“ഞങ്ങള്‍ ഭരണഘടനയ്ക്ക് ഒപ്പം”; കേരളത്തെ ഭിന്നിപ്പിക്കുന്നവര്‍ക്ക് താക്കീതായി കൂട്ടായ്മ

തിരുവനന്തപുരം: ആകാശത്തേക്കുയര്‍ന്ന മജന്ത ബലൂണുകളെ സാക്ഷിയാക്കി ആയിരങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഉറക്കെച്ചൊല്ലി. രാജ്യത്തെ ജനങ്ങള്‍ക്ക‌് ഭരണഘടന നല്‍കുന്ന സുരക്ഷിതത്വം ഇല്ലാതാക്കാന്‍ വെമ്പുന്നവര്‍ക്കുള്ള ഓര്‍മപ്പെടുത്തലായിരുന്നു അത‌്.

യുവാക്കളും വനിതകളും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനാളുകള്‍ അണിനിരന്ന ‘ഞങ്ങള്‍ ഭരണഘടനയ‌്ക്കൊപ്പം’ (വി ദ പീപ്പിള്‍ വിത്ത‌് ഇന്ത്യന്‍ കോണ്‍സ‌്റ്റിറ്റ്യൂഷന്‍) എന്ന സംഗമവേദി കേരളത്തെ ഭിന്നിപ്പിക്കുന്നവര്‍ക്കൊരു താക്കീതായി. ശബരിമല സ‌്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട‌് സുപ്രീംകോടതിവിധിക്കെതിരെ ഒരുവിഭാഗം നടത്തുന്ന പ്രതിഷേധത്തിനെതിരെയാണ‌് സംഗമം.

ചൊവ്വാഴ‌്ച രാവിലെമുതല്‍ കേരളത്തിന്റെ വിവിധ കോണുകളില്‍നിന്ന‌് നിരവധി പേര്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ‌്റ്റേഡിയത്തിലേക്കെത്തി. അവരില്‍ വിവിധ ജാതി, മത, രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളുണ്ടായിരുന്നു.

കലാ, സാംസ‌്കാരിക‌ പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളുമുണ്ടായിരുന്ന‌ു. മജന്ത നിറത്തിലുള്ള ബലൂണുകള്‍, റിബണുകള്‍ എന്നിവ കൈകളിലേന്തിയും അതേനിറത്തിലുള്ള വസ‌്ത്രങ്ങളണിഞ്ഞുമാണ‌് അവരെത്തിയത‌്. സെന്‍ട്രല്‍ സ‌്റ്റേഡിയത്തിന്റെ മധ്യഭാഗത്ത‌് ഒത്തുചേര്‍ന്നവര്‍ക്ക‌് മേയര്‍ വി കെ പ്രശാന്ത‌് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു.

തുടര്‍ന്ന‌് സ‌്റ്റേഡിയത്തിലെ വോളിബോള്‍ കോര്‍ട്ടില്‍ ചേര്‍ന്ന‌ സാംസ‌്കാരിക സമ്മേളനത്തില്‍ ദ ഹിന്ദു ഗ്രൂപ്പ‌് ചെയര്‍മാന്‍ എന്‍ റാം, സാമൂഹ്യപ്രവര്‍ത്തക ഷബ‌്നം ഹാഷ‌്മി, മന്ത്രിമാരായ ടി എം തോമസ‌് ഐസക‌്, കടകംപള്ളി സുരേന്ദ്രന്‍, വി എ‌സ‌് സുനില്‍ കുമാര്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എന്‍ ബാലഗോപാല്‍, സി കെ ജാനു, പുന്നല ശ്രീകുമാര്‍, മലയരയ സമുദായ സംഘടനാ നേതാവ‌് പി കെ സജീവ‌് തുടങ്ങിവര്‍ സംസാരിച്ചു.

കഥാകൃത്ത‌് സക്കറിയ, ഗുജറാത്ത‌് മുന്‍ ഡിജിപി ബി ശ്രീകുമാര്‍, ആര്‍ വി ജി മേനോന്‍, സണ്ണി എം കപിക്കാട‌്, ഐ ബി സതീഷ‌് എംഎല്‍എ, ഡോ. ബി ഇക‌്ബാല്‍, ജെ ദേവിക, ടി എന്‍ സീമ തുടങ്ങിയവരും പങ്കെടുത്തു. സംഗമത്തിനെത്തിയവരില്‍ ഭൂരിഭാഗവും യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു. വര്‍ഗീയ ശക്തികള്‍ എത്ര ശ്രമിച്ചാലും കേരളത്തിന്റെ പുരോഗമന കാഴ‌്ചപ്പാടുകളെ പിന്നിലേക്ക‌് നയിക്കാന്‍ കഴിയില്ലെന്ന‌് ഉറപ്പിക്കുന്നതായിരുന്നു യുവതയുടെ സാന്നിധ്യം.

ഊരാളി ബാന്റിന്റെ സംഗീത പരിപാടി, ഷഹബാസ‌് അമന്റെ പാട്ട‌്, ജയചന്ദ്രന്‍ കടമ്ബാടിന്റെ നാടന്‍പാട്ട‌്, കൊല്‍ക്കത്തയില്‍നിന്നെത്തിയ ദേവ‌് ചൗധരിയുടെ ബാവുല്‍ സംഗീതം, മലയരയ സമുദായാംഗങ്ങളുടെ ഐവര്‍കളി, കലോത്സവ വേദികളിലെ താരങ്ങളുടെ വിവിധ പരിപാടികള്‍ എന്നിവയും അരങ്ങേറി. രാത്രി എട്ടോടെ മെഴുകുതിരി ദീപം തെളിച്ച‌് സംഗമം സമാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News