”ഞങ്ങളുടെ പൂര്‍വ്വികരുടെ ആരാധനാലയത്തില്‍ രാഹുല്‍ ഈശ്വറിന് എന്ത് കാര്യം? തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ തീരുമാനിച്ച് തരേണ്ട”; ഒരു മാസ് മറുപടി

തിരുവനന്തപുരം: ശബരിമലയെ ചൊല്ലിയുള്ള അവകാശത്തര്‍ക്കങ്ങളും വാഗ്‌വാദങ്ങളും മുറുകുന്നതിനിടെയാണ് രാഹുല്‍ ഈശ്വറിനെതിരെ ഐക്യമലയരയ മഹാസഭ നേതാവ് പികെ സജീവ് രംഗത്തെത്തിയത്.

ശബരിമല മലയരയ ക്ഷേത്രമാണെന്ന അവകാശ വാദം തെറ്റാണെന്ന രാഹുല്‍ ഈശ്വറിന്റെ വാദത്തിനെതിരെയാണ് പികെ സജീവ് തിരിച്ചടിച്ചത്.

എന്നാല്‍ തങ്ങളുടെ പൂര്‍വ്വികരുടെ ആരാധനാലയത്തില്‍ രാഹുല്‍ ഈശ്വറിന് എന്താണ് കാര്യമെന്നും ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ തീരുമാനിച്ച് തരേണ്ടെന്നുമായിരുന്നു പികെ സജീവിന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പികെ സജീവിന്റെ മറുപടി.

മകരവിളക്കും പിടിച്ച് അകലെ നില്‍ക്കേണ്ടവരല്ല മലയരയരടക്കമുള്ള ദ്രാവിഡ ജനത. അവര്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും. വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കേണ്ടെന്നും സജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് തിരികെ ലഭിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മലയരയ മഹാസഭ വ്യക്തമാക്കിയിരുന്നു.

അയ്യപ്പന്‍ മലയരനായിരുന്നുവെന്നും അയ്യപ്പന്റെ സമാധിസ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്നുമാണ് മലയരയ സമുദായം പറയുന്നത്. ശബരിമലയിലെ മലയരയരുടെ അവകാശം സംബന്ധിച്ച് നിരവധി തെളിവുകള്‍ സജീവമടക്കമുള്ളവര്‍ കൊണ്ടുവരികയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News