ഹര്‍ത്താലിന്റെ മറവില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ട് സംഘപരിവാര്‍; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ്; മലപ്പുറത്ത് സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഫോണും പണവും കവര്‍ന്നു

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ അറസ്റ്റിന്റെ പേരില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കരകുളം ഏണിക്കരയില്‍ സ്വകാര്യവാഹനങ്ങള്‍ തടഞ്ഞു. ബാലരാമപുരത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി.

വയനാട് കമ്പളക്കാട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ടിപ്പറിന്റെ ഗ്ലാസ്സിന് കല്ലെറിഞ്ഞു തകര്‍ത്തു. ബത്തേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പൊലീസ് അകമ്പടിയോടെ പുറപ്പെട്ട കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

പാലക്കാട് കല്ലടിക്കോട്ടും കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. കാസര്‍ഗോഡ് കറന്തക്കാട് ദേശീയപാതയിലും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയാണ്. നിലമ്പൂരിലും വാഹനങ്ങള്‍ തടഞ്ഞു.

ഹര്‍ത്താലാണെന്നറിയാതെ, തിരൂരില്‍ സര്‍വീസ് നടത്താനെത്തിയ ബസ് ജീവനക്കാര്‍ക്ക് നേരെയും ബിജെപി ഗുണ്ടകള്‍ ആക്രമണം നടത്തി.

തിരൂരില്‍ നിന്നും കോട്ടക്കലിലേക്ക് സര്‍വീസ് നടത്തുന്ന ഫ്രണ്ട്‌സ് ബസിനു നേരെയാണ് അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരുക്കേറ്റു.

സീറ്റിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായും ഭീഷണിപ്പെടുത്തിയതായും ജീവനക്കാര്‍ പറഞ്ഞു. ഇതിനിടെ സംഘം ഡ്രൈവറുടെ ഫോണ്‍ തട്ടിയെടുക്കുകയും കണ്ടക്ടറുടെ ബാഗിലെ കളക്ഷന്‍ പണം കവര്‍ന്നതായും അവര്‍ പറഞ്ഞു.
പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളിച്ച് കഴിഞ്ഞദിവസം രാത്രി മല കയറിയ ശശികലയെ കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്.

വനിത പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പില്‍ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.

ഇന്നലെ വൈകിട്ട് പമ്പയില്‍ നിന്ന് മലകയറ്റം തുടങ്ങും മുന്‍പെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലംഘിക്കുമെന്നായിരുന്നു പ്രഖ്യാപനം. തുടര്‍ന്നായിരുന്നു അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News