ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ചൊവ്വാഴ്ച സന്നിധാനത്ത് സന്ദര്‍ശനം നടത്തും

ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി മറ്റന്നാള്‍ സന്നിധാനത്ത് സന്ദര്‍ശനം നടത്തും. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്ന് സമിതി അധ്യക്ഷന്‍ ജസ്റ്റീസ് പി.ആര്‍.രാമന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുളളവര്‍ ആലുവയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് നിരീക്ഷണ സമിതി പ്രാധാന്യം നല്‍കുന്നതെന്ന് സമിതി അധ്യക്ഷന്‍ ജസ്റ്റീസ് പി.ആര്‍.രാമന്‍ പറഞ്ഞു.

നിരോധനാജ്ഞ പിന്‍വലിക്കുന്നതടക്കമുളള ക്രമസമാധാന കാര്യങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കിയ ശേഷമേ ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റീസ് പി.ആര്‍.രാമന്‍, ജസ്റ്റീസ് എസ്.സിരിജഗന്‍, എ.ഡി.ജി.പി.ഹേമചന്ദ്രന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ശബരിമലയില്‍ പോകുന്നതിന് മുന്നോടിയായി ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നത്.

യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍, ദേവസ്വം കമ്മീഷണര്‍ എന്‍ വാസു, ബോര്‍ഡംഗം ശങ്കര്‍ദാസ്, എക്‌സിക്യുട്ടീവ് എന്‍ജിനീയേഴ്‌സ് അടക്കമുളളവര്‍ പങ്കെടുത്തു. തിങ്കളാഴ്ച ശബരിമലയിലെത്തുന്ന സമിതിയംഗങ്ങള്‍ ചൊവ്വാഴ്ച സന്നിധാനത്ത് സന്ദര്‍ശനം നടത്തും.

നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവയെല്ലാം സന്ദര്‍ശിക്കും. എന്തെങ്കിലും പോരായ്മ കണ്ടെത്തിയാല്‍ തത്സമയം നിര്‍ദ്ദേശം നല്‍കാനുള്ള അധികാരവും നിരീക്ഷണ സമിതിയ്ക്ക് ഹൈക്കോടതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here