സാമൂഹ്യമുന്നേറ്റം തടയുന്നവരെ ചരിത്രം ചവറ്റുകുട്ടയിലെറിയും: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യമുന്നേറ്റം തടയുന്നവരെ ചരിത്രം ചവറ്റുകുട്ടയിലെറിയുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ‌്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നമ്മെ ഭാവിതലമുറ കുറ്റക്കാരല്ലെന്ന‌് വിധിക്കാൻ സാമൂഹ്യമുന്നേറ്റങ്ങൾക്കൊപ്പം നിന്നേതീരൂ. ക്ഷേത്രത്തിൽ അവർണർ പ്രവേശിക്കുന്നതിനെതിരെ അമ്പലം അടച്ചിട്ട‌ു, കോടതിയിൽ കേസ‌് കൊടുത്തു, ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചവരെ ഗുണ്ടകളെ ഉപയോഗിച്ച‌് അക്രമിച്ചു. വർഷങ്ങൾക്കുമുമ്പ‌് ക്ഷേത്രപ്രവേശനത്തിനായി അവർണർ ശ്രമിച്ചപ്പോഴുണ്ടായ അവസ്ഥയിതാണ‌്. എന്നാൽ മുന്നേറ്റങ്ങളെ തടയാൻ ശ്രമിക്കുന്നവരുടെ മനോഭാവത്തിന‌് കാലഭേദമില്ല. അവർ അന്നായാലും ഇന്നായാലും ഒരുപോലെ പെരുമാറുന്നു.

1829ലെ സതിനിരോധനത്തിനുശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ‌് ക്ഷേത്രപ്രവേശന വിളംബരം. അധികാരം സ്വമേധയാ അനുവദിച്ച ദാക്ഷിണ്യമായും നവോത്ഥാനമുന്നേറ്റഗതിയിൽ മറ്റ‌് മാർഗമില്ലാതെ അനുവദിച്ച ഇളവായും ക്ഷേത്രപ്രവേശന വിളംബരത്തെ രണ്ടു രീതിയിൽ നോക്കിക്കാണുന്നവരുണ്ട്.

ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ രണ്ടാമത്തേതിനാണ് പ്രാധാന്യം. അനാചാരങ്ങൾക്കും അനീതികൾക്കുമെതിരെ സമുദായത്തിനകത്തും അടിച്ചമർത്തലുകൾക്കെതിരെ പൊതുവായും രണ്ടുതരത്തിലുള്ള പോരാട്ടമാണ‌് അരങ്ങേറിയത‌്.

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം ജനാധിപത്യവൽക്കരിച്ച ഒന്നായിരുന്നു ഇവിടെ സംഭവിച്ച നവോത്ഥാനം. തൊഴിലാളിപ്രക്ഷോഭങ്ങളിൽ സാമ്പത്തികസമത്വ മുദ്രാവാക്യംകൂടി ചേർത്ത് പുരോഗമനപ്രസ്ഥാനങ്ങൾ മുന്നോട്ടുപോയി. ഭൂപരിഷ്‌കരണം സാധ്യമായതും ജനാധിപത്യകേരളം രൂപപ്പെട്ടതും അങ്ങനെയാണ്.

ജാതീയചിന്തകളും വിവേചനവും മാഞ്ഞുപോകുകയും ചെയ്തു.ജാതീയതയ‌്ക്കെതിരായ സമരം ഒടുവിൽ സാമൂഹ്യമുന്നേറ്റമായി മാറി. ഒടുവിലത‌് ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ പോരാട്ടമായി. പഠിക്കാനും ജോലി ലഭിക്കാനുമുള്ള പോരാട്ടങ്ങളുണ്ടായി.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 80, 81 വാർഷികങ്ങൾ ആഘോഷിച്ചില്ല. പിന്നെ എന്തിന‌് 82–-ാം വാർഷികം ആഘോഷിക്കുന്നു എന്ന‌് ചോദിച്ചവരുണ്ട‌്. കടന്നുപോയ വർഷങ്ങളിലെ അവസ്ഥയല്ല ഇപ്പോൾ നമ്മുടെ നാട്ടിലുള്ളത‌്. അതുകൊണ്ടുതന്നെ വാർഷികാചരണത്തിന‌് പ്രത്യേക പ്രാധാന്യമുണ്ട‌്. പുരോഗമനപരമായ മാറ്റങ്ങളെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നതിനെ വിട്ടുവീഴ‌്ചയില്ലാതെ ചെറുക്കണം. അതിന‌് മതനിരപേക്ഷ സമൂഹത്തിനൊപ്പം സർക്കാരും അണിചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ കെ ബാലൻ അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here