പ്രളയം തകർത്തെറിഞ്ഞ രാധാമണിയുടെയും കുടുംബത്തിന്റെയും ജീവിതം കരുപ്പിടിപ്പിക്കാൻ കൈകോർത്ത് സുമനസ്സുകൾ

സമൂഹത്തിലെ കരുണയുള്ള മനസ്സുകൾ കൺ തുറന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങിപ്പോകാനിടമില്ലാതെ വലഞ്ഞ നാലംഗ കുടുംബത്തിന് ലഭിച്ചത് സ്ഥലവും വീടും മാത്രമല്ല ജീവിതമാർഗ്ഗവും കുടിയാണ്.

അപ്രതീക്ഷിതമായി ഉണ്ടായ മഹാപ്രളയത്തിൽ ഒന്നര ദിവസത്തോളം അറൻമുളയിലെ വാടക വീട്ടിൽ ഒറ്റപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട രാധാമണിയുടെ നാലംഗ കുടുംബത്തിന് രക്ഷാപ്രവർത്തകരുടെ ബോട്ടിൽ ദുരിതാശ്വാസ ക്വംപിലെത്തുമ്പോൾ ഉടുവസ്ത്രം മാത്രമാണ് സമ്പാദ്യമായി അവശേഷിച്ചത്.

സ്വർണ്ണപ്പണിക്കാരനായിരുന്ന ഭർത്താവ് രാധാകൃഷ്ണൻ രോഗബാധിതനായി നട്ടെല്ലിന് ഒരു ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലാണ്. രാധാകൃഷ്ണന്റെ വ്യദ്ധ മാതാവും ബി കോം ബിരുദധാരിയെങ്കിലും തൊഴിൽ രഹിതയായ മകളുമടങ്ങുന്ന കുടുംബത്തെ രാധാമണി തൊഴിലുറപ്പ് ജോലിക്ക് പോയാണ് പോറ്റിയിരുന്നത്.

താമസിച്ചിരുന്ന വാടക വീട് പ്രളയത്തിൽ തകരുകയും ഉള്ള സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെടുകയും ചെയ്ത ഈ നാലംഗ കുടുംബത്തിന്റെ നിസ്സഹായത മുതിർന്ന മാധ്യമ പ്രവർത്തകനും ഇലന്തൂർ നാട്ടൊരുമ എന്ന സന്നധ സംഘടനയുടെ രക്ഷാധികാരിയുമായ സാം ചെമ്പകത്തിലിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഈ കുടുംബത്തിന്റെ ജാതകം മാറി മറിഞ്ഞത്.

സ്വന്തമായി ഭൂമി ഇല്ലാത്ത ഇവർക്ക് ഭൂമി കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലിയ കടമ്പ. ഇതിനായി മെഴുവേലി സ്വദേശിയായ അലുംപാട്ട് വടക്കെചരി വിൽ ബാലകൃഷ്ണനെ സമീപിച്ചു.

ഭാര്യ മരിച്ച ദുഖത്തിൽ കഴിഞ്ഞിരുന്ന ബാല്യഷ്ണൻ പക്ഷെ ഈ കുടുംബത്തിന്റെ നിസ്സഹായതക്ക് മുന്നിൽ സ്വന്തം ദുഖങ്ങൾക്ക് താത്ക്കാലിക അവധി നൽകി.

തനിക്ക് സ്വന്തമായുള്ള ഭൂമിയിൽ നിന്ന് അനുയോജ്യമായ 5 സെന്റ് സ്ഥലം എടുത്തു കൊള്ളാനായിരുന്നു ബാലകൃഷ്ണന്റെ മറുപടി.
ദുരിതാശ്വാസ ക്യാംപ് സന്ദർശനത്തിനെത്തിയ സാമുഹ്യ പ്രവർത്തയായ ഡോ. എം എസ് സുനിൽ ടീച്ചർ ഇവർക്ക് വീട് നിർമ്മിച്ച് നൽകാമെന്ന് ഉറപ്പ് നൽകി.

തുടർന്ന് ഈ കുടുംബം തന്നെ തിരഞ്ഞെടുത്ത 5 സെന്റ് സ്ഥലം കഴിഞ്ഞ ദിവസം ഇവരുടെ പേരിൽ രേഖയാക്കി ബാലകൃഷ്ണന്റെ മെഴുവേലിയിലെ വീട്ടിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ വച്ച് കൈമാറി.

ഇവരുടെ ദുരിത കഥയറിഞ്ഞ പ്രമുഖ ധന കാര്യ സ്ഥാപനമായ താഴയിൽ ഫൈനാൻസിയേഴ്സ് ഉടമ തന്റെ സ്ഥാപനത്തിൽ രാധാമണിയുടെ ബികോം ബിരുദധാരിയായ മകൾക്ക് ജോലിയും നൽകി. സുമനസുകളുടെ സഹായത്താൽ പ്രളയം നഷ്ടപ്പെടുത്തിയതിലും മികച്ച ഒരു ജീവിതം ലഭിച്ച സന്തോഷത്തിലാണ് ഈ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here