ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ ഡിസംബര്‍ നാലുവരെ നീട്ടി

ശബരിമല: നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ ദീര്‍ഘിപ്പിച്ച് ജില്ലാ മജിസ്ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.

ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

പമ്പാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

ശബരിമല തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ തടസമില്ലെന്നും ഉത്തരവില്‍ പറയുന്നു.

ജില്ലാ പോലീസ് മേധാവിയുടെയും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ട വിശേഷ സമയത്തും മണ്ഡല മകരവിളക്കിനായി നട തുറന്നതു മുതലുള്ള പ്രതിഷേധങ്ങളുടെയും സംഘര്‍ഷ സാധ്യത നേരില്‍ ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News