എൻഡിഎ സർക്കാർ ദേശീയ ദുരന്തമാണെന്ന് ശരദ് പവാർ; കിസാൻ സഭയുടെ ലോങ്ങ് മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചു കോൺഗ്രസ്സും എൻ സി പിയും

കാർഷികമേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താൻ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി മുംബൈയിൽ ചേർന്ന കർഷകസമ്മേളനം. പിന്തുണയുമായി കോൺഗ്രസ്സും എൻ സി പിയും.

മുംബൈയിലെ വൈ.ബി. ചവാൻ ഓഡിറ്റോറിയത്തിൽ കിസാൻ സഭയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന കർഷക കൺവെൻഷനിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള കർഷക പ്രതിനിധികൾ പങ്കെടുത്തു. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചു സി പി എമ്മിന്റെ കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭ ഉൾപ്പടെയുള്ള എല്ലാ കർഷക സംഘടനകളും സംയുക്തമായി നവംബർ 29, 30 തീയതികളിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ചിന് കോൺഗ്രസ് എൻ സി പി പിന്തുണയും സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

കിസാൻ സഭ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്ത എൻ സി പി അധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അശോക് ചവാൻ എന്നിവരാണ് സമ്മേളന വേദിയെ ആവേശത്തിലാക്കി പിന്തുണ അറിയിച്ചത്.

സാധാരണക്കാരെ നിരന്തരം ദ്രോഹിക്കുന്ന സർക്കാരായി കേന്ദ്രം മാറിയെന്നും കർഷകർ അടക്കമുള്ളവരുടെ പ്രശ്നങ്ങൾ നിസാരവത്കരിക്കുകയാണെന്നും ശരദ് പവാർ വിമർശിച്ചു. എൻ ഡി എ സർക്കാർ ദേശീയ ദുരന്തമാണെന്നും ബി ജെ പി ഇതര പാർട്ടികൾ ഒറ്റക്കെട്ടായി നിന്ന് ജനദ്രോഹ നടപടികൾ കൈക്കൊള്ളുന്ന ഈ സർക്കാരിനെ തൂത്തെറിയണമെന്നും പവാർ ആഹ്വാനം ചെയ്തു.

രാഷ്ട്രീയത്തിന് അതീതമായാണ് കർഷകരുടെ ആവശ്യങ്ങളെ പരിഗണിക്കേണ്ടതെന്നും മഹാരാഷ്ട്രയിൽ കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും മുൻ മുഖ്യമന്ത്രി അശോക് ചവാൻ ആരോപിച്ചു. വർഗീയ പാർട്ടികളെ മാറ്റി നിർത്തി പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അശോക് ചവാൻ പറഞ്ഞു.

കിസാൻ സഭ നേതാക്കളായ അശോക് ധവാളെ, അജിത് നവാലെ തുടങ്ങിയവർ സംസാരിച്ചു. ഓൾ ഇന്ത്യാ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡൽഹിയിൽ കിസാൻ മാർച്ച് സംഘടിപ്പിക്കുന്നത്.

മസ്‌ജിദും മന്ദിറും ശബരിമലയും ഉയർത്തിപ്പിടിച്ചു വോട്ടു നേടാൻ കഴിയില്ലെന്നും രാജ്യത്തെ സാധാരക്കാരുടെ ആത്മരോഷമായിരിക്കും മോദി സർക്കാർ തിരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്നതെന്നും കിസാൻ സഭാ നേതാവ് അജിത് നവാലെ മുന്നറിയിപ്പ് നൽകി.

ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. കോടികൾ ചിലവിട്ട് ബുള്ളെറ്റ് ട്രെയിൻ, ശിവാജി പ്രതിമ തുടങ്ങിയ പദ്ധതികൾ നടപ്പാക്കാൻ ധൃതി കൂട്ടുന്ന സർക്കാർ കർഷകരുടെ വിലാപം കേൾക്കാതെ പോകരുതെന്ന് കേരള ലോകസഭാംഗം പി കെ ലാലി പറഞ്ഞു.

എട്ടു മാസം മുൻപാണ് നാസിക്കിൽ നിന്ന് മുംബൈയിലേക്ക് കിസാൻസഭയുടെ നേതൃത്വത്തിൽ ലോങ് മാർച്ച് സംഘടിപ്പിച്ചത്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, വനാവകാശനിയമം നടപ്പാക്കുക, കടാശ്വാസപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആയിരക്കണക്കിന് കർഷകർ നാസിക്കിൽ നിന്ന് മുംബൈ വരെ കാൽനടയായി മാർച്ച് ചെയ്തത്.

ഇതോടെയാണ് രാജ്യത്ത് കർഷകസമരങ്ങൾ വീണ്ടും കരുത്താർജിച്ചതെങ്കിലും അന്നു നൽകിയ ഉറപ്പുകൾ പലതും ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ട്രേഡ് യൂണിയൻ നേതാവായ പി ആർ കൃഷ്ണൻ പറയുന്നത്.

ഡൽഹിയിൽ നവംബർ 29, 30 തീയതികളിൽ നടക്കാനിരിക്കുന്ന ലോങ്ങ് മാർച്ചിന് മുന്നോടിയായിട്ടാണ് കിസാൻ സഭ മുംബൈ വൈ ബി ചവാൻ സെൻററിൽ കൺവെൻഷൻ സംഘടിപ്പിച്ചത്. നാസിക് താനെ അടക്കമുള്ള പ്രദേശങ്ങളിൽ നിന്നായി നൂറു കണക്കിന് കർഷകർ സമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here