“നവോത്ഥാന കാലഘട്ടത്തില്‍ എടുത്ത നിലപാടുകള്‍ ഇന്നെടുക്കാന്‍ കോണ്‍ഗ്രസിന് ക‍ഴിയുമോ; കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം”: പിണറായി

തൃശൂര്‍: നവോത്ഥാന കാലഘട്ടത്തില്‍ എടുത്ത നിലപാടുകള്‍ ഇന്നെടുക്കാന്‍ കോണ്‍ഗ്രസിന് ക‍ഴിയുമോയെന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന് ഏറ്റവും പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹസമരസ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

“ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സമരം ആചാരം ലംഘിച്ച് നടന്ന സമരമായിരുന്നു. കേരളത്തിലെ അനാചാരങ്ങൾ ഇല്ലാതാക്കാൻ നടന്ന സമരങ്ങളിൽ അന്നത്തെ ദേശീയ പ്രസ്ഥാങ്ങൾക്കും നേതാക്കൾക്കും എതിർ അഭിപ്രായം ഇല്ലായിരുന്നു. ഗുരുവായൂർ സത്യാഗ്രഹ സമയത്ത് ആചാരം ലംഘിക്കണം എന്ന നിലപാടാണ് അന്നത്തെ കോണ്ഗ്രസ് എടുത്തത്.

ഉയർന്നത് തെറ്റായ ആചാരങ്ങൾ ലംഘിച്ച് കൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് കേരളം ഉയര്‍ന്നു വന്നത്. നമ്മുടെ സാമൂഹ്യ പരിഷ്കർത്താക്കൾ ആണ് ആചാരം ലംഘിക്കാൻ ഉള്ളതാണ് എന്ന് നമ്മളെ പഠിപ്പിച്ചത്. ആചാരം ലംഘിച്ച് കൊണ്ടാണ് ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയത്.

നമ്മുടെ സാമൂഹ്യ ജീവിതം മുന്നോട്ട് പോകാൻ കഴിയാതെ നിരവധി അന്ധവിശ്വാസങ്ങളാൽ കുടുങ്ങിക്കിടന്ന ഒന്നായിരുന്നു. ആചാരം ലംഘിക്കാൻ പാടില്ല എന്ന് പറയുന്ന കൂട്ടർ ഗുരുവായൂർ സത്യാഗ്രഹ ചരിത്രം മനസ്സിലാക്കുന്നത് നല്ലതാണ്. നമ്മുടെ നാട് മുന്നോട്ട് പോയപ്പോൾ ഒരു കൂട്ടർ പിന്നോട്ട് പോയി.

വിശ്വാസത്തിന് പ്രാധാന്യം നൽകാത്ത കേളപ്പൻ സമരത്തിന് നേതൃത്വം കൊടുത്തത് എല്ലാർക്കും ആരാധിക്കാനുള്ള സ്വതന്ത്രത്തിന് വേണ്ടിയായരിരുന്നു. നാട്ടിൽ മാറ്റം വരുമ്പോൾ യാഥാസ്ഥിക വിഭാഗം അതിനെ എതിർക്കും,എന്നാൽ അതിന്റെ അവകാശ വാദം നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കാറില്ല. ചതുർവർണ്യം തിരികെ വരണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരക്കാർ.
ആചാരങ്ങൾ മാറ്റം ഇല്ലാത്തവയല്ല. അനാചാരങ്ങൾ മാറ്റിയാണ് നവോത്ഥാനത്തിന്റെ വെളിച്ചം വന്നത്. വിശ്വാസികൾ തന്നെയാണ് അനാചാരങ്ങൾ മാറ്റുന്നത്തിൽ മുന്നിൽ നിന്നത്.

ദൈവത്തിന്റെ മുന്നിൽ മനുഷ്യന് വേർതിരിവ് എന്തിനാണെന്നും പിണറായി ചോദിച്ചു. ദൈവ നാമം ആർക്കും നിഷിദ്ധമല്ല എന്നാണ് ഹരിനാമ കീർത്തനം പറയുന്നത്. ഹരിനാമ കീർത്തനം മുഴങ്ങുന്ന ഇടമാണ് ഗുരുവായൂർ. അനാചാരങ്ങൾ പരിരക്ഷിക്കാൻ മറ ആക്കേണ്ട ഒന്നല്ല വിശ്വാസം. സാമൂഹ്യ പരിഷ്കർത്താക്കൾ പണിപ്പെട്ട് അനാചാരങ്ങൾ മാറ്റി എടുത്ത നാട് ആണ് കേരളം”. അതാണ് പിന്തുടരേണ്ടതെന്നും പിണറായി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News