ബോക്‌സോഫീസ് കൊള്ളയടിച്ച് കായംകുളം കൊച്ചുണ്ണി; റെക്കോര്‍ഡ് വേഗത്തില്‍ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച് പ്രിയപ്പെട്ട കള്ളന്റെ തേരോട്ടം

മലയാള സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡുകള്‍ കൊള്ളയടിച്ച് മുന്നേറുകയാണ് കായംകുളം കൊച്ചുണ്ണി. പുലിമുരുകരന് ശേഷം നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചിത്രമെന്ന നേട്ടമാണ് കൊച്ചുണ്ണി ബോക്‌സോഫീസില്‍ എഴുതിച്ചേര്‍ത്തത്.

വെറും 40 ദിവസം കൊണ്ടാണ് കായംകുളം കൊച്ചുണ്ണി റെക്കോര്‍ഡ് ബുക്കിലേക്ക് കുതിച്ചെത്തിയത്. തിയേറ്റര്‍ കളക്ഷന്റെയും, മറ്റ് മേഖലകളിലേയും ബിസിനസിന്റെ മികവിലാണ് ചരിത്ര നേട്ടത്തിലേക്ക് ചിത്രം അതി വേഗം എത്തിയത്.

ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രം ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം ഇതുവരെ നേടിയത് 57 കോടി രൂപയാണ്. സാറ്റലൈറ്റ് ഡിജിറ്റല്‍ അവകാശങ്ങള്‍ 15 കോടിക്ക് വിറ്റുപോയപ്പോള്‍ ജി സിസി മേഖലയില്‍ നിന്ന് 18 കോടി രൂപയാണ് കൊച്ചുണ്ണി വാരിയത്.

അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് മേഖലയില്‍ നിന്ന് 4.82 കോടി നേടിയപ്പോള്‍ ഓഡിയോ, വീഡിയോ റൈറ്റ്‌സ് ഒരു കോടി രൂപക്കും, ഡബിംഗ് റൈറ്റ്‌സ് മൂന്നര കോടിക്കും വിറ്റുപോയി.

ഹിന്ദി അവകാശത്തിന് മൂന്ന് േേകാടി രൂപയും കൊച്ചുണ്ണിക്ക് ലഭിച്ചു. 40 ലേറെ കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ഇപ്പോഴും പ്രധാന കേന്ദ്രങ്ങളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.

അതു കൊണ്ട് തന്നെ ബോക്‌സോഫീസിലെ പണപ്പെട്ടികള്‍ കൊച്ചുണ്ണി ഇനിയും സ്വന്തമാക്കാനാണ് സാധ്യത. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന ലേബലില്‍ എത്തിയ കൊച്ചുണ്ണിയെ പ്രേക്ഷകര്‍ക്ക് ആവേശമാക്കിയതിന് പിന്നില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ സാന്നിധ്യം കൂടിയായിരുന്നു.

കൊച്ചുണ്ണിക്കൊപ്പം ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ കൂടി എത്തിയപ്പോള്‍ ആരാധകര്‍ തിയേറ്ററുകളിലേക്ക് ഇരച്ചുകയറുകയായിരുന്നു.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും ഏറെ അഭിനന്ദനങ്ങളാണ് കൊച്ചുണ്ണി നേടി കൊടുത്തത്. തമിഴ്, ബോളിവുഡ് സിനിമാ താരങ്ങളും, സംവിധായകരും കൊച്ചുണ്ണിയെ പ്രശംസിച്ച് രംഗത്തെത്തയിരുന്നു.

അവിസ്മരണീയ ചിത്രമെന്നാണ് സൂര്യയും, കാര്‍ത്തിയും കൊച്ചുണ്ണിയെ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ തെലുങ്ക് , തമിഴ് റൈറ്റ്‌സിനായി ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News