സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളീയസമൂഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനാധിപത്യപരമായ ഒരു സമൂഹമായി വികസിച്ചതിനുപിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തമുണ്ട്. അത്തരം പ്രസ്ഥാനങ്ങളുടെ വര്‍ത്തമാനകാല അമരക്കാരാണ് നിങ്ങള്‍.

ആ നിലയില്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച നവോത്ഥാനമൂല്യങ്ങളെ വര്‍ത്തമാനകാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നു. അത് ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ നിലയിലാണ് ഇത്തരമൊരു കൂടിച്ചേരല്‍ വിളിച്ചുചേര്‍ക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമായത്.

ജന്മിത്ത്വത്തിനെതിരായ ചെറുത്തുനില്‍പ്പുകള്‍
കേരളത്തില്‍ നിലനിന്ന ഫ്യൂഡലിസം ജാതിജന്മിനാടുവാഴിത്ത വ്യവസ്ഥ എന്നനിലയിലാണ് ഉണ്ടായിരുന്നത്. ജന്മി സമ്പ്രദായം വിവിധ തരത്തില്‍ ജനങ്ങളുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കിയിരുന്നു. സ്വാഭാവികമായും അതിനെതിരായി വ്യത്യസ്ത തലത്തിലുള്ള ചെറുത്തുനില്‍പ്പുകള്‍ രൂപപ്പെടാന്‍ തുടങ്ങി. വ്യക്തികളും അവരുടെ ചെറിയ കൂട്ടായ്മകളും സംഘടിപ്പിച്ച ചെറുത്തുനില്‍പ്പായിരുന്നു ആദ്യഘട്ടത്തില്‍ രൂപപ്പെട്ടുവന്നത്.

അയ്യാ വൈകുണ്ഠന്‍ നവോത്ഥാനത്തിന്റെ ആദ്യകിരണം
ഹിന്ദു ജനവിഭാഗത്തിനിടയില്‍ ജാതീയമായ അടിച്ചമര്‍ത്തലുകളെയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരായുള്ള സമരമായാണ് അത് വളര്‍ന്നുവന്നത്. നവോത്ഥാന പ്രസ്ഥാനത്തിന്റെ നാമ്പുകള്‍ ഇവിടെ വച്ചാണ് മുളച്ചുവരുന്നത്. തെക്കന്‍ കേരളത്തില്‍ അയ്യാ വൈകുണ്ഠന്‍ നടത്തിയ ഇടപെടല്‍ ഇത്തരത്തിലുള്ള ഒന്നായിരുന്നു. മേല്‍മുണ്ട് ധരിക്കുക എന്നത് ജന്മാവകാശമാണെന്ന് പ്രസ്താവിച്ചുകൊണ്ട് അത് വിലക്കുന്ന വ്യവസ്ഥയ്‌ക്കെതിരായി പ്രക്ഷോഭം സംഘടിപ്പിക്കുകയും കരം കൊടുക്കുന്നവരെ ശക്തമായി അപലപിക്കുകയും ചെയ്തു. ജയിലിനകത്ത് കിടക്കേണ്ട സാഹചര്യം പോലും അവര്‍ക്കുണ്ടായി.

ആറാട്ടുപുഴ വേലായുധ പണിക്കര്‍ രക്തസാക്ഷിയായ നവോത്ഥാന നായകന്‍
ആറാട്ടുപുഴ വേലായുധ പണിക്കരെപ്പോലെ അക്കാലത്ത് ഉയര്‍ന്നുവന്നവര്‍ക്കാകട്ടെ നവോത്ഥാനപരമായ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ചതിന്റെ പേരില്‍ സ്വന്തം ജീവിതംതന്നെ സമര്‍പ്പിക്കേണ്ടിവന്നു. തന്റെ കുടുംബക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്തി. അച്ചിപ്പുടവ ധരിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ പോലുള്ളവ അദ്ദേഹം സംഘടിപ്പിച്ചു. നവോത്ഥാനപരമായ ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയെന്നത് ആദ്യകാലത്ത് ജീവന്‍പോലും നഷ്ടപ്പെടാവുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഇത്തരം ആദ്യകാല നവോത്ഥാന ഇടപെടലുകളെ ചരിത്രത്തില്‍ വേണ്ടപോലെ അടയാളപ്പെടുത്തിയിട്ടില്ല. ഇത്തരം പാരമ്പര്യങ്ങളെ പുതുതലമുറയ്ക്ക് മനസ്സിലാക്കാന്‍ പറ്റുന്നതരത്തില്‍ നമ്മുടെ പഠനപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ഇവ ഉള്‍ക്കൊള്ളിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കേരളത്തില്‍ നിലനിന്ന ഫ്യൂഡലിസം ജാതിജന്മിനാടുവാഴിത്ത വ്യവസ്ഥ എന്നനിലയിലാണ് ഉണ്ടായിരുന്നത്. ജന്മി സമ്പ്രദായം വിവിധ തരത്തില്‍ ജനങ്ങളുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കിയിരുന്നു. സ്വാഭാവികമായും അതിനെതിരായി വ്യത്യസ്ത തലത്തിലുള്ള
ചെറുത്തുനില്‍പ്പുകള്‍ രൂപപ്പെടാന്‍ തുടങ്ങി. വ്യക്തികളും അവരുടെ ചെറിയ കൂട്ടായ്മകളും സംഘടിപ്പിച്ച ചെറുത്തുനില്‍പ്പായിരുന്നു ആദ്യഘട്ടത്തില്‍ രൂപപ്പെട്ടുവന്നത്. ഹിന്ദു ജനവിഭാഗത്തിനിടയില്‍ ജാതീയമായ അടിച്ചമര്‍ത്തലുകളെയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരായുള്ള സമരമായാണ് അത് വളര്‍ന്നുവന്നത്. നവോത്ഥാന പ്രസ്ഥാനത്തിന്റെ നാമ്പുകള്‍ ഇവിടെ വച്ചാണ് മുളച്ചുവരുന്നത്

ചട്ടമ്പി സ്വാമികള്‍ ബ്രാഹ്മണമേധാവിത്വത്തിനെതിരെയുള്ള സമരം
പ്രാദേശികമായി ഉയര്‍ന്നുവന്ന ഇത്തരം നിരവധി ശ്രമങ്ങള്‍ നമ്മുടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ കാണാം. ചട്ടമ്പി സ്വാമികള്‍ നായര്‍ സമുദായത്തില്‍ നിലനിന്ന നിരവധി അനാചാരങ്ങള്‍ക്കെതിരെ പൊരുതിയിട്ടുണ്ട്. വിഗ്രഹ പ്രതിഷ്ഠയും വേദപഠനവും ക്ഷേത്രാരാധനയും ബ്രാഹ്മണരുടെ മാത്രം അവകാശമാണെന്ന കാഴ്ചപ്പാടുകളെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം രംഗപ്രവേശനം ചെയ്തു. സ്ത്രിപുരുഷ സമത്വത്തെ നവോത്ഥാനത്തിന്റെ ഒരു പ്രധാന പ്രശ്‌നമായി ഉന്നയിക്കുന്നതും ചട്ടമ്പിസ്വാമികളാണ്.

ശ്രീനാരായണ ഗുരു ഒരു മഹാപ്രസ്ഥാനം
എന്നാല്‍, നവോത്ഥാനപരമായ ആശയങ്ങള്‍ സംസ്ഥാനത്താകമാനം സ്വാധീനിക്കുന്ന ഒന്നായി മാറുന്നത്, ശ്രീനാരായണ ഗുരുവിന്റെ രംഗപ്രവേശത്തോടെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നവോത്ഥാന ആശയങ്ങള്‍ ഒരു മഹാപ്രസ്ഥാനമായി രൂപപ്പെടുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാത്രമല്ല, സിലോണിലേക്കുവരെ നേരിട്ടുചെന്ന് ഇടപെടുന്നരീതി അദ്ദേഹം വളര്‍ത്തിക്കൊണ്ടുവന്നു. ജാതീയമായ അവശതകള്‍ക്കെതിരായി പൊരുതുകയും എല്ലാ മതവും ഒന്നാണെന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടും ശ്രീനാരായണ ഗുരുവിന്റെ ഇടപെടല്‍ കേരളത്തെ ജനാധിപത്യവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനത്തിനു നല്‍കിയ സംഭാവന വളരെ വലുതാണ്. ജനങ്ങളാകമാനം ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളെ മറികടന്ന് ഒന്നായി നില്‍ക്കുകയെന്ന ആശയമാണ് ശ്രീനാരായണ ഗുരു പ്രചരിപ്പിച്ചത്.

അയ്യന്‍കാളി നവോത്ഥാനത്തെ സമരപോരാട്ടമാക്കി മാറ്റിയ പോരാളി
ശ്രീനാരായണ പ്രസ്ഥാനത്തിനുശേഷം അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ 1905ല്‍ രൂപപ്പെട്ടുവന്ന സാധുജനപരിപാലന സംഘവും പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ പ്രശ്‌നമുള്‍പ്പെടെ മുന്നോട്ടുവച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി വില്ലുവണ്ടിയില്‍ യാത്ര ചെയ്തും വസ്ത്രധാരണത്തില്‍ ഉണ്ടാക്കിയ നിയന്ത്രണങ്ങളെ എതിര്‍ത്തും അയ്യന്‍കാളി നടത്തിയ പ്രക്ഷോഭം ശ്രദ്ധേയമായ ഒന്നായിരുന്നു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ തലയുയര്‍ത്തിയ നാളുകള്‍
ഇക്കാലഘട്ടത്തില്‍ ജാതീയമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിച്ചുകൊണ്ട് അവരുടെ അവശതകള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുന്നുണ്ടായിരുന്നു. 1912ല്‍ കൊച്ചിയിലെ പുലയ വിഭാഗം വെണ്ടുരുത്തി കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതില്‍ സമ്മേളിച്ച് മുന്നോട്ടുവരുന്ന സ്ഥിതിയുണ്ടായി. കൃഷ്ണാദി ആശാനും കെ പി കറുപ്പനും ഈ മേഖലയില്‍ സജീവമായി ഇടപെട്ടു. 1910ല്‍ തന്നെ കെ പി കറുപ്പന്റെ ശ്രമഫലമായി വാല സമുദായ പരിഷ്‌കരണസഭ രൂപംകൊണ്ടു. പിന്നീട് ഇത്തരം സംഘടനകള്‍ രൂപീകരിക്കുന്നതിന് കെ പി കറുപ്പന്‍ നേതൃത്വം നല്‍കുകയും ചെയ്തു.

ആലപ്പുഴയിലെ നങ്ങേലിയെ നമുക്ക് ഓര്‍ക്കാതിരിക്കാനാവില്ല. മുലക്കരം പിരിക്കാനെത്തിയവര്‍ക്കു മുമ്പില്‍ ഇല വിരിച്ച് മാറിടം ഛേദിച്ചുനല്‍കുകയായിരുന്നു അവര്‍. സ്വാഭാവികമായും രക്തം വാര്‍ന്ന് അവര്‍ മരിച്ചു. ഭാര്യയുടെ ചിതയില്‍ ഭര്‍ത്താവ് കണ്ടനും എരിഞ്ഞൊടുങ്ങി. ഇങ്ങനെ എന്തെല്ലാം അധ്യായങ്ങള്‍ പിന്നിട്ടാണ് നാം ഇവിടെ എത്തിയിട്ടുള്ളത്

സഹോദരന്‍ അയ്യപ്പന്‍ വികസിപ്പിച്ച ധാര
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്‍മാരില്‍ പ്രധാനിയാണ് സഹോദരന്‍ അയ്യപ്പന്‍. ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച പാതയിലൂടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു. സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട സഹോദര പ്രസ്ഥാനം മിശ്രഭോജനം ഉള്‍പ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ടുവന്നു. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്. എന്ന കാഴ്ചപ്പാടുവരെ മുന്നോട്ടുവയ്ക്കുകയുണ്ടായി. സോഷ്യലിസ്റ്റ് ആശയങ്ങളെ പരിചയപ്പെടുത്താന്‍ ശ്രമിച്ച നവോത്ഥാന നായകനെന്ന സവിശേഷതയും ഇദ്ദേഹത്തിനുണ്ട്. നവോത്ഥാന മുന്നേറ്റത്തില്‍ സംഭാവന ചെയ്ത വാഗ്ഭടാനന്ദന്‍, പണ്ഡിറ്റ് കറുപ്പന്‍, ആനന്ദതീര്‍ഥന്‍, ബ്രഹ്മാനന്ദ ശിവയോഗി, വേലുക്കുട്ടി അരയന്‍ തുടങ്ങിയ നിരവധിപേരുണ്ട്. അത്തരം ആളുകളെ ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.

ആലപ്പുഴയിലെ നങ്ങേലിയെ നമുക്ക് ഓര്‍ക്കാതിരിക്കാനാവില്ല. മുലക്കരം പിരിക്കാനെത്തിയവര്‍ക്കു മുമ്പില്‍ ഇല വിരിച്ച് മാറിടം ഛേദിച്ചുനല്‍കുകയായിരുന്നു അവര്‍. സ്വാഭാവികമായും രക്തം വാര്‍ന്ന് അവര്‍ മരിച്ചു. ഭാര്യയുടെ ചിതയില്‍ ഭര്‍ത്താവ് കണ്ടനും എരിഞ്ഞൊടുങ്ങി. ഇങ്ങനെ എന്തെല്ലാം അധ്യായങ്ങള്‍ പിന്നിട്ടാണ് നാം ഇവിടെ എത്തിയിട്ടുള്ളത്.

ഉത്തരേന്ത്യന്‍ നവോത്ഥാനവും നമ്മുടെ നവോത്ഥാനവും തമ്മിലുള്ള വ്യത്യാസം
ഇതെല്ലാം കാണിക്കുന്നത് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടുവരുന്നത് അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്നായിരുന്നുവെന്നതാണ്. പിന്നീട് അത് മറ്റു വിഭാഗങ്ങളിലേക്ക് വരികയായിരുന്നു. ഉത്തരേന്ത്യന്‍ നവോത്ഥാന പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇതാണ്. അവിടെ സവര്‍ണവിഭാഗങ്ങളില്‍നിന്നാണ് അവ ആരംഭിച്ചതും മുന്നോട്ടുപോയതും.

1907ല്‍ നമ്പൂതിരിമാരുടെ യോഗക്ഷേമസഭ രൂപീകൃതമായി. കീഴാള വിഭാഗത്തില്‍നിന്ന് രൂപപ്പെട്ടുവന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാതിക്കെതിരെയും അതുമായി ബന്ധപ്പെട്ട അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെയാണ് ശബ്ദിച്ചതെങ്കില്‍ അതില്‍നിന്ന് വ്യത്യസ്തമായി നമ്പൂതിരി വിഭാഗത്തിനകത്തെ തെറ്റായ ജീവിതക്രമങ്ങള്‍ക്കെതിരായിരുന്നു യോഗക്ഷേമസഭ പ്രവര്‍ത്തിച്ചത്

സവര്‍ണ വിഭാഗങ്ങളിലും നവോത്ഥാനം
സവര്‍ണ വിഭാഗങ്ങള്‍ക്കിടയിലും ഇത്തരം ആശയഗതികള്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. 1907ല്‍ നമ്പൂതിരിമാരുടെ യോഗക്ഷേമസഭ രൂപീകൃതമായി. കീഴാള വിഭാഗത്തില്‍നിന്ന് രൂപപ്പെട്ടുവന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാതിക്കെതിരെയും അതുമായി ബന്ധപ്പെട്ട അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെയാണ് ശബ്ദിച്ചതെങ്കില്‍ അതില്‍നിന്ന് വ്യത്യസ്തമായി നമ്പൂതിരി വിഭാഗത്തിനകത്തെ തെറ്റായ ജീവിതക്രമങ്ങള്‍ക്കെതിരായിരുന്നു യോഗക്ഷേമസഭ പ്രവര്‍ത്തിച്ചത്. കൂട്ടുകുടുംബവ്യവസ്ഥ അവസാനിപ്പിച്ച് കുടുംബഭാഗം അനുവദിക്കുക, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് നമ്പൂതിരി യുവാക്കളെ ആകര്‍ഷിക്കുക തുടങ്ങിയവയായിരുന്നു അവര്‍ മുന്നോട്ടുവച്ചത്.
ഇതിനകത്ത് രൂപംകൊണ്ട ഉണ്ണി നമ്പൂതിരി പ്രസ്ഥാനം കുറെക്കൂടി പുരോഗമനപരമായ കാഴ്ചപ്പാടുകളും മുന്നോട്ടുവച്ചു. വിധവാ വിവാഹം അനുവദിക്കുക, ഘോഷ ബഹിഷ്‌കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളും മുന്നോട്ടുവരികയുണ്ടായി.

നായര്‍ വിഭാഗങ്ങള്‍ക്കിടയിലെ നവോത്ഥാന മുന്നേറ്റം
നായര്‍ വിഭാഗത്തിനിടയില്‍ ഉയര്‍ന്നുവന്ന സമരങ്ങള്‍ പലതും നമ്പൂതിരിമാരുടെ ആധിപത്യങ്ങള്‍ക്കെതിരായുള്ള ഇടപെടലായിരുന്നു. നായര്‍ സ്ത്രീകളില്‍ ബ്രാഹ്മണര്‍ക്ക് കുട്ടികളുണ്ടാകുമ്പോള്‍ അച്ഛന് മകനെ തൊടാനോ, മകന് അച്ഛനെ തൊടാനോ ഉള്ള അവകാശം ഉണ്ടായിരുന്നില്ല. ഇത്തരം അനീതികള്‍ക്കെതിരായാണ് മന്നത്ത് പത്മനാഭനെപ്പോലെയുള്ളവര്‍ അക്കാലത്തെ പുരോഗമന ചിന്താഗതി മുറുകെപ്പിടിച്ചുകൊണ്ടുള്ള പോരാട്ടം നടത്തിയത്. ബ്രാഹ്മണ്യത്തിന്റെ ഇത്തരം രീതികളില്‍നിന്ന് മോചനം നേടുക, വിവാഹ സമ്പ്രദായം പരിഷ്‌കരിക്കുക, ഒരാളുടെ സ്വത്തില്‍ അയാളുടെ ഭാര്യക്കും അവകാശം ഉന്നയിക്കുക, വിവാഹം നിയമാനുസൃതമാക്കുക തുടങ്ങിയവ അതിന്റെ ഭാഗമായിരുന്നു.

മതനിരപേക്ഷതയുടെ അടിത്തറ
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും പരിഷ്‌കരണപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അതേസമയം, എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു രീതി കേരളത്തില്‍ ആദ്യഘട്ടങ്ങളിലേ ഉണ്ടായിരുന്നു. തരിശാപ്പള്ളി ചെപ്പേടും ജൂത ശാസനവുമെല്ലാം അക്കാലത്തെ മതസൗഹാര്‍ദത്തിന്റെയും വിദേശ രാജ്യങ്ങളുമായുള്ള നമ്മുടെ അടുപ്പത്തിന്റെയും സൂചനയായി നിലകൊള്ളുന്നു. കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളുമായി പലതരത്തിലുള്ള വിനിമയ ബന്ധങ്ങളുണ്ടായിരുന്നു. ഇത്തരം കച്ചവടബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന പരസ്പര വിനിമയവും അതിലൂടെ രൂപപ്പെട്ട അടുപ്പവും മതസൗഹാര്‍ദപരമായ അന്തരീക്ഷം നമ്മുടെ നാട്ടില്‍ രൂപപ്പെടുത്തുന്നതിനിടയാക്കി.

പരമ്പരാഗതമായി ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്കകത്ത് ഉത്തരേന്ത്യയില്‍ നിലനിന്നതുപോലുള്ള വൈശ്യവിഭാഗങ്ങള്‍ കേരളത്തില്‍ ഏറെയുണ്ടായിരുന്നില്ല. മതന്യൂനപക്ഷ വിഭാഗങ്ങള്‍ ഇത്തരമൊരു കടമ നിര്‍വഹിച്ചുകൊണ്ട് സമൂഹത്തില്‍ പ്രവര്‍ത്തിച്ചുവെന്നതും നമ്മുടെ സവിശേഷതയായിരുന്നു. ഇങ്ങനെ മതനിരപേക്ഷവും നവോത്ഥാനപരവുമായ ഒരു പാരമ്പര്യത്തിന്റെ ഭാഗമായാണ് കേരളത്തിന്റെ വികാസം രൂപപ്പെട്ടുവരുന്നത്.

.