മദ്യലഹരിയില്‍ സുഹൃത്തിനോട് കഥകള്‍ പറഞ്ഞു; കൊലക്കേസ് പ്രതി 27 വര്‍ഷങ്ങള്‍ക്കുശേഷം കുടുങ്ങി – Kairalinewsonline.com
Crime

മദ്യലഹരിയില്‍ സുഹൃത്തിനോട് കഥകള്‍ പറഞ്ഞു; കൊലക്കേസ് പ്രതി 27 വര്‍ഷങ്ങള്‍ക്കുശേഷം കുടുങ്ങി

മൂന്നാഴ്ച മുമ്പാണ് കേരളാപോലിസിന് ഇത് സംബന്ധിച്ച് വിവരം കിട്ടിയത്

മലപ്പുറം: പൂക്കോട്ടൂര്‍ മൈലാടിയില്‍ ക്വാറിത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൊടുപുഴ പിണക്കാട്ട് സെബാസ്റ്റ്യന്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം മംഗളുരുവില്‍ പിടിയില്‍.

മണ്ണാര്‍ക്കാട് സ്വദേശി പാറയ്ക്കല്‍ മുരളിയെ 1991ലാണ് പണമിടപാടിനെച്ചൊല്ലിയുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് ക്വാറിയിലെ ഉളികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.

സംഭവശേഷം മംഗളുരുവിലേക്ക് കടന്ന ഇയാള്‍ കുട്ടിയച്ചന്‍, കുട്ടപ്പന്‍, ബാബു മുഹമ്മദ് തുടങ്ങിയ പേരുകളില്‍ ജോലിചെയ്ത് വരുകയായിരുന്നു.

30 വര്‍ഷമായി നാടുമായി ബന്ധമില്ലാത്തതിനാല്‍ വീട്ടുകാര്‍ക്കും വിവരമില്ലായിരുന്നു. മംഗളുരുവില്‍ താമസിക്കുന്ന മുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട് കെട്ടിടമുടമയുമായി തര്‍ക്കമുണ്ടാവുകയും ക്വാറിയില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തു എറിഞ്ഞ് കെട്ടിടമുടമയെ പരിക്കേല്‍പ്പിക്കുകയും ചെയ്തതായി മംഗളുരു പുത്തൂര്‍ പോലിസില്‍ ഇയാള്‍ക്കെതിരേ കേസ് ഉണ്ടായിരുന്നു.

സുഹൃത്തിനൊപ്പം മദ്യപിച്ചിരിക്കുമ്പോള്‍ കൊലപാതക കഥകള്‍ പറഞ്ഞതാണ് സെബാസ്റ്റ്യനെ കുടുക്കിയത്. സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.

മൂന്നാഴ്ച മുമ്പാണ് കേരളാപോലിസിന് ഇത് സംബന്ധിച്ച് വിവരം കിട്ടിയത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ഏതോ ഒരുക്വാറിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലുണ്ടെന്നായിരുന്നു സന്ദേശം. തുര്‍ന്ന് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്‌

To Top