രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരേ വമ്പന്‍ ലീഡ് വ‍ഴങ്ങിയ കേരളം തിരിച്ചടിക്കുന്നു. ഇന്നിംഗ്സ് തോൽവി ഒ‍ഴിവാക്കിയ കേരളം മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് എന്ന നിലയിലാണ്.

ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണു വിനോദിന്‍റെയും സെഞ്ചുറിക്കരുത്തിലാണ് കേരളം കരകയറിയത്. കേരളത്തിനിപ്പോള്‍ 125 റണ്‍സിന്‍റെ ലീഡുണ്ട്.

സച്ചിന്‍ ബേബി 143 റണ്‍സെടുത്ത് പുറത്തായി. 155 റണ്‍സെടുത്ത വിഷ്ണു വിനോദും 30 റണ്‍സെടുത്ത ബേസില്‍ തമ്പിയുമാണ് ക്രീസില്‍.

നാല് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് എന്ന നിലയിൽ തുടങ്ങിയ കേരളത്തിന് 26 റണ്‍സെടുത്ത വി എ ജഗദീഷ്,19 റണ്‍സെടുത്ത സഞ്ജു സാംസണ്‍ (19), ഒരു റണ്ണെടുത്ത കെ സി അക്ഷയ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്.

സീസണിലെ രണ്ടാം സെഞ്ചുറിയാണ് നായകൻ സച്ചിന്‍റേത്. 14 ഫോറുകളും മൂന്ന് സിക്സറുകളും സച്ചിന്‍റെ ബാറ്റിൽ നിന്നും പിറന്നു.

സമ്മർദ്ദങ്ങളില്ലാതെ വേഗത്തിൽ സ്കോർ ചെയ്ത വിഷ്ണു 18 ഫോറുകളും ഒരു സിക്സും നേടി. ആദ്യ ഇന്നിംഗ്സിൽ കേരളം 63 റണ്‍സിന് ഓൾഔട്ടായിരുന്നു. മധ്യപ്രദേശ് ആദ്യ ഇന്നിംഗ്സിൽ 328 റണ്‍സ് നേടി.