ചെങ്ങന്നൂര്‍: തനിക്ക് നേരെ ഉയര്‍ന്ന ബിജെപി പ്രതിഷേധത്തെ പതിവു ശൈലിയില്‍ തന്നെ നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ പ്രളയബാധിതര്‍ക്കായുള്ള കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെയാണ് സംഭവം.

മുഖ്യമന്ത്രി വേദിയില്‍ നിന്ന് എഴുന്നേറ്റ് സംസാരം തുടങ്ങിയ ഉടനെയായിരുന്നു സ്വാമി ശരണം, അയ്യപ്പശരണം എന്ന് വിളിച്ച് ബിജെപിക്കാര്‍ പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ ശരണം വിളി താന്‍ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പ്രസംഗം തുടങ്ങുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”ഇതിപ്പോള്‍ സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണ്. ഇക്കാലത്ത് എല്ലാവരും ശരണം വിളിക്കുന്നതല്ലേ.? ഇന്നലത്തെ യോഗത്തിലേക്ക് 190 പേരെ വിളിച്ചതില്‍ 170 പേരും പരിപാടിക്ക് എത്തിയിരുന്നു. അവരില്‍ പലരും സ്വാമി ശരണം എന്ന് പറഞ്ഞു കൊണ്ടാണ് സംസാരം തുടങ്ങിയത്. ഇപ്പോള്‍ അതല്ല, നമ്മുടെ വിഷയം.”- ഇത്രയും പറഞ്ഞ ശേഷം മുഖ്യമന്ത്രി പ്രസംഗത്തിലേക്ക് കടക്കുകയായിരുന്നു.

പ്രതിഷേധക്കാരായ സ്ത്രീകളടക്കമുള്ള ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.