ശബരിമലയില്‍ രണ്ടാം ഘട്ട സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥർ ചുമതലയേറ്റു

ശബരിമലയില്‍ രണ്ടാം ഘട്ട സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥർ ചുമതലയേറ്റു. നിലയ്ക്കലിൽ യതീഷ് ചന്ദ്രക്ക് പകരം സുരക്ഷാ ചുമതല എച്ച്.

മഞ്ജുനാഥിന് നല്‍കി. അതേ സമയം, ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന പോലീസ് റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറി.

യുവതി പ്രവേശനത്തിൽ സുപ്രീം കോടതി വിധി വന്ന ശേഷം മണ്ഡലകാല സുരക്ഷക്കായി കഴിഞ്ഞ 15 മുതലാണ് വിവിധ പോലീസ് ഉദ്യോഗസ്ഥരെ ശബരിമലയിലും പരിസര പ്രദേശങ്ങളിലും വിന്യസിച്ചത്.

ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഇന്ന് അവസാനിക്കുന്നതോടെ പുതിയ പോലീസുകാരാണ് ഇനി ചുമതലയിൽ ഉണ്ടാകുക.

നിലയ്ക്കലിൽ യതീഷ് ചന്ദ്രക്ക് പകരം എച്ച് മഞ്ജുനാഥിനും സന്നിധാനത്ത് പ്രതീഷ് കുമാറിന് പകരം കറുപ്പസാമി ഐപിഎസിനുമാണ് ചുമതല.

പമ്പയിൽ കാളിരാജ് മഹേഷ്കുമാറിനാണ് ചുമതല നൽകിയിരിക്കുന്നത്. ഐജി ദിനേന്ദ്ര കശ്യപിനാണ് സന്നിധാനം മുതൽ മരക്കൂട്ടം വരെയുള്ള സുരക്ഷയുടെ ഏകീകരണ ചുമതല.

പമ്പ,നിലയ്ക്കല്‍ മേഖലയിലെ ചുമതല ഐജി അശോക് യാദവിനാണ്. 800 ഓളം പൊലീസിനെയാണ് നിലയ്ക്കലിൽ നിയോഗിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഉദ്യോഗസ്ഥർ ചുമതലയേറ്റു.

ഇതിനിടെ, സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ 144 തുടരണമെന്നാവിശ്യപ്പെട്ട്‌ ജില്ലാ ഭരണകൂടത്തിന് പോലീസ് റിപ്പോർട്ട് കൈമാറി.

ശബരിമലയിൽ പ്രതിഷേധങ്ങൾ പാടില്ലെന്നും നിരോധനാജ്ഞ തുടരാമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് പോലീസ് നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here