പണം കൊടുത്ത് സാധനം വാങ്ങിയ ശേഷം ഷോപ്പിംഗ് മാളുകളുടെ ബ്രാന്‍റ് അംബാസിഡര്‍മാരായി വീട്ടിലേക്ക് പോകേണ്ടി വരുന്ന ഗതികേട് ഇനിയുണ്ടാവില്ല; പരസ്യം പ്രിന്‍റ് ചെയ്ത  ക്യാരി ബാഗുകള്‍  ഇനി പാടില്ല

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പരസ്യം പ്രിന്‍റ് ചെയ്ത  ക്യാരി ബാഗുകള്‍ വില്‍ക്കുന്നതിന് ഉപഭോക്തൃ കോടതിയുടെ വിലക്ക്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലുകള്‍ ഗുണനിലവാരമുള്ളതായിരിക്കണമെന്നും കോടതി ഉത്തരവിട്ടു.അഭിഭാഷകനായ ഡി ബി ബിനുവിന്‍റെ ഹര്‍ജിലാണ് കോടതിയുടെ ഉത്തരവ്. എതിര്‍ കക്ഷികളായ ഷോപ്പിംഗ് മാളുകള്‍  പരാതിക്കാരന്  നഷ്ടപരിഹാരം നല്‍കണമെന്നും ഉപഭോക്തൃ  കോടതി വിധിച്ചു.
ഷോപ്പിംഗ് മാളുകളില്‍ നിന്നും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ പരസ്യം പ്രിന്‍റ് ചെയ്ത  ക്യാരി ബാഗുകള്‍ക്ക് പണം വാങ്ങുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
പണം കൊടുത്ത് സാധനം വാങ്ങിയ ശേഷം ഷോപ്പിംഗ് മാളുകളുടെ ബ്രാന്‍റ് അംബാസിഡര്‍മാരായി വീട്ടിലേക്ക് പോകേണ്ടി വരുന്ന ഗതികേടും പരാതിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.വിശദമായി വാദം കേട്ട കോടതി ഇനി മുതല്‍ പരസ്യം അച്ചടിക്കാത്ത ക്യാരി ബാഗുകള്‍ കൗണ്ടറില്‍ ഉണ്ടാകണമെന്ന് ഉത്തരവിടുകയായിരുന്നു.
കൂടാതെ ഇവിടെ നിന്ന് നല്‍കുന്ന ബില്ലുകള്‍ ഗുണനിലവാരമുള്ള മഷിയുപയോഗിച്ചുള്ളതായിരിക്കണമെന്നും കോടതി ഉത്തരവിട്ടു.ബില്ലുകള്‍ എളുപ്പത്തില്‍ മാഞ്ഞു പോകുന്നത് ഭാവിയില്‍ നടത്തേണ്ടി വരുന്ന ഇടപാടുകള്‍ക്ക് തടസ്സമാകുന്നുവെന്ന പരാതിയിലാണ് കോടതിയുടെ ഈ നടപടി.
കേസിലെ എതിര്‍ കക്ഷികളായ ഷോപ്പിംഗ് മാള്‍, സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ മുപ്പതിനായിരം രൂപ പരാതിക്കാരന് നഷ്ട പരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.കൂടാതെ കോടതി ചെലവായി 5000 രൂപ നല്‍കാനും ഉപഭോക്തൃ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News