ശബരിമലയിലെ ആക്രമണം സുപ്രീം കോടതി വിധിക്ക് എതിരെ; ന്യായീകരിക്കാന്‍ സാധിക്കില്ല; ജാമ്യം അനുവദിക്കാന്‍ ക‍ഴിയില്ലെന്നും ഹെെക്കോടതി

ശബരിമലയില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹെെക്കോടതി. ആക്രമണത്തെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും സമരം സുപ്രീം കോടതി വിധിയ്ക്ക്  എതിരെയാണെന്നും അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അക്രമം ആവര്‍ത്തിക്കുമെന്നും കോടതി നിരീക്ഷിച്ചു. ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക്, ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും ഹെെക്കോടതി വ്യക്തമാക്കി.

റിമാന്‍റില്‍ ക‍ഴിയുന്ന അഭിഭാഷകന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്‍റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

തുലാമാസ പൂജകള്‍ക്കായി നട തുറക്കവെ നിലയ്ക്കലില്‍ അഭിഭാഷകന്‍ അക്രമം നടത്തിയതിന് തെളിവുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

ആള്‍ക്കൂട്ട അക്രമത്തിന്‍റെ മുന്‍ പന്തിയില്‍ ഇയാള്‍ ഉണ്ടായിരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.പോലീസിനെ അക്രമിക്കുകയും കെ എസ് ആര്‍ ടി സി ബസ് അടക്കമുള്ള വാഹനങ്ങള്‍ തകര്‍ത്തെന്നുമാണ് അഭിഭാഷകനെതിരെയുള്ള കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here