മണ്‍വിളയിലെ പ്ലാസ്റ്റിക് ഫാക്ടറി തീപിടിത്തം; അട്ടിമറിയെന്ന് സ്ഥിരീകരണം; തീയിട്ടത് ജീവനക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടിത്തം അട്ടിമറിയെന്ന് സ്ഥിരീകരണം.

ഫാക്ടറിയിലെ ജീവനക്കാർ തന്നെയാണ് തീവെച്ചതെന്ന് തെളിഞ്ഞു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ബിമൽ, ബിനു എന്നിവർ കുറ്റം സമ്മതിച്ചു.

ലൈറ്റർ ഉപയോഗിച്ച് ബിമലാണ് തീ കത്തിച്ചത്. ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് സ്റ്റോറിലാണ് ജീവനക്കാരായ ഇവർ തീവച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

തിരുവനന്തപുരം മൺവിളയിലെ ഫാമിലി പ്ളാസ്റ്റിക്സ് ഫാക്ടറിയിലെ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ല മറിച്ച് ഫാക്ടറിയിലെ ജീവനക്കാർ തന്നെ തീവെച്ചുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.

ചിറയിൻകീ‍ഴ് പെരുങ്കു‍ഴി സ്വദേശി 19കാരനായ ബിമൽകുമാർ, ക‍ാര്യവട്ടം സ്വദേശി ബിനു എന്നിവരെ പൊലീസ് ക‍ഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് നിർണായകവിവരം ലഭിച്ചത്.

ആദ്യം തീപിടിത്തമുണ്ടായ സ്റ്റോർ റൂമിലെക്ക് ഇവർ കയറി പോകുന്നതും തീ വെച്ചതിന് തൊട്ടുപിന്നാലെ 7.05ഒാടെ വേഗത്തിൽ പുറത്തെയ്ക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് എ.സി.പി അനിൽകുമാർ പറഞ്ഞു.

കമ്പനിയിലെ സ്റ്റോരിലെ ഹെൽപ്പർമാരായാണ് ഇവർ ജോലി ചെയ്തിരുന്നത്. പ്രതികളിൽ ഒരാൾക്ക് മാനസിക അസ്വാസ്ത്യമുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.

ഇലക്ട്രിക്കൽ ഡയറക്ടറേറ്റ്, ഫോറൻസിക് സംഘം എന്നിവർ നടത്തിയ പരിശോധനാറിപ്പോർട്ട് തിങ്ക‍ളാ‍ഴ്ച ലഭിക്കുമെന്നാണ് സൂചന. അഗ്നിശമന സേനാവിഭാഗത്തിന്‍റെ റിപ്പോർട്ടിൽ വിശദമായ പൊലീസ് അന്വേഷണത്തിന് ശുപാർശയുണ്ട്. ഷോർട്ട് സർക്യൂട്ടല്ല അപകടകാരണമെന്ന പൊലീസ് കണ്ടെത്തലും റിപ്പോർട്ട് ശരിവയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here