നവ മാധ്യമങ്ങളില്‍ തരംഗമായി ഹ്രസ്വ ചിത്രം #മീറ്റൂ

“മീ റ്റൂ” എന്ന വാക്ക് സമൂഹത്തിലെ പല വിഗ്രഹങ്ങളേയും തകർക്കുന്ന ശക്തമായ ഒരു സ്ഫോടനം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മന്ത്രിമാർ മുതൽ മാധ്യമപ്രവർത്തകർ വരെ സമൂഹത്തിലെ മാന്യരെന്ന് കരുതുന്ന പലരുടേയും മറച്ചുവെക്കപ്പെട്ട വൈകൃതങ്ങളുടെ പിന്നാമ്പുറങ്ങളെ ഇന്നലെകളെ എല്ലാം സമൂഹത്തിനു മുമ്പിലേക്ക് ഒന്നൊന്നായി എത്തിച്ചുകൊണ്ടിരിക്കുന്നു.

സിനിമാ താരങ്ങളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ പ്രമുഖരായ സ്ത്രീകളാണ് വെളിപ്പെടുത്തലുകൾക്ക് തുടക്കമിട്ടതെങ്കിൽ ഇന്നിപ്പോൾ അത് സാമൂഹ്യ സാംസ്കാരിക രംഗത്തുനിന്നുള്ളവരിലും എത്തി നിൽക്കുന്നു. എങ്കിലും ഇനിയും പലരും വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരാതെ മറഞ്ഞിരിക്കുന്നുണ്ട് എന്നതാണ് സത്യം.

സൂര്യനെല്ലിക്കേസിൽ ഇരയ്ക്ക് നീതികിട്ടാതെ പതിറ്റാണ്ടുകളോളം അവർ കോടതി വരാന്തകളിൽ അലയേണ്ടിവന്നത് സാംസ്കാരിക കേരളത്തിലാണ് എന്നത് പലരുടേയും വെളിപ്പെടുത്തലുകൾക്കും പരാതികൾക്കും വിലങ്ങുതടിയായി വർത്തിച്ചുകൊണ്ടിരിക്കുന്നു.

അത്തരം ഒരു അവസ്ഥ കാണുന്ന പലർക്കും താൻ പീഡിപ്പിക്കപ്പെട്ടു എന്ന് വിളിച്ചു പറയുവാനുള്ള കരുത്ത് ഇന്നലെകളിൽ ഉണ്ടായില്ല. എന്നാൽ ഇന്ന് അത്തരം ഒരു അവസ്ഥയിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്നും തനിക്കൊപ്പം നിൽക്കാൽ ചിലരെങ്കിലും ഉണ്ടാകും എന്ന ബോധ്യവുമാണ് പലർക്കും ധൈര്യം പകരുന്നത്.

ഇനിയും അത്തരക്കാർക്ക് കരുത്ത് പകരേണ്ടതുണ്ട് എന്ന സ്വയം ബോധ്യവും ഒപ്പം ധാർമ്മികമായ പിന്തുണയുമാണ് #മീറ്റൂ എന്ന ഹൃസ്വ ചിത്രത്തിലൂടെ സന്ദീപ് ശശികുമാർ എന്ന മാധ്യമ പ്രവർത്തകൻ നിർവ്വഹിക്കുന്നത്.

#മീറ്റൂ മുന്നോട്ട് വെക്കുന്നത് പീഡനം അനുഭവിക്കുന്ന സ്തീകൾക്ക് നൽകുന്ന ഊർജ്ജം വലുതാണ്. ഭാര്യ സഹോദരി അമ്മ ഇവർ “പിഴക്കപ്പെട്ടു“ എന്നത് നാണക്കേടായി കരുതി മിണ്ടാതിരിക്കുന്നവർക്ക് കൂടെ വേണ്ടിയാണ് ഈ കൊച്ചു ചിത്രം സംസാരിക്കുന്നത്.

അപമാനിതയായി മാനസികമായും ശാരീരികമായും തകർക്കപ്പെട്ട് “പിഴ“ എന്ന അപമാനവും “ഇര“യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല എന്ന് ചിത്രം ശക്തമായി പറയുന്നു.

ലൈംഗികാധിക്രമത്തിനു വിധേയരാക്കപ്പെടുന്ന ഓരോ സ്ത്രീക്കും ധൈര്യപൂർവ്വം തുറന്നു പറയാവുന്ന കുറ്റവാളിയാണ് ശിക്ഷിക്കപ്പെടേണ്ടത് മറിച്ച് കുറ്റകൃത്യത്തിനു വിധേയരായവരല്ല എന്ന് സമൂഹം തിരിച്ചറിവുണ്ടാകുന്ന കാലത്തെ നിർമ്മിക്കുന്നവർക്ക് ഈ ചിത്രം വലിയ ഒരു കൈതാങ്ങാണ്.

സജിത സന്ദീപ്, അരുൺ സോൾ, ഷാജി എ ജോൺ തുടങ്ങിയവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഥയും തിരക്കഥയും സുനിൽ തൃശൂർ. ആൻ പ്രഭാതാണ്‌ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News