ഒരു കക്കൂസും ഈച്ച പൊതിഞ്ഞ കുറെ രോഹിങ്ക്യന്‍ കുട്ടികളും

ദില്ലിക്ക് സമീപം ഫരീദാബാദിലെ ഈ പ്രാന്ത പ്രദേശത്ത് എത്തിയാല്‍ നഗരവല്‍കൃത ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം കാണാം. അകലെ ആകാശം മുട്ടുന്ന കെട്ടിട സമുച്ചയം. താ‍ഴെ മാലിന്യ കൂമ്പാരത്തില്‍ കെട്ടി ഉയര്‍ത്തിയ ചേരികള്‍. ഇവിടെ ഈ അ‍ഴുക്കിനും ദുര്‍ഗന്ധത്തിനും തീരാവ്യാധികള്‍ക്കും ഇടയില്‍ ഈച്ച പൊതിഞ്ഞ കുറെ കുട്ടികളെ കാണാം.

(നൂറ്റി നാല്പതോളം കുട്ടികള്‍ ഉപയോഗിക്കുന്ന കക്കൂസ്)

ഈച്ചകളുടെ പ്രഭവ കേന്ദ്രം തേടി ചേരിയിലൂടെയുളള അലച്ചില്‍ ദുഷ്ക്കരമായിരുന്നു. വായ് പൊത്തിപ്പിടിച്ചു. തലയ്ക്ക് പിടിച്ച ദുര്‍ഗന്ധം എപ്പോള്‍ വേണമെങ്കിലും പുറത്തേയ്ക്ക് തികട്ടാം. ഒടുവില്‍ എത്തിയത് ചേരിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുളള ഒരു കക്കൂസിലായിരുന്നു. ചേരിനിവാസികളായ നൂറ്റി നാല്പതോളം പേര്‍ ഉപയോഗിക്കുന്ന ഏക കക്കൂസ്. ഈ മേഖലയിലെ ഈച്ചകളുടേയും കൊതുകിന്‍റേയും പ്രജനന കേന്ദ്രം

ഒപ്പമുണ്ടായിരുന്ന ചേരി നിവാസി മുഹമ്മദ് സലിം കക്കൂസിന്‍റെ ദുരവസ്ഥയുടെ കാരണം വിവരിച്ചു;

” നേരത്തെ രണ്ട് കക്കൂസുകള്‍ ഉണ്ടായിരുന്നു. ഒരെണ്ണം അടഞ്ഞിരിക്കുന്നു.ചേരിയിലെ നൂറ്റി നാല്പതോളം പേരാണ് ഈ കക്കൂസില്‍ വിസര്‍ജ്ജിക്കുന്നത്.പലപ്പോ‍ഴും അടക്കിപിടിച്ച് നില്കാനാകാതെ പുറത്ത് സര്‍ജ്ജിക്കാറുണ്ട്. നിവൃത്തിയില്ല “ചേരിയില്‍ നാല്പതോളം കുട്ടികള്‍ ഉണ്ട്. മിക്കവരുടേയും ദേഹത്ത് എവിടെയെങ്കിലുമെല്ലാമായി ഈച്ചകളെ കാണാം. ഏറെക്കുറെ എല്ലാകുട്ടികളും രോഗികളാണ്. ഒന്നുകില്‍ പനി അല്ലെങ്കില്‍ വയറിളക്കം


( ശൈശവത്തിലേ നിത്യ രോഗികള്‍)

സ്വച്ഛഭാരതിന്‍റെ കാലത്ത് എന്തുകൊണ്ട് ഇവിടെ ആവശ്യത്തിന് കക്കൂസുകള്‍ ഇല്ല. ഉത്തരം ലളിതം; ഇവരെല്ലാം ബര്‍മ്മയില്‍ നിന്നെത്തിയ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ്. ആധാര്‍ ഇല്ലാത്ത ഇവര്‍ക്കെങ്ങനെ കക്കൂസുകള്‍ ലഭിക്കും? ഈ ചോദ്യം മനുഷ്യര്‍ക്ക് മനസ്സിലാകും. എന്നാല്‍ ഇവിടെ ജനിക്കുന്ന ഈച്ചകള്‍ക്കോ കൊതുകുകള്‍ക്കോ മനസ്സിലാകില്ല. അവര്‍ക്ക് “അതിര്‍ത്തി” എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയില്ല. അവര്‍ പാറിപ്പറന്ന് ചേരികള്‍ക്കും അപ്പുറത്തുളള ബഹുനില ഫ്ലാറ്റുകളിളെ ചോക്കളേറ്റ് ഉണ്ണികള്‍ക്കും രോഗങ്ങള്‍ സമ്മാനിക്കുന്നു.

(ഇവിടുത്തെ മാലിന്യങ്ങള്‍ അകലെയുളള ഫ്ളാറ്റുകളിലും രോഗങ്ങള്‍ പടര്‍ത്തും)

അസിയയ്ക്ക് ബര്‍മ്മയിലേയ്ക്ക് മടങ്ങേണ്ട
—————————————————-

മാലിന്യങ്ങള്‍ക്കിടയില്‍ 7വയസ്സുകാരിയായ ഒരു കുട്ടിയെകണ്ടു പേര് അസിയ. പനിമൂലംതളര്‍ന്നിക്കുന്നു. ഒന്നൊ‍ഴികെയുളള ചോദ്യങ്ങള്‍ക്കൊന്നും അവള്‍ ഉത്തരം പറഞ്ഞില്ല.ബര്‍മ്മയിലേയ്ക്ക് മടങ്ങണോ എന്ന ചോദ്യം കേട്ട ഉടനെ അവള്‍ ചുണ്ടനക്കി;’വേണ്ടാ..” അതെ അസിയയ്ക്ക് ബര്‍മ്മയിലേയ്ക്ക് മടങ്ങിപോകേണ്ട. അവള്‍ ജനിച്ചത് ഇന്ത്യയിലാണ്. അച്ഛനും അമ്മയും ബര്‍മ്മയിലെ റാഖൈന്‍ സ്വദേശികള്‍. ബര്‍മ്മയെക്കുറിച്ചുളള ചിന്തകള്‍ പോലും ഇവളെ ഭയപ്പെടുത്തുന്നു. അച്ഛനും അമ്മയും പറഞ്ഞു തന്ന കഥകള്‍ അത്രകണ്ട് ഭീകരമാണ്.


(ബര്‍മ്മയിലേയ്ക്ക് മടങ്ങേണ്ട)

ബര്‍മ്മയില്‍ രോഹിങ്ക്യകള്‍ ന്യൂനപക്ഷമാണ്. ബുദ്ധമതക്കാരാണ് അവിടുത്തെ ഭൂരിപക്ഷം.പട്ടാള ഭരണ കാലംമുതല്‍ക്കെ രോഹിങ്ക്യകളെ ഭരണകൂടം അംഗീകരിക്കുന്നില്ല. അവര്‍ക്ക് ഭൂമിലഭിക്കില്ല,നല്ല വിദ്യാഭ്യാസം ലഭിക്കില്ല, നല്ല തൊ‍ഴില്‍ ലഭിക്കില്ല.വര്‍ണ്ണവിവേചന കാലത്തെ ആഫ്രിക്കന്‍ അടിമകളെപ്പോലെയായിരുന്നു ജീവീതം. നിയന്ത്രിത ജനാധിപത്യവും ജനാധിപത്യവുമെല്ലാം മാറിമറഞ്ഞ് വന്നെങ്കിലും രോഹിങ്ക്യകള്‍ക്ക് നേരെയുളള വിവേചനങ്ങള്‍ക്ക് മാറ്റം ഉണ്ടായില്ല.

ബര്‍മ്മയെ ലോകം അറിയുന്നത് ആങ് സാങ് സൂചിയുടെ നാടായാണ്. പട്ടാള ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി നീണ്ട 15 വര്‍ഷക്കാലം ജയില്‍വാസം അനുഭവിച്ച നേതാവാണ് സൂചി. 1991ല്‍ സമാധാനത്തിനുളള നൊബേല്‍ സമ്മാനം നേടി. 2015ല്‍ നടന്ന പാര്‍ലമെന്‍റെ് തെരഞ്ഞെടുപ്പില്‍ സൂചിയുടെ നേതൃത്വത്തിലുളള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി അധികാരത്തില്‍ വന്നു. ഭരണ ഘടന അനുസരിച്ച് സൂചിക്ക് പ്രസിഡന്‍റ് ആകാന്‍ ആവില്ല. വിന്‍ മൈന്‍റെിനെ പ്രസിഡന്‍റെ് കസേരയില്‍ ഇരുത്തി സൂചി തന്നെയാണ് ഇപ്പോള്‍ ഭരിക്കുന്നത്. രോഹിങ്ക്യകള്‍ കൂട്ടക്കൊലചെയ്യപ്പെട്ടപ്പോള്‍, ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍, അവരുടെ വീടുകള്‍ കത്തിച്ച് ചാരമാക്കിയപ്പോള്‍, സ്വന്തം മണ്ണില്‍ നിന്ന് അവരെ ആട്ടിയോടിച്ചപ്പോള്‍ സമാധാനത്തിന്‍റെ ഈമാടപ്രാവ് അനങ്ങിയില്ല.സൂചിയെന്ന ഫ്യൂഡല്‍ രാജ്ഞി വംശഹത്യയ്ക്ക് മൗനാനുവാദം നല്കി

അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ 7 ലക്ഷം രോഹിങ്ക്യകളാണ് ബര്‍മ്മയില്‍ നിന്ന് പലായനം ചെയ്തത്. തീരം തേടി കടലിലൂടെ അലഞ്ഞ അവരില്‍ പലരേയും ആദ്യമൊന്നും ആരും സ്വീകരിച്ചില്ല.ഈ യാത്രക്കിടയില്‍ പലരും വിശന്ന് മരിച്ചു.വിശപ്പും ദാഹവും താങ്ങാനാകാതെ പലരും കടലില്‍ ചാടി ആത്മഹത്യചെയ്തു.ചിലര്‍ മൂത്രം കുടിച്ച് ദാഹം മാറ്റി. ബംഗ്ലാദേശിലായാലും തായ് ലന്‍റെിലായാലും ഇന്തോനേഷ്യയിലായാലും ഇന്ത്യയിലായാലും രോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മു‍ഴങ്ങുന്നത് വിശന്നുവലഞ്ഞതോ രോഗം ബാധിച്ചതോ ആയ ഒരു കുഞ്ഞിന്‍റെ തേങ്ങലാണ്.

ഈ മുറിക്ക് അപ്പുറത്തേക്ക് വിദ്യാഭ്യാസമില്ല
——————————————————

രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് അനൗപചാരിക വിദ്യാഭ്യാസം നല്കുന്നതിനായുളള ചെറിയ വിദ്യാഭ്യാസ സ്ഥാപനം ചേരിയുടെ സമീപത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ഏബിള്‍ ചാരിറ്റീസ് എന്ന സ്ഥാപനം സാമൂഹ്യസേവന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നടത്തുന്ന സ്ഥാപനമാണിത്. ഇവിടുത്തെ സൗകര്യങ്ങള്‍ വളരെ പരിമിതമാണ്. എങ്കിലും അഭയാര്‍ത്ഥികളായ കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ഇവിടെ ചിറക് മുളയ്ക്കുന്നു. സംഘര്‍ഷങ്ങളുടെ ഇരകളായതിനാലാകാം ആണ്‍കുട്ടികളിലെ മിക്കവര്‍ക്കും പൊലീസോ പട്ടാളക്കാരനോ ആവാനാണ് ആഗ്രഹം.പെണ്‍കുട്ടികള്‍ക്കിഷ്ടം അധ്യാപികയാവാനാണ്.

അധ്യാപികയായ അന്നപൂര്‍ണ്ണ ലക്ഷ്യവും പരിമിതിയും പറഞ്ഞു;

“വിദ്യാഭ്യാസം ലഭിക്കാത്ത അലഞ്ഞ് തിരിയുന്ന കുട്ടികളെ അക്ഷരം പഠിപ്പിക്കുകയാണ് ലക്ഷ്യം. പേര്,അച്ഛന്‍റേയും അമ്മയുടേയും പേര് ,ഗ്രാമത്തിന്‍റെ പേര് എന്നിവയെല്ലാം എ‍ഴുതാന്‍ പഠിപ്പിക്കുന്നു. രാവിലേയും ഉച്ചക്കും ഭക്ഷണം നല്കും”.


(രോഹിങ്ക്യന്‍ കുട്ടികളുടെ വിദ്യാഭ്യാസം ഇവിടെ തുടങ്ങി ഇവിടെ അവസാനിക്കുന്നു)

എപ്പോള്‍ വേണമെങ്കിലും ഈ നാട്ടില്‍ നിന്ന് മടങ്ങേണ്ട വരാണിവര്‍. ഇവരുടെ വിദ്യാഭ്യാസം മാത്രമല്ല. ജീവിതം തന്നെ ആശങ്കയിലാണ്. ഇംഗ്ളീഷിലേയും ഹിന്ദിയിലേയും ചിലവാക്കുകള്‍ പഠിക്കും. പാട്ടുകള്‍ പഠിക്കും.ഇടക്ക് കൂട്ടത്തോടെ നൃത്തം ചെയ്യും.എന്നാല്‍ അതിലും അപ്പുറത്തേക്ക് വളരാന്‍ ഈ മണ്ണില്‍ ഇവര്‍ക്കാവില്ല. അന്നപൂര്‍ണ്ണ ദു:ഖത്തോടെ പറഞ്ഞു

“പഠിക്കാന്‍ മിടുക്കരായ പലകുട്ടികളും ഉണ്ട്.  എന്നാല്‍ ഇവര്‍ക്ക് ഔദ്യോഗിക വിദ്യാലയങ്ങളിലൊന്നും പ്രവേശനം കിട്ടില്ല. കാരണം ഇവര്‍ രോഹിങ്ക്യകളാണ്”

മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ മാത്രം ആധാര്‍ വേണ്ട
——————————————————–

കുട്ടികളെക്കാള്‍ വലിയ ആഗ്രഹമാണ് അവരുടെ അച്ഛനമ്മാര്‍ക്ക്.എന്നാല്‍ അവര്‍ക്കാര്‍ക്കും ബര്‍മ്മയിലേയ്ക്ക് മടങ്ങാനാകില്ല. മുഹമ്മദ് അയൂബ് കാരണം വ്യക്തമാക്കുന്നു;

.”സംരക്ഷണം ലഭിച്ചാല്‍ ഗ്രാമത്തിലേയ്ക്ക് മടങ്ങി പോകും. തിരിച്ച് പോകാനുളള അന്തരീക്ഷം ഉണ്ടായിരുന്നു.എന്നാല്‍ രണ്ട് ദിവസം മുമ്പ് ബര്‍മ്മയിലെ എന്‍റെ ഗ്രാമത്തിലെ രണ്ട് വീടുകള്‍ കത്തിച്ചു. രാത്രി 2 മണിക്കാണ് അക്രമം നടന്നത്. ഈ സാഹചര്യത്തില്‍ എങ്ങനെ മടങ്ങിപ്പോകും?”

ബഷീര്‍ അഹമ്മദ് എന്ന രോഹിങ്ക്യന്‍ പിതാവിന് ഒരു വലിയ ആഗ്രഹം ഉണ്ട്;”മകനെ ഡോക്ടറാക്കണം”. ആധാറോ റേഷന്‍ കാര്‍ഡോ ജനന സര്‍ട്ടിഫിക്കറ്റോ ഒന്നുമില്ലാത്ത മകന് ദില്ലിയിലെ സ്കൂളുകളില്‍ പ്രവേശനം കിട്ടില്ല.നാളെ ബര്‍മ്മയിലേയ്ക്ക് മടങ്ങിപ്പോയാലും പഠിപ്പിക്കാന്‍ പണം വേണം. ദില്ലിയില്‍ നല്ല വേതനം ലഭിക്കുന്ന എന്തെങ്കിലും തൊ‍ഴിലെടുക്കണം.അതിനും സാധിക്കുന്നില്ലെന്നതാണ്

ബഷീര്‍ അഹമ്മദിന്‍റെ പരിദേവനം “റിക്ഷക്കാരനാകാനും ഹോട്ടലില്‍ പാത്രം ക‍ഴുകാനും ഇവിടെ ആധാര്‍ചോദിക്കുന്നു.രോഹിങ്ക്യനാണെന്ന് അറിഞ്ഞാല്‍ ആരും തൊ‍ഴില്‍ തരില്ല”


( മാലിന്യം പടര്‍ന്ന ബാല്യകാലം)

എന്നാല്‍ ആധാര്‍ ആവശ്യമില്ലാത്ത ഒരു തൊ‍ഴിലുണ്ട്.  നഗരമാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ജോലി. ആ പണി ഏറ്റവും കുറഞ്ഞ കൂലിക്ക് ചെയ്ത് കൊടുക്കാന്‍ ഇവരെയൊന്നും അല്ലാതെ ആരെയും കിട്ടില്ല. മാലിന്യങ്ങള്‍ ശേഖരിക്കാനും വേര്‍തിരിക്കാനും കരാര്‍ എടുത്തിരിക്കുന്ന വ്യക്തിയാണ് ഇവര്‍ക്കിവിടെ ജീവിക്കാനും തൊ‍ഴിലെടുക്കാനും അഭയം നല്കിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ ഇവരെ തളച്ചിട്ടിരിക്കുന്നു

പ്രതീക്ഷ യു എന്‍ ഇടപെടലില്‍
——————————————-
ലോകത്ത് ഏറ്റവുമധികം മനുഷ്യാവകാശലംഘനങ്ങള്‍ നേരിടുന്ന അഭയാര്‍ത്ഥികളാണ് ഇന്ന് രോഹിങ്ക്യകള്‍. ആഗോളതലത്തില്‍ ഇന്ന് ബര്‍മ്മക്കതിരെ ഉയരുന്ന പ്രതിഷേധത്തെ തുടര്‍ന്ന് എെക്യരാഷ്ട്ര സംഘടന ഇടപെടാന്‍ നിര്‍ബന്ധിതരാകുമെന്ന പ്രതീക്ഷയാണ് രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കുളളത്. സംഘര്‍ഷ സ്ഥലങ്ങളില്‍ യു എന്‍ സമാധാന സേനയെ വിന്യസിച്ചാല്‍ ഇവര്‍ക്ക് സ്വന്തം ബര്‍മ്മയിലേയ്ക്ക് മടങ്ങാം.


(ലക്ഷ്യമില്ലാത്ത യാത്ര)

സംഘര്‍ഷങ്ങളില്‍ കുട്ടികള്‍ അഭയാര്‍ത്ഥികളാവുന്നത് ഒരു സാര്‍വ്വദേശീയ പ്രശ്നമാണ്.  പലായനം ചെയ്യുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 1989ല്‍ എെക്യരാഷ്ട്ര സംഘടന കണ്‍വെഷന്‍ ഓഫ് ചൈള്‍ഡ് റൈറ്റ്സ് ആക്റ്റ് അംഗീകരിച്ചു. 1992ല്‍ ഈ അന്താരാഷ്ട്ര നിയമം ഇന്ത്യ അംഗീകരിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഈ കുട്ടികള്‍ക്ക് മാന്യമായ ജീവിതം നല്കാന്‍ ഇന്ത്യക്ക് ഉത്തരവാദിത്വമുണ്ട്.ബര്‍മ്മയിലേയ്ക്ക് മടങ്ങുന്നതുവരെ ഈച്ച പൊതിയാത്ത ഒരു ജീവിതം ഇവര്‍ക്കുണ്ടാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News