പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി; ആത്യാധുനിക സംവിധാനങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളെ തോല്‍പ്പിക്കും വിധത്തില്‍ ആത്യധുനിക സംവിധാനങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഏഴുനിലകളിലായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ നൂതനമായ എല്ലാ ചികില്‍സാ സൗകര്യങ്ങളും ഉണ്ട്. 146 തീവ്രപരിചരണ കിടക്കകള്‍ അടക്കമുളള സൗകര്യങ്ങളുള്ള ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ മുഖശ്രീ മാറ്റും വിധത്തിലുളളതാണ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്. ദക്ഷിണേന്ത്യയിലെ തന്നെ ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടിക്കത്തക്ക വിധത്തിലുളള അത്യന്താധുനിക സൗകര്യങ്ങളാണ് ഏഴ് നിലയുളള പുതിയ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്.

കാര്‍ഡിയോളജി, കാര്‍ഡിയോ തെറാസിക് സര്‍ജറി, പോളിട്രോമ തുടങ്ങി വിവിധ ചികിത്സാവിഭാഗങ്ങളാണ് ഓരോ നിലയിലും പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയുളള 146 തീവ്രപരിചരണ കിടക്കകള്‍ ഓപ്പറേഷന്‍ തിയറ്റര്‍, ഓക്സിജന്‍ പ്ലാന്റ്, മള്‍ട്ടി ഡിസിപ്ലിനറി ഐസിയു എന്നിവയും മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഭാഗമാണ് ക്രമീകരിച്ചിട്ടുണ്ട്.

വയോജനങ്ങളുടെ ചികിത്സക്കായി ജീറിയാട്രിക് വിഭാഗവും ആരംഭിച്ചിട്ടുണ്ട്. അടുത്ത 25 വര്‍ഷത്തെ വികസന സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് 717 കോടി രൂപയുടെ വികസനപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു

ലോകോത്തര നിലവാരത്തിലുളള ഏറ്റവും നൂതനമായ സംവിധാനങ്ങളും ഉപകരണങ്ങളും ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്സുമാണ് മെഡിക്കല്‍ കോളേജില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. സമ്പൂര്‍ണ ട്രോമാ കെയര്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. സംസ്ഥാനത്ത് ആദ്യമായി റീ-പ്രൊഡക്റ്റീവ് മെഡിസിന്‍ വിഭാഗം എസ്എടിയില്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിനായി അഞ്ഞൂറെണ്ണം പുതിയ തസ്തികകളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേയര്‍ വി.കെ. പ്രശാന്ത്, ഡോ. എ. റംല ബീവി, പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു ആശുപത്രി സൂപ്രണ്ടുമാരായ ഡോ. എം.എസ്. ഷര്‍മ്മദ്, ഡോ. എ. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here