കൊടുവളളിയില്‍ നഗരസഭാ അധികൃതര്‍, സ്വകാര്യ ഭൂമി കയ്യേറി റോഡ് നിര്‍മിച്ചതായി പരാതി

നഗരസഭാ അധികൃതര്‍, സ്വകാര്യ ഭൂമി കയ്യേറി റോഡ് നിര്‍മിച്ചതായി പരാതി. കോഴിക്കോട് കൊടുവളളി നഗരസഭയ്‌ക്കെതിരെയാണ് ഭൂമി കയ്യേറി റോഡ് നിര്‍മിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്ക് റോഡ് നിര്‍മിക്കാന്‍, ഭൂവുടമ വാക്കാല്‍ അനുമതി നല്‍കിയിരുന്നതായാണ് നഗരസഭയുടെ വിശദീകരണം.

നിലമ്പൂര്‍ എടക്കര സ്വദേശി കാരാടന്‍ സുലൈമാന്റെ ഉടമസ്ഥതയില്‍ വാവാടുളള ഭൂമി കൊടുവള്ളി നഗരസഭ അധികൃതര്‍ കയ്യേറിയതായാണ് പരാതി. കുന്നിന്‍ പ്രദേശത്ത് നഗരസഭയുടെ അധീനതയിലുള്ള ഭൂമിയിലേക്ക് റോഡ് നിര്‍മിക്കാനായി ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഭൂമി കയ്യേറിയെന്നാണ് ആക്ഷേപം.

അനുമതി ഇല്ലാതെ നഗരസഭ ചെയര്‍ പേഴ്‌സന്റെയും വൈസ് ചെയര്‍മാന്റെയും നേതൃത്വത്തിലാണ് ഭൂമി കയ്യേറ്റമെന്ന് സ്ഥലം ഉടമയായ സഫ്‌റാദ് പറയുന്നു. കയ്യേറ്റത്തിനെതിരെ സഫ്‌റാദ് കൊടുവളളി പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ നഗരസഭയുടെ അധീനതയിലുള്ള ഭൂമിയില്‍, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ സംവിധാനം ആരംഭിക്കാനാണ് റോഡ് നിര്‍മ്മിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. രണ്ട് വര്‍ഷത്തോളം കാത്തിരുന്നിട്ടും രേഖാമൂലം അനുമതി നല്‍കാത്തതിനാലാണ് റോഡ് നിർമ്മിക്കേണ്ടി വന്നതെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍ പറഞ്ഞു.

അതേസമയം നഗരസഭയുടെ ഭൂമിയിലേക്ക് മറു ഭാഗത്തുകൂടി കുറഞ്ഞ ദൂരം കൊണ്ട് റോഡ് നിര്‍മിക്കാമെന്നിരിക്കെ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവരുടെ താല്‍പര്യത്തിനായാണ് ദൂരം കൂടിയ ഭാഗത്തുകൂടി റോഡ് നിര്‍മ്മിച്ചതെന്നും ആക്ഷേപമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here