ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നോര്‍വെക്കാരന്‍ മാഗ്‌നസ് കാള്‍സണ്‍ നിലനിര്‍ത്തി.

ടൈബ്രേക്കറില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ കാള്‍സണ്‍ തോല്‍പ്പിച്ചു. ഇരുപത്തേഴുകാരനായ കാള്‍സന്റെ മൂന്നാം ലോക കിരീടമാണിത്. 2013ല്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ച് ചാമ്പ്യനായ കാള്‍സണ്‍ പിന്നീട് ചെസ് ലോകം വാഴുകയായിരുന്നു.

ടൈബ്രേക്കറില്‍ കരുവാനയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. നാല് ഗെയിമായിരുന്നു ടൈബ്രേക്കില്‍. ആദ്യ മൂന്നിലും കാള്‍സണ്‍ ജയിച്ചു. 12 ഗെയിമുകളും സമനിലയായതോടെയാണ് ടൈബ്രേക്കറിലേക്ക് ചാമ്പ്യന്‍ഷിപ് നീങ്ങിയത്.

132 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 12 ഗെയിമുകളും സമനിലയില്‍ അവസാനിച്ചത്. ടൈബ്രേക്കറില്‍ കരുവാനയെ കാള്‍സണ്‍ നിഷ്പ്രഭനാക്കി.ആദ്യമായാണ് ഒന്നാം റാങ്കുകാരനും രണ്ടാം റാങ്കുകാരനും തമ്മില്‍ ഏറ്റുമുട്ടുന്നത്.