പോഷകാഹാരക്കുറവ് ഗ്രാമങ്ങളിലേയോ ആദിവാസി ഊരുകളിലേയോ മാത്രം പ്രശ്മമാണെന്ന് ആരും കരുതരുത്. ഇന്ത്യന്‍ നഗരങ്ങളിലെ ശിശുക്കളും പോഷകാഹാരക്കുറവിന്‍റെ പിടിയിലാണെന്ന് ഹൈദരാബാദ് ആസ്ഥാനമായുളള നാന്‍ഡി ഫൗണ്ടേഷന്‍റെ പഠന റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

നഗരങ്ങളിലെ നാലിലൊന്ന് കുട്ടികള്‍ പോഷകാഹാരക്കുറവിന്‍റെ പിടിയിലാണെന്നാണ്പഠനത്തിന്‍റെ കണ്ടെത്തല്‍. 10 ഇന്ത്യന്‍ നഗരങ്ങളിലെ 12,000 അമ്മമാരേയും59 മാസം വരെ പ്രായമുളള 14,000 ശിശുക്കളേയും പഠന വിധേയമാക്കി.

ഇന്ത്യന്‍ നഗരങ്ങളില്‍ പ്രസവത്തിന്ആശുപത്രി സൗകര്യം പ്രാപ്യമാണ്. നഗരങ്ങളിലെ 94.4% അമ്മമാരും ആശുപത്രികളിലാണ്പ്രസവിക്കുന്നത്.88.6% കുട്ടികളുടേയും ഭാരം പ്രസവശേഷം അളന്ന് നോക്കുന്നുണ്ട്. 37.1% പ്രസവങ്ങള്‍ സിസേറിയന്‍ ആണ്.

ഏറ്റവും ജനസംഖ്യയുളള ദില്ലി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത, സൂറത്ത്, പൂനെ, ജയ്പൂര്‍ എന്നീ നഗരങ്ങളിലാണ് സര്‍വെ നടത്തിയിരുന്നത്.

അടിസ്ഥാന കാരണം പിന്നാക്കാവസ്ഥ

22.3% കുട്ടികള്‍ക്ക് ഉയരക്കുറവുണ്ട്.21.4% കുട്ടികള്‍ക്ക് ഗുരുതരമായ വിധം ഭാരക്കുറവുണ്ട്.
13.9% കുട്ടികള്‍ക്ക് തീരെ വണ്ണമില്ല.ദാരിദ്രവും അമ്മമാരുടെ സാമ്പത്തികവും സാമൂഹ്യവുമായ
പിന്നാക്കാവസ്ഥ തന്നെയാണ് അടിസ്ഥാന കാരണം.

സര്‍ക്കാര്‍ പദ്ധതികള്‍ പലര്‍ക്കും ലഭ്യമല്ല. പൊതുവിതരണ സംവിധാനത്തിന്‍റെ പ്രധാന ലക്ഷ്യം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും  പോഷകാഹാരവുമാണ്,എന്നാല്‍ നഗരങ്ങളിലെ 37.4% കുടുംബങ്ങള്‍ക്ക് മാത്രമാണ് പൊതുവിതരണ  സംവിധാനം പ്രാപ്യമായുളളത്.

ദാരിദ്രവും പോഷകാഹാരക്കുറവും നേരിടുന്ന കുടുംബങ്ങള്‍ സ്വാഭാവികമായും സര്‍ക്കാര്‍ മാനദണ്ധ പ്രകാരം  ദാരിദ്ര്യ രേഖയ്ക്ക് താ‍ഴെയുളളവര്‍ ആകേണ്ടവരാണ്.എന്നാല്‍ ഇവര്‍ക്ക് പൊതുവിതരണ  സംവിധാനത്തിന്‍റെ പ്രയോജനം ലഭിക്കേണ്ടതാണ്.എന്നാല്‍ ഭൂരിഭാഗത്തിനും ഇതൊന്നും ലഭ്യമല്ലെന്ന കണ്ടെത്തല്‍ ആശങ്കാജനകമാണ്.

ശുദ്ധ ജലത്തിന്‍റെ ലഭ്യതയാണ് മറ്റൊരു പ്രധാന പ്രശ്നം.2015-16 കാലയളവില്‍ കേന്ദ്ര
സര്‍ക്കാര്‍ നടത്തിയ ആരോഗ്യസര്‍വെ അനുസരിച്ച് നഗരങ്ങളിലെ 91% പേര്‍ക്കും
കുടുവെളളം ലഭ്യമാണ്.

എന്നാല്‍ നാന്‍ഡി ഫൗണ്ടേഷന്‍റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് 53.9% പേര്‍ക്കും പൈപ്പ് വെളളം ലഭിക്കുന്നില്ല.വെളളം ലഭിക്കുന്നതിനായി സ്ത്രീകള്‍  ദൂര സ്ഥലങ്ങളിലേയ്ക്ക് പോകേണ്ടിവരുന്നു. കൂടുതല്‍ സമയവും ‍വെളളം ശേഖരിക്കുന്നതിനായി  ചെലവ‍ഴിക്കുന്നതുമൂലം പാവപ്പെട്ട അമ്മമാരില്‍ പലര്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധിക്കാനാവുന്നില്ല.

സ്തീകളുടെ സാമ്പത്തികാവസ്ഥയും ശിശു സംരക്ഷണവും

സ്തീകളുടെ സാമ്പത്തികാവസ്ഥയും കുഞ്ഞിന്‍റെ ആരോഗ്യവും തമ്മില്‍ അഭേദ്യബന്ധമുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രായത്തിന്‍റെ ദേശീയ കുടുംബാരോഗ്യ സര്‍വെ അനുസരിച്ച് നഗരങ്ങളിലെ
61% കുടുംബങ്ങളിലേയും ഒരു സ്ത്രീക്കെങ്കിലും ബാങ്ക് അക്കൗണ്ട് ഉണ്ട്.

എന്നാല്‍ ഈ കണക്ക് ശരിയല്ലെന്ന് നാന്‍ഡി ഫൗണ്ടേഷന്‍റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവരുടെ സര്‍വെ ്അനുസരിച്ച് 44.7% കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാത്രമേ സേവിംങ് ബാങ്ക് അക്കൗണ്ട് ഉളളൂ. നഗര സ്തീകളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ കുട്ടികളുടെ ആരോഗ്യനിലയെ ബാധിക്കുന്നതായും പഠനം ചൂണ്ടികാട്ടുന്നു.