ഡിവൈഎഫ്ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കോഴിക്കോട് – Kairalinewsonline.com
Kerala

ഡിവൈഎഫ്ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കോഴിക്കോട്

യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഡിവൈഎഫ്ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി. ഈ മാസം 11 മുതൽ 14 വരെയാണ് സമ്മേളനം. 12 ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി സായിനാഥ് ഉദ്ഘാടനം ചെയ്യും. 14 ന് വൈകീട്ട് നടക്കുന്ന യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം വലിയ വിജയമാക്കാനുള്ള തയ്യാറെടുപ്പുകൾ
കോഴിക്കോട് പൂർത്തിയായി വരുന്നു. ആദ്യമായി കോഴിക്കോട് വേദിയാകുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ ഇതിനകം സംഘടിപ്പിച്ചു.

11 ന് വൈകീട്ട് പൊതുസമ്മേളന നഗരിയായ കടപ്പുറത്ത് പതാക ഉയരും. 12 മുതൽ 14 വരെയാണ് പ്രതിനിധി സമ്മേളനം. മുതിർന്ന മാധ്യമ പ്രവർത്തകൻ പി സായിനാഥ് 12 ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 5 ട്രാൻസ്ജെന്റർ പ്രതിനിധികളും 136 വനിതകളുമടക്കം 623 പേർ സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിന് സമാപനം കുറിച്ച് ഒരു ലക്ഷം പേർ അണിനിരക്കുന്ന യുവജന റാലി 14 ന് വൈകീട്ട് കടപ്പുറത്തെ ഫിദൽ കാസ്ട്രോ നഗറിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച്ച പതാക, കൊടിമര, ദീപശിഖാ റാലികൾ ആരംഭിക്കും. കൂത്ത്പറമ്പ് രക്തസാക്ഷി സ്ക്വയറിൽ നിന്നാണ് സംസ്ഥാന ട്രഷറർ പി ബിജുവിന്റെ നേതൃത്വത്തിൽ പതാക ജാഥ തുടങ്ങുക. നാദാപുരം ഷിബിൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖാ ജാഥ, കേന്ദ്രകമ്മിറ്റി അംഗം വി പി റജീനയും ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള കൊടിമര ജാഥ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് കെ സജീഷും നയിക്കും.

സമ്മേളനത്തിന്റെ ഭാഗമായി സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ഉദ്ഘാടനം ചെയ്യുന്ന ദേശീയ സെമിനാർ മുതലക്കുളത്ത് ശനിയാഴ്ചയാണ്. പുസ്തകോത്സവം, സാംസ്ക്കാരിക സായാഹ്നം എന്നിവ നടന്നു വരുന്നു. മോദി സർക്കാരിന്റെ നാലര വർഷങ്ങൾ തുറന്നു കാട്ടുന്ന ‘അസ് ലി ദിൻ’ എന്ന പേരിട്ട ഡിജിറ്റൽ എക്സിബിഷൻ നാളെ ആരംഭിക്കും.

കോഴിക്കോട് നടന്ന വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി മോഹനൻ, കൺവീനർ പി നിഖിൽ, യുവജന നേതാക്കളായ എസ് കെ സജീഷ്, വി വസീഫ് തുടങ്ങിയർ പങ്കെടുത്തു

To Top