗി- മായാവതി സഖ്യമായി തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്.സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായകമാകുന്ന തരത്തില്‍ എം.എല്‍.എമാരെ ജയിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് അവര്‍.അങ്ങനെ വന്നാല്‍ കര്‍ണ്ണാടക മാതൃകയില്‍ തിരഞ്ഞെടുപ്പിന് ശേഷം ജോഗി-മായാവതി സഖ്യവുമായി കോണ്‍ഗ്രസ് ഒരുമിച്ച് നില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷെ ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് പോലെ ചത്തീസ്ഗഡില്‍ ജോഗിയ്ക്ക് മുഖ്യമന്ത്രി പദം വിട്ട് നല്‍കേണ്ടി വരുമെന്ന് മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here