പൊലീസിനെ ഭീഷണിപ്പെടുത്താൻ നടത്തുന്ന നീക്കം അപലപനീയം; കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു എ‍ഴുതുന്നു

ഇന്ന് (19/12/2018) ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ശബരിമല വിഷയത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ, ക്രമസമാധാനം കാത്തുസൂക്ഷിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നത് കണ്ടു. അതിലുള്ള ഖേദം രേഖപെടുത്തട്ടെ.

കേരളത്തിലെ പോലീസ് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടേതല്ല. അത് കേരള ജനതയുടേതാണ്. രാജ്യത്തെ ഭരണഘടന മൂല്യങ്ങൾ ഉയർത്തി പിടിക്കേണ്ടതും, നിയമം അനുസരിക്കേണ്ടതും ഓരോ ഉത്തമ പൗരൻ്റേയും കടമയാണ്.

അതിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ, ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കൽ പോലീസിൻ്റെ കടമയാണ്.

സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചാണ് പ്രായഭേദമെന്യേ ലിംഗവ്യത്യാസം ഇല്ലാതെ എല്ലാ വിശ്വാസികൾക്കും ശബരിമലയിൽ പോകാം എന്ന വിധി പറഞ്ഞത്. ഇത് രാജ്യത്തെ ഭരണഘടന പ്രകാരം നിയമമാണ്. അത് ഉറപ്പാക്കാൻ ബാധ്യതപ്പെട്ട വിഭാഗമാണ് പോലീസ്.

ഈ കടമ നിറവേറ്റുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ കോടതി കയറ്റുമെന്നും, കോടതിയിൽ കാണാം എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന നടപടി പ്രബുദ്ധ കേരളത്തിന് യോജിച്ചതാണോ എന്ന് പൊതുസമൂഹം വിലയിരുത്തണം.

നിയമം നടപ്പിലാക്കുന്ന രംഗത്ത് ഇത്തരം ഭീഷണികളെ കേരള പോലീസ് ഭയന്നിരുന്നു എങ്കിൽ ഇത്രയേറെ മികവുറ്റ പോലീസ് എന്ന അംഗീകാരം കേരള പോലീസിന് ലഭിക്കുമായിരുന്നില്ല എന്ന് കൂടി ശ്രദ്ധയിൽപെടുത്തട്ടെ.

ഒരു അഭ്യർത്ഥന കൂടി ഈ സന്ദർഭത്തിൽ പൊതുസമൂഹത്തിൻ്റെ മുന്നിലേക്ക് വയ്ക്കുന്നു. ഇത് ഒരു ജനാധിപത്യ നാടാണ്.
ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ ആണ് ഭരണം നടത്തുന്നത്.

ലോകത്തിന് തന്നെ മാതൃകയായ ഒരു ഭരണഘടനയും ഈ നാടിനുണ്ട്. ലജിസ്ലേച്ചർ നിർമ്മിച്ച വ്യക്തമായ നിയമങ്ങൾ ഈ നാടിനുണ്ട്. അത് എക്സിക്യൂട്ട് ചെയ്യാൻ പോലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ട്.

ഇത്തരം എക്സിക്യൂഷനുകൾ പരിശോധിക്കാനും ആവശ്യമായ ഉത്തരവ് നൽകാനും മുൻസിഫ് കോടതികൾ മുതൽ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വരെ ഈ നാട്ടിലുണ്ട്.

ഇവയെല്ലാം അനുസരിക്കേണ്ടത് മുഴുവൻ ജനങ്ങളുടേയും കടമയാണ്. അതിൽ ലംഘനങ്ങൾ ഉണ്ടാകുമ്പോൾ പോലീസിന് ഇടപെടേണ്ടിവരും. അത് ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ ഭാഗമാണ്.

ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്ന പോലീസ് ഓഫീസർമാരുടെ ഓഫീസിലേക്കോ, ഔദ്യോഗിക വസതിയിലേക്കോ പ്രകടനങ്ങൾ ആകാം. അവയെല്ലാം ജനാധിപത്യപരമാണ്.

എന്നാൽ സംസ്ഥാന പോലീസ് മേധാവി ശ്രീ. ലോക്നാഥ് ബഹ്റ IPS അവർകളുടെ ബന്ധുക്കൾ മാത്രം താമസിക്കുന്ന ഒറീസയിലെ വീട്ടിലേക്ക്* അടക്കം പ്രതിഷേധ മാർച്ചുകൾ നടത്തുന്നത് ജനാധിപത്യപരമാണോ എന്ന് കൂടി പൊതുസമൂഹം ചിന്തിക്കേണ്ടതാണ്.

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ പ്രതിയാകുന്ന നിരവധി കേസുകൾ കേരളത്തിൽ ഉണ്ടാകാറുണ്ട്. അതിലൊന്നും സാധാരണ ഗതിയിൽ പോലീസ് സംഘടനകൾ ഇടപെടാറില്ല.

എന്നാൽ തൻെറ *കർമ്മപഥത്തിൽ മികവോടെ തന്നിൽ അർപ്പിതമായ കടമ നിറവേറ്റിയതിൻ്റെ പേരിൽ വൈരാഗ്യബുദ്ധിയോടെ ആരെങ്കിലും സ്വകാര്യ അന്യായം ഫയൽ ചെയ്താൽ, സ്വന്തം വിയർപ്പിൻ്റെ പങ്കിൽ നിന്ന് ഒരു രൂപ പോലും ആ പോലീസ് ഉദ്യോഗസ്ഥൻ്റെ കയ്യിൽ നിന്ന് ചെലവാകാതെ ആ കേസുകൾ നടക്കുകതന്നെ ചെയ്യും എന്ന് കൂടി സൂചിപ്പിക്കട്ടെ.

അവർക്കൊപ്പം പോലീസ് സംഘടനകൾ ഉണ്ടാകുകതന്നെ ചെയ്യും. ഈ ആത്മവിശ്വാസത്തിൽ നിന്ന് ലഭിക്കുന്ന പ്രവർത്തനമികവ് കേരളത്തിലെ ഓരോ പോലീസ്ഉദ്യോഗസ്ഥനിലും നിങ്ങൾക്ക് കാണാൻ കഴിയും.

അതുകൊണ്ട് തന്നെ ഇത്തരം ഭീഷണികൾ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നതല്ല എന്ന് കൂടി സൂചിപ്പിക്കട്ടെ. നിയമങ്ങളിലും, കോടതി വിധികളിലും എന്തെങ്കിലും അപാകത തോന്നുന്നവർക്ക് അതിനെതിരെ നിയമപരമായി പല നടപടികളും സ്വീകരിക്കാൻ അവകാശമുണ്ട്; അവസരമുണ്ട്.

അത്തരം മാർഗ്ഗങ്ങൾ ഏവർക്കും ഉപയോഗിക്കാം. അല്ലാതെ ഒരുവൻ്റെ പ്രതികരണവും, പ്രതിഷേധവും മറ്റൊരുവൻ്റെ അവകാശങ്ങൾക്ക് നേരേയുള്ള കടന്നുകയറ്റം ആകുമ്പോൾ നിയമപരമായ നടപടികൾ പോലീസ് കൈക്കൊള്ളുക തന്നെ ചെയ്യും.

ഒരിക്കൽ കൂടി പറയട്ടെ. കേരളത്തിലെ പോലീസിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ഈ നാട്ടിലെ നിയമങ്ങൾ നടപ്പാക്കാൻ ചുമതലപ്പെട്ടവർ എന്ന നിലയിൽ അത് നിറവേറ്റുക തന്നെ ചെയ്യും.

അതുകൊണ്ട് തന്നെ പ്രബുദ്ധ കേരളത്തിൻ്റെ പൂർണ്ണമനസ് കേരള പോലീസിനൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News