അയോധ്യയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയാണ് സംഘപരിവാരം; ഇന്ത്യന്‍ മതനിരപേക്ഷതയെ ഇത് തകര്‍ക്കും: കോടിയേരി

കൂത്തുപറമ്പ് : കേരളത്തിലുള്ള എല്ലാ കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോര്‍പറേറ്റ് വല്‍ക്കരണം എല്ലാ മേഖലയിലും. ഇപ്പോള്‍ ശക്തിപ്പെടുകയാണെന്നും കോടിയേരി പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാല്ലായ്മ വര്‍ധിക്കുകയും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലുമാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലമാണ് മോഡി ഭരിക്കുന്ന ഇന്ത്യ.

രൂപയുടെ മൂല്യം ഇത്രയും കുറഞ്ഞ കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ല. കള്ളപ്പണക്കാര്‍ക്ക് അത് വെള്ളപ്പണമാക്കി മാറ്റാന്‍ സൗകര്യം ചെയ്തുകൊടുത്ത സര്‍ക്കാരാണ് മോഡി സര്‍ക്കാര്‍.

കോര്‍പ്പറേറ്റുകള്‍ അടക്കേണ്ട നാലുലക്ഷം കോടിരൂപ ഇന്ത്യ സര്‍ക്കാര്‍ എഴുതിത്തള്ളിക്കൊടുത്തു. 2018ല്‍ രാജ്യത്ത് 14 ലോക്‌സഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞടുപ്പ് നടന്നു.

അതില്‍ പന്ത്രണ്ടെണ്ണത്തിലും ബിജെപി പരാജയപ്പെടുകയായിരുന്നു. എത്ര വലിയ പതനത്തിലേക്കാണ് ബിജെപി നീങ്ങുന്നതെന്ന് കര്‍ണാടകത്തിലെ ഉപതെരഞ്ഞെടുപ്പ് തെളിയിച്ചു. അഞ്ചില്‍ നാലിലും ബിജെപി പരാജയപ്പെട്ടു.

വര്‍ഗീയതയോട് കോണ്‍ഗ്രസ് വിട്ടുവീഴ്ചാ സമീപനം സ്വീകരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അവര്‍ക്ക് ബിജെപിയായി മാറാന്‍ യാതൊരു പ്രയാസവുമില്ല.

ഇന്നലത്തെ കോണ്‍ഗ്രസുകാരാണ് ഇന്നത്തെ ബിജെപിക്കാര്‍. ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കണമെങ്കില്‍ കര്‍മനിരതരായി യുവാക്കള്‍ പ്രവര്‍ത്തിക്കണം. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കണം.

വര്‍ഗീയദ്രൂവീകരണത്തിനുള്ള ശ്രമം വിഎച്പി തുടങ്ങിയതായും കോടിയേരി ചൂണ്ടിക്കാട്ടി. അയോധ്യ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയാണ്.

ഡിസംബര്‍ മാസം ഇന്ത്യയിലെ 500 കേന്ദ്രങ്ങളില്‍ സന്യാസിമാരെ പങ്കെടുപ്പിച്ചുകൊണ്ട് വിഎച്പിയുടെ വര്‍ഗീയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഇതിലൂടെ മുസ്ലീം- കമ്മ്യൂണിസ്റ്റ് -പാകിസ്ഥാന്‍ വിരുദ്ധ പ്രചാരവേലയാണ് നടത്തുന്നത്.

ജമ്മു കശ്മീരില്‍ ജനാധിപത്യ പ്രക്രിയ അട്ടിമറിച്ചുകൊണ്ടാണ് അവിടത്തെ സര്‍ക്കാരിനെ പിരിച്ചുവിട്ടത്. എല്ലാവരേയും വര്‍ഗീയ ചിന്തകളിലേക്ക് നയിക്കാനാണ് ആര്‍എസ്എസ് ശ്രമം.

സരയൂനദീതീരത്ത് ശ്രീരാമന്റെ പ്രതിമ നിര്‍മിക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 1992കാലത്തെ ബാബറി മസ്ജിദ് കലാപം ബിജെപി വീണ്ടും നടത്തുകയാണ്.

പള്ളിപൊളിച്ചിട്ട് അമ്പലവും അമ്പലം പൊളിച്ചിട്ട് പള്ളിയുമുണ്ടാക്കരുത്. ഇത് മതനിരപേക്ഷതയെ തകര്‍ക്കും. എല്ലാവര്‍ക്കും ഒരുപോലെ വിശ്വാസംവച്ചുപുലര്‍ത്താന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ; കോടിയേരി വിശദീകരിച്ചു.

1992ല്‍ രാജ്യത്താകെ കലാപമുണ്ടായപ്പോള്‍ പ്രശ്‌നങ്ങളില്ലാതിരുന്ന സംസ്ഥാനമാണ് കേരളം . അതിനാലിപ്പോള്‍ ആര്‍എസ്എസ് അയ്യപ്പനെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു. കോടതിവിധി നടപ്പാക്കേണ്ടതില്ല എന്നാണെങ്കില്‍ പ്രധാനമന്ത്രി അങ്ങനെ പറയട്ടേയെന്നും കോടിയേരി പറഞ്ഞു.

പുരുഷന്‍മാര്‍ക്കുള്ള അവകാശമാണ് സ്ത്രീകള്‍ക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. ആര്‍എസ്എസിന്റെ നിലപാടിലേക്കാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും പോകുന്നത്.

ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍ നടക്കുന്ന സമരത്തെ അംഗീകരിക്കുന്ന കോണ്‍ഗ്രസ് അയോധ്യയില്‍ നടക്കുന്ന സമരത്തെ അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.

35 കൊല്ലം ത്രിപുര ഭരിച്ച സിപിഐ എം ഏത് ആരാധനാലയമാണ് തകര്‍ത്തതെന്ന് കോടിയേരി ചോദിച്ചു. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ പിന്നോക്ക സമുദായക്കാര്‍ പൂജാരിമാരായി.

ഇത്തരത്തില്‍ ചരിത്രം സൃഷ്ടിച്ച സര്‍ക്കാര്‍ ഇടതുപക്ഷ സര്‍ക്കാരാണെന്ന് രാജ്യം സാക്ഷ്യപ്പെടുത്തുകയാണെന്നും കോടിയേരി കൂത്തുറമ്പില്‍ വിശദീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News